ബെംഗളൂരു: കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളുടെ കാറുകളെ പിന്തുടര്ന്ന് കൊള്ളയടിക്കുന്ന സംഘങ്ങള്‍ സജീവം. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ പെരിന്തല്‍മണ്ണ സ്വദേശികളെ കൊള്ളസംഘം പിന്തുടര്ന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു.
ഗുണ്ടല്‍പേട്ട്- കോയമ്ബത്തൂര്‍ ഹൈവേയില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ മുതുമല ടൈഗര്‍ റിസര്‍വില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അപകടം മനസ്സിലാക്കിയ മലയാളികള്‍ കാര്‍ വേഗത്തിലോടിച്ച് രക്ഷപ്പെടുകയായിരുന്നു.
നഗരത്തിലെ നിംഹാന്‍സ് ആശുപത്രിയില്‍നിന്ന് രോഗിയുമായി ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സ്കോര്‍പിയോ കാറില്‍ മൂന്നംഗ സംഘം പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചത്.
ഗുണ്ടല്‍പേട്ട്- കോയമ്ബത്തൂര്‍ ഹൈവേയിലെ ബന്ദിപ്പൂര്‍ ചെക്ക്പോസ്റ്റ് 8.50ഒടെ കടന്ന സംഘം പിന്നീട് തമിഴ്നാട് ചെക്ക്പോസ്റ്റും കടന്നു. ബന്ദിപ്പൂര്‍ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന തമിഴ്നാടിന്റ മുതുമല ടൈഗര്‍ റിസര്‍വിലേക്ക് കടന്ന് രണ്ടു കിലോമീറ്റര്‍ പിന്നിട്ടതോടെ വണ്‍വേ റോഡ് എത്തി.
ഈ ഭാഗത്ത് ചുവന്ന കാര്‍ ഹെഡ്ലൈറ്റിട്ട് റോഡരികില്‍ നിര്‍ത്തിയത് കണ്ടു. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ ഡ്രൈവറടക്കം അഞ്ചുപേരുണ്ടായിരുന്നു.
ഈ സംഘം അസമയത്ത് വനമേഖലയില്‍ വാഹനം നിര്‍ത്തിയതില്‍ അസ്വാഭാവികത തോന്നിയതായി മലയാളി യാത്രക്കാര്‍ വെളിപ്പെടുത്തി. ശേഷം ഒരു കിലോമീറ്ററോളം മുന്നോട്ട് യാത്ര ചെയ്ത് മറ്റൊരു വണ്‍വേ റോഡിലെത്തി.
വാഹനത്തിരക്കില്ലാത്തതിനാല്‍ ഈ റോഡില്‍ കയറാതെ നേരിട്ടുള്ള റോഡിലൂടെ മലയാളി സംഘം വാഹനമെടുത്തു.
വണ്‍വേ റോഡ് അവസാനിക്കുന്ന ഭാഗത്ത് ഡല്‍ഹി രജിസ്ട്രേഷനുള്ള ഇന്നോവ കാര്‍ നിര്‍ത്തിയിട്ടിരുന്നതായും പിന്നീട് തങ്ങളുടെ കാറിനെ പിന്തുടര്‍ന്ന സംഘം വാഹനം തടയാന്‍ ശ്രമം നടത്തിയതായും അവര്‍ പറഞ്ഞു. ഇതോടെ വേഗത്തില്‍ വാഹനം ഓടിച്ച് കൊള്ളസംഘത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് മലയാളി യാത്രക്കാര്‍ വെളിപ്പെടുത്തി.