ന്യൂഡൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന സമരത്തെ നേരിടാൻ തന്നെ തീരുമാനിച്ചിരിക്കെ, ശക്തമായി മുന്നോട്ട് പോകാനാണ് കർഷകരുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച രാജ്യവ്യാപകമായി വഴി തടയൽ സമരം പ്രഖ്യാപിച്ച് കർഷക സംഘടനകൾ. രാവിലെ 12 മുതൽ വൈകുന്നേരം മൂന്ന് വരെ വഴിതടയൽ സമരം നടത്തും. കർഷക സമര വേദികളിൽ പൊലീസ് നടപ്പാക്കുന്ന കർശന നിയന്ത്രണങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച രംഗത്ത് വന്നു.
ഇതിന്റെ ഭാഗമായാണ് ഈ മാസം ആറിന് രാജ്യവ്യാപകമായി വഴിതടയൽ സമരം പ്രഖ്യാപിച്ചത്. അതേസമയം ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവച്ചെന്ന് ആരോപിച്ച് 130 ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇന്റർനെറ്റ് റദ്ദാക്കിയതിനൊപ്പം പൊലീസ് നടപ്പാക്കിയ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് കർഷകർ ഉന്നയിച്ചത്.
ചർച്ച തുടരാൻ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി അടക്കം പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച് ഒദ്യോഗിക അറിയിപ്പ് കിട്ടിയില്ല. സർക്കാർ ഇക്കാര്യം അറിയിച്ചാൽ അതിന് മറുപടി നൽകും. നിയമങ്ങൾ നടപ്പാക്കുന്നത് സർക്കാരിന്റെ കാലാവധി തീരുന്നത് വരെ നിർത്തിവെക്കാൻ തയ്ചാറായാൽ സമരം താത്കാലികമായി അവസാനിപ്പിക്കണം എന്ന അഭിപ്രായം ഒരു വിഭാഗം സംഘടനകൾക്കുണ്ട്. ഇക്കാര്യം ഇവർ ചർച്ചയിൽ മുന്നോട്ട് വച്ചു.
ട്രാക്ടർ റാലിയിലെ സംഘർഷത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സംയുക്ത കിസാൻ മോർച്ചയുടേത് ഉൾപ്പെടെ ട്വിറ്റർ അക്കൗണ്ടുകൾ താൽകാലികമായി റദ്ദാക്കി. 130 ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ ട്വിറ്റർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 122 ആയി.