ബെംഗളൂരു: സോഫ്റ്റ്വേർ എൻജിനിയർമാരെ ഷെയർ ബ്രോക്കർമാരെണെന്ന വ്യജേന കബളിപ്പിച്ച് പണം തട്ടിയ മൂന്നുപേർ പിടിയിൽ.
കൊത്തന്നൂർ സ്വദേശി സ്റ്റീഫൻ ജോൺസ് ( 32), എൻ. ആർ. ഐ. ലേഔട്ട് സ്വദേശി രാഘവേന്ദ്ര (27), വിദ്യാരണ്യപുര സ്വദേശി മഞ്ജുനാഥ് (39) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് എട്ടുകോടിയോളം വിലമതിക്കുന്ന ആഡംബര വസ്തുക്കളും മൂന്നു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിയിൽ താമസക്കാരനായ ഐ.ടി. ജീവനക്കാരന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തിൽ ഒട്ടേറെപ്പേരെ സംഘം കബളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ഷെയർമാർക്കറ്റുകളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിച്ച് വൻ വരുമാനം നേടാമെണന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
നിക്ഷേപിക്കാനെന്ന പേരിൽ വാങ്ങുന്ന തുക ഇവർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 50,000 രൂപ മുതൽ ആറുലക്ഷം രൂപവരെയാണ് പലരിൽ നിന്നും സംഘം ഇതേരീതിയിൽ തട്ടിയെടുത്തത്.
പണം തിരികെ ലഭിക്കുമെന്ന് അറിയിച്ച കാലാവധി കഴിഞ്ഞിട്ടും ലഭിക്കാതായതോടെ അന്വേഷിച്ചവരോട് നിയമപരമായ തടസ്സം കൊണ്ടാണ് പണം നൽകാൻ കഴിയാത്തതെന്നാണ് ഇവർ അറിയിച്ചത്. പലകാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും പണം നൽകുന്നത് വൈകിപ്പിച്ചതോടെയാണ് ഐ.ടി. ജീവനക്കാരൻ പരാതി നൽകിയത്.
ഇവരുടെ തട്ടിപ്പിന് ഇരയായ മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് വെളിപ്പെടുത്തി.