ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിയും സി.ഡി വിവാദവും എല്ലാം നിലനില്‍ക്കെ മന്ത്രിസഭാ വികസനം മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പൂര്‍ത്തിയാക്കി.
ജെ.ഡി.എസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ ഏഴ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്.
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുളളിലുണ്ടായ കലഹം ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒരു സി.ഡിക്കാണിച്ച് മുഖ്യമന്ത്രിയെ ബ്ലാക് മെയില്‍ ചെയ്താണ് മന്ത്രിസ്ഥാനം നേടിയെടുത്തതെന്ന് ബി.ജെ.പി എം.എല്‍.എ ആരോപിച്ചിരുന്നു.
പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃം ഇടപെടണമെന്ന് ആവശ്യപ്പെട്ട് 15 വിമത എം.എല്‍.എമാര്‍ ഡല്‍ഹിക്ക് പോകാന്‍ ഒരുങ്ങുകയാണ്. മുതിര്‍ന്ന മന്ത്രിമാരെ ഒഴിവാക്കി, ചെറുപ്പക്കാര്‍ക്ക് ക്യാബിനെറ്റില്‍ ഇടം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
അടുത്ത 20 വര്‍ഷം പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ യുവാക്കള്‍ നിര്‍ണായകമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റല്‍ സെക്രട്ടറി ഉള്‍പ്പടെ പതിനഞ്ച് ബി.ജെ.പി എം.എല്‍.എമാര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലധികം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി നിന്നവരെ തഴഞ്ഞാണ് മന്ത്രിസഭാ വികസനം നടത്തിയതെന്ന് ബി.ജെ.പി വിമതപക്ഷം ആരോപിക്കുന്നു. ഈ രീതി തുടര്‍ന്നാല്‍ 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കുമെന്നും വിമത പക്ഷം പറയുന്നു.
ഇതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി രേണുകാചാര്യ രണ്ടു തവണ കേന്ദ്ര നേതൃത്വത്തിനെയും ആര്.എസ്.എസ് നേതൃത്വത്തിനെയും കണ്ട് പരാതി ഉന്നയിച്ചു.