ബെംഗളൂരു: മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിൽ. സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനി ഉടമയായ മലയാളിയെയാണ് ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയത്.
രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരാണ് മംഗളൂരുവില്‍ പിടിയിലായത്. രേഷ്മ എന്ന നീലിമ, സീനത്ത്, ഇഖ്ബാല്‍, അബ്ദുല്‍ ഖാദര്‍ നസീഫ് എന്നിവരെയാണ് സൂറത്ത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം. മലയാളിയായ ട്രാന്‍സ്പോര്‍ട്ട് കമ്ബനി ഉടമയുമായി പരിചയത്തിലായ രേഷ്മയും സീനത്തും ഇയാളെ സൂറത്ത്കല്ലിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെവച്ച് ഇഖ്ബാലും അബ്ദുല്‍ ഖാദറും ചേര്‍ന്ന് ഭീഷണിപ്പെടുത്തി.
അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നായിരുന്നു ഭീഷണി. കൈവശമുണ്ടായിരുന്ന 30,000 രൂപ നല്കിയ ശേഷം ബാക്കി തുക നല്‍കാമെന്നറിയിച്ച് മടങ്ങിയ ഇയാള്‍ മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശികുമാറിന് പരാതി നല്കി.
കമീഷണറുടെ നിര്‍ദേശ പ്രകാരം സൂറത്ത്കല്‍ ഇന്‍സ്പെക്ടര്‍ ചന്ദപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫ്ലാറ്റിലെത്തി സംഘത്തെ പിടികൂടി. പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍, ക്രഡിറ്റ് കാര്‍ഡ്, എക്സ്.യു.വി വാന്‍ എന്നിവ പിടിച്ചെടുത്തു.
ആറുപേരടങ്ങുന്ന സംഘമാണ് ഹണിട്രാപ്പിലുള്ളതെന്നും അടുത്തിടെ ആറോളം പേരെ ഇവര്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കമീഷണര്‍ വെളിപ്പെടുത്തി.