ന്യൂഡൽഹി : ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ യുവനിര ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തി.
വിരാട് കോഹ്ലി, ആര്.അശ്വിന്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ മുന്‍നിര താരങ്ങളൊന്നും ഇല്ലാതെയാണ് അവസാന ടെസ്റ്റില്‍ ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്.
യുവതാരങ്ങളുടെ മികച്ച പോരാട്ടവീര്യമാണ് ഐതിഹാസിക പരമ്പര ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്.
അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ (7) ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
എന്നാല്‍ പതിവ് പോലെ മൂന്നാമനായി ക്രീസിലെത്തിയ പൂജാര നങ്കൂരമിട്ടതോടെ ഒരുവശം ഉറച്ചു.
മറുവശത്ത് ഓസീസ് പേസ് പടയെ പേടിയില്ലാതെ നേരിട്ട യുവതാരം ശുഭ്മാന്‍ ഗില്‍ സ്കോര്‍ അനായാസം ഉയര്‍ത്തി.
സെഞ്ചുറിക്ക് ഒന്‍പത് റണ്‍സ് അകലെ ഗില്‍ വീണെങ്കിലും പന്ത് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു.
നായകന് അജിങ്ക്യ രഹാനെ (24), വാഷിംഗ്ടണ്‍ സുന്ദര്‍ (22) എന്നിവരും ഇന്ത്യന്‍ സ്കോറിലേക്ക് കാര്യമായ സംഭാവന നല്കി. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി.