ബെംഗളൂരു :ഇന്ത്യയിൽ കാർ നിർമ്മാണവും വിൽപ്പനയും ആരംഭിക്കുന്നതിന് മുന്നോടിയായി നഗരത്തിൽ പുതിയ ശാഖ ആരംഭിച്ച് പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്ല.
ഇന്ത്യയിൽ ആർടി യൂണിറ്റും നിർമ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബംഗളൂരുവിൽ പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്.
തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളും കമ്പനിക്ക് സ്ഥലമടക്കമുളള വാഗ്ദാനങ്ങൾ നൽകിയിരുന്നു.
ടെസ്ലയുടെ സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്റ്റൈൻ, ചീഫ് അക്കൗണ്ടിംഗ് ഓഫീസർ വൈഭവ് തനേജ, ബംഗളൂരു കേന്ദ്രീകരിച്ചുള്ള സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്ലയുടെ ഇന്ത്യൻ യൂണിറ്റിലെ ബോർഡ് അംഗങ്ങൾ.
2021 തുടക്കത്തോടെ ടെസ്ല ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ത്യൻ എക്സ്പ്രസ് ഐഡിയ എക്സ്ചേഞ്ച് പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. ടെസ്ല മേധാവി എലോൺ മസ്കും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
2021 ൽ കാർ വിൽപ്പനയിൽ ഇന്ത്യയിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
നിരവധി ഇലക്ട്രോണിക് വാഹനപ്രേമികൾ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്. അതിനാൽ തന്നെ ടെസ്ല ഇന്ത്യയിൽ പുതിയ ശാഖ ആരംഭിച്ചതിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹന വിപണി ഉറ്റുനോക്കുന്നത്.