FLASH

പുതു വത്സരത്തിലെ വീണപൂവ്…..സതീഷ്‌ തോട്ടശ്ശേരിയുടെ കഥ.

വിശാലതയിലേക്കു പരന്ന് കിടക്കുന്ന ഏകാന്തതയുടെ തുരുത്തായ യൂക്കാലിപ്റ്റസ്  തോട്ടം. ശ്മശാന മൂകത തളം കെട്ടിയ ഇരുട്ട്. കാറ്റടിക്കുമ്പോൾ മരങ്ങളുടെ ഇലമർമരങ്ങൾ ഇടയ്ക്കിടയ്ക്ക് നിശ്ശബ്ദതക്കു ഭംഗം വരുത്തി. അകലങ്ങളിൽ കെട്ടിടങ്ങൾക്കു മേലെ തെളിഞ്ഞ ആകാശ ക്യാൻവാസിൽ നഗരവാസികൾ പുതുവത്സരം ആഘോഷിക്കുന്നതിന്റെ  ആകാശവാണങ്ങളും അമിട്ടുകളും കത്തി ഉയരുമ്പോഴുള്ള പ്രകാശവും  കാണായി.

ജനുവരി രാവിന്റെ കുളിരിലും വിയർത്ത ശരീരവുമായി ആഭിജാത്യം വിളിച്ചറിയിക്കുന്ന മൂന്ന്‌  ചെറുപ്പക്കാർ മൊബൈൽ ടോർച്ചിന്റെ വെള്ളി വെളിച്ചത്തിൽ തീരാറായ കുപ്പിയിൽനിന്നും
അവശേഷിച്ച മദ്യം സമമായി പെപ്സിയുടെ കടലാസ് കപ്പിലേക്കൊഴിച്ചു വെള്ളം ചേർത്ത് ഒറ്റവലിക്ക് കാലിയാക്കി. ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ഉപദംശങ്ങൾ വളരെ ധൃതിയിൽ വായിലേക്കിട്ടു ചവച്ചു.

തലയിൽ തൂവാല കെട്ടിയ  ഒരാൾ അത് തൊണ്ടയിൽ നിന്നും താഴോട്ടിറങ്ങുന്നതിനു മുൻപേ ഒരു സിഗരറ്റ് ചുണ്ടിൽ വെച്ച് തീപ്പെട്ടി ഉരച്ചു കത്തിച്ചു. പുക മുഴുവനും ആർത്തിയോടെ അകത്തേക്ക് വലിച്ചു കയറ്റി.

തറയിൽ കൂട്ടിയിട്ട ചതുരാകൃതിയുള്ള ഹോളോ ബ്രിക്സിൽ ഇരുന്നിരുന്ന കോളറില്ലാത്ത ടീ ഷിർട്ടു ധരിച്ച ഉറച്ച മസിലുകളുള്ള മറ്റൊരാൾ നിലത്തുറക്കാത്ത കാലുകളോടെ എഴുന്നേറ്റുനിന്നു. സ്ഫുടം പൊയ്‌പ്പോയ ഉഴറിയ നാവു ചലിച്ചു
“അതിന്റെ പണി കഴിഞ്ഞൂന്ന്‌ തോന്നണ്”
തൂവാല കെട്ടിയവൻ ഇരുന്നിടത്തുനിന്നു സിഗരറ്റ് ഒന്നുകൂടെ ആഞ്ഞുവലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു.
“അതേതായാലും നന്നായി.

ഇനി പോലീസ് കേസും കോപ്പും ഒന്നും ഉണ്ടാകില്ലല്ലോ.”
നരച്ച ജീൻസിട്ട ചടച്ചു നീണ്ട മൂന്നാമൻ ഊരിയിട്ട വെളുത്ത ഷർട്ട് ധരിച്ചു കുടുക്കുകളിട്ടുകൊണ്ട് പറഞ്ഞു.
“ഇതിനെ  ഇവിടെ ഇട്ടിട്ടു പോയാൽ പണി പാളും. എവിടെയെങ്കിലും കൊണ്ട് പോയി തെളിവില്ലാതെ അടക്കണം.”
ഒന്നാമൻ നെറ്റിയിൽ നിന്നും വിയർപ്പിൽ കുതിർന്നിറങ്ങിയ ചന്ദനപ്പൊട്ട് കൈപ്പടം കൊണ്ട് തുടച്ചു മാറ്റി അവിടെ നിന്നും എഴുന്നേറ്റുപോകുന്നതും അടുത്ത് നിന്ന സ്കോർപിയോ വണ്ടി ഒന്ന് കുലുങ്ങിയതും രണ്ടാമനും മൂന്നാമനും കണ്ടു.

ഉണങ്ങിയ യൂക്കാലിയിലകൾ പറന്നു നടക്കുന്ന മണ്ണിൽനിന്നും ഒരു കാർഡ് ബോർഡ് ഷീറ്റും കറുത്ത ജീൻസും, നീലയിൽ വെളുത്ത സ്ട്രിപ്പുകളുള്ള ടീ ഷർട്ടും അടിവസ്ത്രങ്ങളും
നീണ്ട ഞാത്തുള്ള ഒരു വാനിറ്റി ബാഗും വാരിവലിച്ചു വണ്ടിക്കകത്തിടാനും ഒന്നാമൻ മറന്നില്ല. അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ഹെഡ്‍ലൈറ്റ് ഓൺ ചെയ്തു.

പ്രകാശത്തിന്റെ രണ്ടു സമാന്തര രേഖകൾ അടുത്തുള്ള ചെമ്മൺപാതയിലേക്ക് നീണ്ടു. അവൻ മറ്റുള്ളവരോട് കയറാൻ ആംഗ്യം കാട്ടി. വണ്ടി പൊടിയും ഉണക്കിലകളും ഉയർത്തിക്കൊണ്ടു ആ വിജനമായ ചെമ്മൺ പാതയിലൂടെ കുതിച്ചു.
വണ്ടിക്കുള്ളിലും മൂകത തളം കെട്ടി. എൻജിന്റെ മുരളൽ കേട്ടും അസമയത്തെ പ്രകാശം കണ്ടും കുറെ കാട്ടുകിളികൾ പാതയോരത്തെ ചെറു  മരങ്ങളിൽ നിന്നും പറന്നുയർന്നു.

വണ്ടി ആൾപാർപ്പുള്ളതും ഇല്ലാത്തതുമായ
ഇടങ്ങളിൽ കൂടി അതിവേഗം ഓടിക്കൊണ്ടിരുന്നു. പുതുവത്സരത്തെ വരവേറ്റു താവളങ്ങളിൽ നിന്നും ഒറ്റക്കും കൂട്ടായും ബൈക്കിലും കാറുകളിലും വീടുപൂകുന്നവരുടെ തിരക്കുകൾ കഴിഞ്ഞു തുടങ്ങി. വണ്ടി ഫുഡ് കോർപറേഷന്റെ ഗോഡൗണും കടന്നു റെയിൽവേ ലൈനിനു സമാന്തരമായി അരമണിക്കൂറോളം ഓടി.

വണ്ടിക്കുള്ളിൽ തങ്ങി നിന്ന മൗനത്തെ മുറിച്ചുകൊണ്ട് രണ്ടാമൻ പറഞ്ഞു.
“നല്ല സ്റ്റഫായിരുന്നളിയ !! എവിടന്നൊപ്പിച്ചു?”
ഒന്നാമൻ പുരുഷാർഥപ്രാപ്തി നേടിയവനെ പോലെ സ്റ്റീയറിങ്ങിനു പിന്നിൽ ഒന്ന്
കൂടി ഞെളിഞ്ഞിരുന്നുകൊണ്ടു മറുപടി നൽകി
“ആചാര ജാഥക്ക് പോയപ്പോ പരിചയപ്പെട്ടതാ..പിന്നെ വാട്സ്ആപ്,  ഫേസ് ബുക്ക്…മുടിഞ്ഞ പ്രേമാർന്നു. ഇന്ന് എന്റെ കൂടെ പുതുവത്സരം ആഘോഷിക്കാൻ വീട്ടീന്ന് നൊണ പറഞ്ഞെറങ്ങീതാ ”
“എന്നാലും തട്ടിക്കളയണ്ടായിരുന്നു.”

രണ്ടാമൻ അത് പറഞ്ഞതും ഒന്നാമൻ മീശ പിരിച്ചുകൊണ്ടു് അവനെ രൂക്ഷമായി ഒന്ന് നോക്കിയപ്പോൾ വീണ്ടും അവിടെ മൗനത്തിന്റെ തിരശീല വീണു.
അടുത്ത ലെവൽ ക്രോസിൽ നിന്നും അകന്നു മാറി വണ്ടി നിന്നു. ഒന്നാമൻ ബാക് ഡോർ തുറന്നു നഗ്ന ശരീരത്തെ വസ്ത്രം ധരിപ്പിച്ചു. രണ്ടുപേർ അതിനെ താങ്ങിയെടുത്തു സൂക്ഷ്മതയോടെ റെയിൽപാളത്തിൽ തല വെച്ച് കിടത്തി.

പിന്നെ വണ്ടിയിൽ കയറി റിവേഴ്‌സെടുത്ത്‌ വന്ന വഴിയേ ഓടിച്ചു പോയി. അകലെ നിന്നും പാളങ്ങളിലും സമീപത്തെ വൃക്ഷ ശിഖരങ്ങളിലും വെളിച്ചത്തിന്റെ മഞ്ഞപ്രഭ ചൊരിഞ്ഞുകൊണ്ടു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് അടുത്തടുത്ത് വരുന്നുണ്ടായിരുന്നു. ട്രെയിൻ അവരുടെ ദൃഷ്ടിപഥത്തിൽ നിന്നും മാഞ്ഞുപോയപ്പോൾ റെയിൽ പാളത്തിൽ തലയറ്റ ജഡത്തിന്നരികിലേക്ക്‌ രണ്ടു തെരുവ് നായ്ക്കൾ ആർത്തിയോടെ ഓടിവരുന്നുണ്ടായിരുന്നു.

സതീഷ്‌ തോട്ടശ്ശേരി

അനുഭവ നർമ്മ നക്ഷത്രങ്ങൾ   എന്ന പുസ്തകത്തിന്റെ  രചയിതവാണ് സതീഷ്  തോട്ടശ്ശേരി
( 9845185326)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts