കൈ കഴുകാന്‍ നദി തീരത്ത് പോയ കുട്ടിയെ മുതല കടിച്ചുകൊന്നു

ബെംഗളൂരു: പത്തുവയസുകാരനെ മുതല കടിച്ചുകൊന്നു. കന്നുകാലിക്കൂട്ടത്തെ മേയ്ക്കുന്ന കുട്ടിയുടെ അവേശഷിക്കുന്ന ശരീരഭാഗങ്ങള്‍ തീരത്ത് നിന്ന് കണ്ടെടുത്തു.  റെയ്ച്ചൂര്‍ ഡി രാംപുര ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം.

പത്തുവയസുകാരനായ മല്ലികാര്‍ജ്ജുനാണ് മുതലയുടെ കടിയേറ്റ് കൊല്ലപ്പെട്ടത്. മല്ലികാര്‍ജ്ജുനെ മുതല പിടിക്കുന്നത് കൂട്ടുകാരാണ് കണ്ടത്. കൃഷ്ണ നദിയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചതിന് പിന്നാലെ കഴിഞ്ഞ ഏതാനുമാസമായി കന്നുകാലികളെ മേയ്ക്കലാണ് മല്ലികാര്‍ജ്ജുന്റെ പതിവ് പരിപാടി.

വായിക്കുക:  സ്കൂൾ തുറക്കുമ്പോൾ പത്തുദിവസം ബാഗില്ലാതെ സ്‌കൂളില്‍ പോകാം

സാധാരണ പോലെ കൂട്ടുകാര്‍ക്കൊപ്പം കന്നുകാലികളെ മേയ്ക്കുന്നതിനിടയിലാണ് സംഭവം നടന്നത്. കൃഷ്ണ നദിയുടെ തീരത്താണ് കന്നുകാലികളുമായി ഇവര്‍ എത്താറ്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കൈ കഴുകാന്‍ നദി തീരത്ത് പോയപ്പോഴാണ് മുതല കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

നദിയില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ, മല്ലികാര്‍ജുന്റെ കൈയില്‍ കടിച്ച് മുതല വെള്ളത്തിലേക്ക് വലിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ കൂട്ടുകാര്‍ പറയുന്നു.

വായിക്കുക:  ഇന്ന് 1210 പുതിയ കോവിഡ് രോഗികൾ;1807 ഡിസ്ചാർജ്ജ്.

കുട്ടികളുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടി കൂടിയെങ്കിലും മല്ലികാര്‍ജുനെ കണ്ടെത്താന്‍ സാധിച്ചില്ല. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.

Related posts