ബെംഗളൂരു: നഗരത്തിലെ റോഡിലെ കുഴിയെത്തുടർന്നുണ്ടാകുന്ന അപകടങ്ങൾക്ക് 15,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബി.ബി.എം.പി. അറിയിച്ചു. കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.
അപകടത്തിൽ ജീവഹാനിയുണ്ടായാൽ മൂന്നുലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകും. അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ കോർപ്പറേഷനിൽ സമർപ്പിക്കണം.
കുഴിയെത്തുടർന്നുണ്ടായ അപകടമാണിതെന്ന് തെളിയിക്കുന്ന രേഖകളും ഇതിനൊപ്പം നൽകണം. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രേഖയായി പരിഗണിക്കും.
അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരത്തുക കൂടാതെ അടിയന്തര ചികിത്സാസഹായമായി 5000 രൂപ മുതൽ 10,000 രൂപവരെ അനുവദിക്കാം. ബി.ബി.എം.പി. സ്പെഷ്യൽ കമ്മിഷണർക്കാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്.