ബെംഗളൂരു: നഗരത്തിലെ എം.ജി.റോഡ്, ബ്രിഗേഡ് റോഡ്, കൊമേഴ്സ്യൽ സ്ട്രീറ്റ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ വാണിജ്യ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ആഘോഷങ്ങളാണ് പ്രതി വർഷം, പുതുവത്സര തലേന്ന്, സംഘടിപ്പിച്ച് വന്നിട്ടുള്ളത്.
ആയിരക്കണക്കിന് ആളുകളാണ്, ഈ അവസരത്തിൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുതുവർഷത്തെ വരവേല്കുന്നതിനായി ഇവിടെ എത്തി ചേരുന്നത്.
മതി മറന്നാഘോഷിക്കുന്ന ഈ ആൾകൂട്ടത്തിനിടയിലേക്ക്, അവരുടെ ആഹ്ളാദാരവങ്ങൾക്കിടയിലേക്ക്, അവർ സൃഷ്ടിക്കുന്ന വർണ പ്രപഞ്ചങ്ങൾക്കിടയിലേക്ക് ഒഴുകിയിറങ്ങുന്ന പുതുവർഷ രാവ്, അവിടെ തടിച്ച് കൂടുന്ന പലരിലും മറക്കാനാകാത്ത ഒരു അനുഭൂതി ആണ് പകർന്ന് നല്കുന്നത്.
എന്നാൽ, ഈ വർഷം ആഘോഷങ്ങൾക്കായി തയ്യാറെടുത്തിരിക്കുന്നവരെ കാത്തിരിക്കുന്നത് ഒരു പക്ഷേ നിരാശയായിരിക്കാം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ പോലെ തന്നെ, പുതുവത്സരാഘോഷങ്ങളും ശക്തമായ നിയന്ത്രണത്തിലിയിരിക്കും എന്ന് കരുതപ്പെടുന്നു.
ഈ അവസരത്തിൽ സ്വീകരിക്കേണ്ട നിയന്ത്രണ നിർദ്ദേശങ്ങളുമായി, ബി.ബി.എം.പി സർക്കാരിനെ സമീപിച്ച് കഴിഞ്ഞിരിക്കുന്നു.
ആഘോഷ വേളകളിൽ കൂടുതൽ തിരക്കനുഭവപ്പെടുന്ന ഹോട്ടലുകൾ, ബാറുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ ഒരേ സമയം 50 പേരിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കരുത് എന്ന് കോർപറേഷൻ നിർദ്ദേശിച്ചിട്ടുള്ളതായി അറിയുന്നു.
പ്രതി ദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നിട്ടുള്ള ഈ സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങൾ നിയന്ത്രണങ്ങൾ ഇല്ലാതെ അനുവദിക്കുന്നത്, സർക്കാരിന്റെ കോവിഡ് നിയന്ത്രണ ഉദ്യമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു.
കോവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാധ്യതയും കോർപറേഷൻ എടുത്ത് പറഞ്ഞു.
മന്ത്രിമാരുമായി ബി.ബി.എം.പി പ്രതിനിധികൾ നടത്തിയ കൂടി കാഴ്ചയിലാണ് ഈ കാര്യങ്ങൾ ചർച്ച ചെയ്തത്.
ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ, റവന്യു മന്ത്രി ആർ.അശോക്, ബി.ബി.എം.പി കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.