അഞ്ചുമണിക്കൂറിനുള്ളിൽ രോഗിയെ നഗരത്തിലെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദ്ദേശം; കെ.എം.സി.സി. ആംബുലൻസ് കുതിച്ച് പാഞ്ഞ് 408 കിലോമീറ്റർ താണ്ടിയെത്തിയത് നാലേകാൽ മണിക്കൂർകൊണ്ട്!!

ബെംഗളൂരു: അഞ്ചുമണിക്കൂറിനുള്ളിൽ രോഗിയെ നഗരത്തിലെ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് കെ.എം.സി.സി. ആംബുലൻസ് കുതിച്ച് പാഞ്ഞ് 408 കിലോമീറ്റർ താണ്ടിയെത്തിയത് നാലേകാൽ മണിക്കൂർകൊണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള രോഗിയെ ദക്ഷിണ കന്നഡ പുത്തൂരിൽനിന്ന്‌ നാലേകാൽ മണിക്കൂറുർ കൊണ്ടാണ് ബെംഗളൂരുവിലെത്തിച്ചത്.

സക്‌ലേഷ്പുര സ്വദേശിയായ സഹന(22)യെയാണ് പുത്തൂർ മഹാവീർ ആശുപത്രിയിൽനിന്ന് റോഡുമാർഗം ബെംഗളൂരു വൈറ്റ് ഫീൽഡിലെ വൈദേഹി മെഡിക്കൽ കോളേജിലെത്തിച്ചത്. നാലേകാൽ മണിക്കൂറിനിടെ 408 കിലോമീറ്ററാണ് ആംബുലൻസ് പിന്നിട്ടത്. ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് സഹനയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

വായിക്കുക:  ഗാർഹിക പീഡനങ്ങൾ ഗണ്യമായി വർദ്ധിച്ചതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ

അഞ്ചുമണിക്കൂറിനുള്ളിൽ ബെംഗളൂരുവിലെത്തിക്കാനായിരുന്നു ആശുപത്രിയിൽനിന്നു ലഭിച്ച നിർദേശം. രാവിലെ 11.15-ന് പുത്തൂരിൽനിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചകഴിഞ്ഞ് 3.20-ന് ബെംഗളൂരുവിലെത്തി. ഉപ്പിനങ്ങാടി, ബെൽത്തങ്ങാടി, ചാർമഡിചുരം, ബേലൂർ, ഹാസൻ, നെലമംഗല വഴിയായിരുന്നു യാത്ര.

വിവിധ സംഘടനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഗതാഗതതടസ്സങ്ങൾ മാറ്റി സുഗമമായ പാതയൊരുക്കിയിരുന്നു. ആംബുലൻസ് ഡ്രൈവർ മംഗളൂരു സ്വദേശി ഹനീഫിനൊപ്പം കെ.എം.സി.സി. പ്രവർത്തകരായ സലിം, സയിദ് അഫാം തങ്ങൾ തുടങ്ങിയവരാണ് രോഗിയെ നഗരത്തിലേത്തിക്കാൻ നേതൃത്വം നൽകിയത്.

Related posts