വസ്ത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ 87 ലക്ഷത്തിന്റെ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിൽ!

ബെംഗളൂരു: 87 ലക്ഷം വിലമതിക്കുന്ന 1.7 കിലോ സ്വർണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ നഗരത്തിലെ കെംപെഗൗഡ വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽനിന്ന് എമിറേറ്റ്‌സ് എയർലൈൻസിൽ  വന്ന 36- കാരനായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്.

കുഴമ്പു രൂപത്തിലാക്കി ജീൻസിന്റെയും അടിവസ്ത്രത്തിന്റെയും പ്രത്യേകം തയ്യാറാക്കിയ അറകളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയതോടെയാണ് സ്വർണം കണ്ടെത്തിയത്. ജീൻസിനുള്ളിൽ പുറത്തുകാണാൻ കഴിയാത്തവിധമാണ് പ്രത്യേക അറ തയ്യാറാക്കിയിരുന്നത്.

വായിക്കുക:  രാജ്യാന്തര ഫുട്ബാൾ താരവും കർണാടക- കേരള സന്തോഷ് ട്രോഫി താരവുമായിരുന്നു ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു.

അടിവസ്ത്രത്തിലും സമാനമായ രീതിയിലുള്ള അറയാണുണ്ടായിരുന്നത്. ഒന്നിനുമുകളിൽ ഒന്നായി സ്വർണമൊളിപ്പിച്ച രണ്ട് അടിവസ്ത്രങ്ങൾ ഇയാൾ ധരിച്ചിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ പിടിയിലായയാളുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല.

Related posts