ജി 20 ഗ്ലോബൽ സ്മാർട്ട് സിറ്റി അലയൻസ് ഗ്രൂപ്പിൽ ഇടം നേടി നമ്മ ബെംഗളൂരുവും…

ബെംഗളൂരു : വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ 36 പയനിയർ നഗരങ്ങൾ ഒരുമിച്ചു കൊണ്ടു വരുന്ന G-20 ‘ഗ്ലോബൽ സ്മാർട്ട് സിറ്റി അലയൻസ്’ ഗ്രൂപ്പിൽ ബംഗളൂരുവും മറ്റ് മൂന്ന് ഇന്ത്യൻ നഗരങ്ങളും ഇടം നേടി.
ബംഗളൂരുവിനു പുറമേ ഹൈദരാബാദ് , ഫരീദാബാദ്, ഇൻഡോർ നഗരങ്ങളും 22 രാജ്യങ്ങളിൽ നിന്നുള്ള 36 നഗരങ്ങളുടെ ഈ കൂട്ടായ്മയിൽ ചേരും.

കോവിഡ് മഹാമാരിക്ക് ശേഷമുള്ള വിവരസാങ്കേതിക വിദ്യാ വെല്ലുവിളികൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനായി സുരക്ഷിതമായ മാർഗനിർദേശങ്ങൾ വിശകലനം ചെയ്യുന്നതിനും സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ കൂട്ടായ്മ.

വായിക്കുക:  തദ്ദേശീയ പ്രതിരോധ മരുന്നിനും വിതരണ അനുമതിക്ക് ശുപാർശ.

ഈആഗോള സഖ്യത്തിൽ ചേരാനുള്ള നടപടി രേഖകളിൽ ബിബിഎംപി കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദും ബാംഗ്ലൂർ സ്മാർട്ട് സിറ്റി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജേന്ദ്രചോളനും ഒപ്പുവച്ചു.

മഹാമാരി സൃഷ്ടിച്ച അവസരങ്ങളും മഹാമാരിക്ക് ശേഷമുള്ള സാങ്കേതികവിദ്യകൾ എങ്ങനെയുള്ളതായിരിക്കണം എന്ന വിശകലനവും വളരെ ഗൗരവതരമായ വിഷയങ്ങൾ ആണെന്ന് മഞ്ജുനാഥ് പ്രസാദ് അഭിപ്രായപ്പെട്ടു.

മഹാമാരിക്ക് മുമ്പ് വിവരസാങ്കേതിക വിദ്യാവേദികൾ ഉണ്ടായിരുന്നുവെങ്കിലും അവ ഇത്രത്തോളം ഉപയോഗപ്പെടുത്തിയിരുന്നില്ല എന്നതാണ് വസ്തുത.

വായിക്കുക:  പുതുവൽസരാഘോഷങ്ങൾക്ക് പബ്ബുകൾക്ക് തുറന്ന് പ്രവർത്തിക്കാം;നിരവധി നിയന്ത്രണങ്ങൾ....

എന്നാൽ ഇപ്പോൾ സർക്കാർ തലത്തിൽ പോലും പ്രധാനപ്പെട്ട ഒത്തുചേരലുകൾ വിവരസാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സൈബർ സുരക്ഷാ പ്രശ്നങ്ങളെയ കുറിച്ച് നമ്മൾ ബോധവാൻമാർ ആയി മാറേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഈ ഗ്രൂപ്പിൽ അംഗമാകുക വഴി സാങ്കേതിക വിദ്യയുടെ ഗുണദോഷഫലങ്ങൾ കൂടുതൽ മനസ്സിലാക്കാനും ഫലപ്രദമായ പരിഹാരമാർഗങ്ങൾ അവലംബിക്കാനും സഹായിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related posts