ദേവനഹള്ളിയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ക്ഷേത്രപുരോഹിതനെ പോലീസ് അറസ്റ്റുചെയ്തു

ബെംഗളൂരു: ദേവനഹള്ളിയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ക്ഷേത്രപുരോഹിതനെ പോലീസ് അറസ്റ്റുചെയ്തു. ചിക്കബെല്ലാപുര സ്വദേശിയായ വെങ്കട്ടരമണപ്പ(60)യാണ് അറസ്റ്റിലായ ക്ഷേത്രപുരോഹിതൻ.

വെങ്കട്ടരമണപ്പ മകളുടെ വീട്ടിൽവെച്ചാണ്  കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെയായിരുന്നു ഇയാൾ ദേവനഹള്ളിയിലെ മകളുടെ വീട്ടിലേക്ക് എത്തിയത്. ക്ഷേത്രപുരോഹിതനായ മരുമകന് മറ്റൊരു സ്ഥലത്തേക്കു പോകേണ്ടതിനാൽ വെങ്കട്ടരമണപ്പ ക്ഷേത്രത്തിലെ കാര്യങ്ങൾ നോക്കിനടത്താനാണ് എത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ വീടിനുസമീപത്തുള്ള വീട്ടിലെ പെൺകുട്ടി കളിക്കുന്നതുകണ്ടു. കുട്ടിയെ വീടിനകത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡി.സി.പി. സി.കെ. ബാബ പറഞ്ഞു.

വായിക്കുക:  കോവിഡ് വ്യാപനം തടയാൻ നന്ദിഹിൽസിലേക്കുള്ള പ്രവേശനം നിരോധിച്ചു

സമയം കുറേ ആയിട്ടും പെൺകുട്ടി വീട്ടിലേക്ക് മടങ്ങിവരാത്തതിനാൽ മാതാപിതാക്കൾ തിരച്ചിൽ തുടങ്ങി. കുട്ടി അടുത്തുള്ള വീട്ടിലേക്കു പോകുന്നത് കണ്ടതായി വഴിയോര കച്ചവടക്കാർ പറഞ്ഞതിനെത്തുടർന്ന് അവിടെയെത്തിയപ്പോൾ പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടുന്നതാണ് കണ്ടത്.

വായിക്കുക:  അധികൃതർ അറിയാതെ നഗരത്തിൽ ആയിരക്കണക്കിന് അനധികൃത ശുദ്ധജല കണക്ഷനുകൾ

സംഭവിച്ച കാര്യങ്ങൾ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ദേവനഹള്ളി പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.

Related posts