FLASH

ക്രാന്തിവീര സങ്കോള്ളി രായണ്ണ:ഒരു ചെറു വിവരണം.

ബെന്ഗളൂരു റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന എല്ലാവരും കേള്‍ക്കാറുള്ള പേരാണ് കെ എസ് ആര്‍ എന്നത്,മുഴുവന്‍ പേര് ക്രാന്തിവീര സങ്കോള്ളി രായണ്ണ റെയില്‍വേ സ്റ്റേഷന്‍.ഒരു സംസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ റെയില്‍വേ സ്റ്റേഷന് അവര്‍ ഒരു പേര് നല്‍കിയിട്ടുണ്ട് എങ്കില്‍ അദ്ദേഹം ചില്ലറക്കാരന്‍ ആയിരിക്കില്ല എന്നുറപ്പല്ലേ.കര്‍ണാടകയുടെ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തികളില്‍ ഒരാളാണ് സങ്കോള്ളി രായണ്ണ.

ബ്രിട്ടിഷുകാരോട്  നേരിട്ട് പോരാടി അവസാനം അവരുടെ കഴുമരത്തില്‍ അവസാനിച്ച ഒരു യുദ്ധ വീരന്‍.,

രാജ് ഗുരുവിനെയും ഭഗത് സിങ്ങിനെയും സുഗ് ദേവിനെയും ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിലേറ്റുന്ന തിന് കൃത്യം നൂറുവര്‍ഷം മുന്‍പ് തന്റെ നാടിന് വേണ്ടി ജീവന്‍ ത്യജിച്ച ധീര ദേശാഭിമാനി.

പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ,ഓഗസ്റ്റ്‌ 15 നു ജനിക്കുകയും റിപബ്ലിക് ദിനമായ ജനുവരി 26 നു മരണപ്പെടുകയും ചെയ്ത വ്യക്തി.

രായണ്ണയുടെ ഭൌതിക ശരീരം ഉറങ്ങുന്നത് മറ്റെല്ലാവരെയും പോലെ ആറടി മണ്ണില്‍ അല്ല,എട്ടടി മണ്ണില്‍ ആണ് കാരണം ഏഴടിഉയരമുള്ള വ്യക്തിയായിരുന്നു  രായണ്ണ.

അതേ നമ്മുടെ പഴശ്ശിരാജയെ പോലെ വേലുതമ്പി ദളവയെ പോലെ കുഞ്ഞാലിമരക്കാരെ പോലെയാണ് കര്‍ണാടകക്ക് രായണ്ണ.

കിത്തുര്‍ റാണി ചെന്നമ്മയുടെ സര്‍വ സൈന്യാധിപന്‍ ആയിരുന്നു രായണ്ണ (ബാംഗ്ലൂരില്‍ നിന്ന് ഏകദേശം 500 കിലോ മീറ്റര്‍ വടക്ക് കിഴക്ക്,ബെലഗാവി എന്നാ ജില്ലയില്‍ ആണ് കിത്തൂര്‍ സ്ഥിതി ചെയ്യുന്നത്,പഴയ ബെല്‍ഗാം).അദ്ദേഹം ജനിച്ചത്‌ കിത്തുറിന് സമീപമുള്ള സങ്കോള്ളി എന്നാ ഗ്രാമത്തില്‍ ആയിരുന്നു.

ക്രാന്തി വീര സന്കൊള്ളി രായണ്ണയുടെ വെങ്കല പ്രതിമ

1824 ല്‍ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക് എതിരെ അദ്ദേഹം പടനയിച്ചു ആദ്യ യുദ്ധത്തില്‍ വിജയം  ബ്രിട്ടീഷുകാര്‍ക്ക് ഒപ്പമായിരുന്നു,ബ്രിട്ടീഷുകാര്‍ രായണ്ണയെ പിടിച്ചു ജയിലിലടച്ചു  കുറച്ചു കാലത്തിനു ശേഷം വിട്ടയച്ചു,എന്നാല്‍ ആദ്യത്തെ തോല്‍‌വിയില്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിക്കാന്‍ രായണ്ണക്ക് കഴിഞ്ഞു.കൂടുതല്‍ ആളുകളെ തന്റെ സേനയില്‍ ചേര്‍ത്ത് രായണ്ണ ബ്രിട്ടീഷുകാര്‍ക്ക് തിരിച്ചടി നല്‍കി തുടങ്ങി,രായണ്ണയെ നേരിട്ടുള്ള യുദ്ധത്തില്‍ പരാജയപ്പെടുത്തുക എന്നത് നടക്കുന്നകര്യം അല്ല എന്ന് ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞു.കാരണം ഗറില്ല യുദ്ധമുറകളുടെ പ്രയോക്താവായിരുന്നു രായണ്ണ.പലപ്പോഴും നിനച്ചിരിക്കാത്ത സമയത്ത് ബ്രിട്ടീഷുകാര്‍ ആക്രമിക്കപ്പെട്ടു.

തന്റെ ദത്ത് പുത്രനായ ശിവലിംഗപ്പയെ കിത്തൂരിന്റെ രാജാവായി വാഴിക്കുക എന്നതായിരുന്നു രായണ്ണയുടെ ലക്‌ഷ്യം.എന്നാല്‍ അദ്ധെഹത്തിന്റെ രാജ്യം നല്ലൊരു ഭാഗം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു,ബാക്കി  വരുന്ന സ്ഥലങ്ങളില്‍ വലിയ നികുതികള്‍ ഏര്‍പ്പെടുത്തി,രായണ്ണ കൂടുതല്‍ സമാനമനസ്കരായ ആളുകളെ സംഘടിപ്പിച്ചു ഒളി യുദ്ധം തുടങ്ങി.

1830 ല്‍ രായണ്ണയെ ബ്രിട്ടീഷുകാര്‍ ചതി പ്രയോഗത്തിലൂടെ കീഴടക്കി,1831 ജനുവരി 26 നു അവര്‍ ആ ധീര ദേശാഭിമാനിയെ കഴുമരത്തില്‍ കയറ്റി.

നന്ദഗാഡ്  എന്ന സ്ഥലത്ത് രായാണ്ണയെ സംസ്കരിച്ചു,അവിടെയുണ്ടായിരുന്ന വാകമരം ഇപ്പോഴും രായാണ്ണയുടെ ഓര്‍മ നിലനിര്‍ത്തിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്നു.അതിനു സമീപം രായണ്ണയുടെ ഒരു വെങ്കല പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

സങ്കോള്ളി രായണ്ണ യുടെ നന്ദഗാഡില്‍ ഉള്ള സമാധി.

1967 സങ്കോള്ളി രായണ്ണ യുടെ ജീവിത കഥ പറയുന്ന ഒരു കന്നഡ ചിത്രം പുറത്തിറങ്ങി പിന്നീട്  2012 ല്‍ സാന്ടല്‍ വൂഡിലെ യുവ നടന്‍ ആയ ദര്‍ശനെ നായകനാക്കി നാഗണ്ണ കന്നടയില്‍ “ക്രാന്തിവീര സങ്കോള്ളി രായണ്ണ” എന്ന സിനിമ സംവിധാനം ചെയ്തു,കര്‍ണാടക ബോക്സ്ഓഫീസില്‍  വളരെ വലിയ സ്വീകരണം ആണ് അതിനു ലഭിച്ചത്.പ്രശസ്ത നടി ജയപ്രദയാണ് ഈ സിനിമയില്‍ കിത്തൂര്‍ റാണി ചെന്നമ്മയായി അഭിനയിച്ചത്.

ചിത്രത്തില്‍ ക്ലൈമാക്സില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട രായണ്ണ തന്റെ അമ്മയോട് യാത്ര പറയുന്ന രംഗം വളരെ ശ്രദ്ധിക്കപ്പെട്ടു.അതിവിടെ ചേര്‍ക്കുന്നു.

ഗാന ഗന്ധര്‍വന്‍ കെ ജെ യേശുദാസ് പാടിയ ഒരു ഗാനവും ഈ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടു അതും ഇവിടെ ചേര്‍ക്കുന്നു.

ബെന്ഗളൂരു റെയില്‍വേ  സ്റ്റേഷനും ബസ്‌  സ്റ്റാന്റ്നും ഇടയിലായി സങ്കോള്ളി രായണ്ണയുടെ  ഒരു പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.2015 ബെന്ഗളൂരു റെയില്‍വേ സ്റ്റേഷന്‍ ന്റെ പേര് “ക്രാന്തി വീര സങ്കോള്ളി രായണ്ണ” എന്നാക്കി മാറ്റി .2016 അത് ഔദ്യോഗികമായി നോട്ടിഫൈ ചെയ്തു.

കര്‍ണാടകയിലെ ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ ഇശ്വരപ്പ “സങ്കോള്ളി രായണ്ണ ബ്രിഗേഡ് ” എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കാന്‍ ശ്രമം  നടത്തിയപ്പോള്‍ സങ്കോള്ളി രായണ്ണ എന്ന പേര്  വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!