FLASH

ഓർമ്മയാകുന്ന ഉത്സവം…

ഏതാണ്ടൊരോർമ്മ വരുന്നുവോ..?
ഓർത്താലുമോർക്കാതിരുന്നാലും
ആതിരയെത്തും കടന്നു പോമീവഴി….

എന്ന കക്കാടൻ കനൽ വരികൾ മനസിൽ കോറിയിട്ടത് ഉത്സവം എന്നാണ്. നമ്മളോർത്താലും ഓർക്കാതിരുന്നാലും സമയാസമയങ്ങളിൽ വന്നു പോവുന്ന ക്ഷേത്രോത്സവങ്ങൾ ചിലർക്കെല്ലാം മുനയൊടിഞ്ഞ ഗൃഹാതുരതയാവാം, പക്ഷെ എന്റെ പാതി മനസ്സിലവ മുള്ളുള്ള നഷ്ടങ്ങൾ തന്നെയാണ്.

ഭൂതകാലത്തെ അവ്യക്ത ചിത്രങ്ങൾ അടുക്കിപ്പിടിച്ചു നോക്കിയപ്പോൾ ഹൃദയത്തിൽ ചുറ്റു വിളക്ക് തെളിഞ്ഞു കത്തുന്ന ഉത്സവ ഓർമകളിൽ എന്റെ പ്രായം പത്തിനും പതി മൂന്നിനും ഇടയിലാണ് . തൃച്ചംബരം ശ്രീ കൃഷ്‌ണ ക്ഷേത്രത്തിനും പഠിച്ച തൃച്ചംബരം യൂ പി സ്‌കൂളിനും (അന്ന്, തളിപ്പറമ്പിലെ നാനാ തുറകളിൽ പെട്ട വലിയൊരു വിഭാഗം കുട്ടികൾ ഒരേ മനസോടെ പഠിച്ചിരുന്ന വിദ്യാലയം) ഇടയിൽ രണ്ടോ മൂന്നോ പറമ്പുകളുടെ അകലമേ ഉണ്ടായിരുന്നുള്ളു അമ്പല മുറ്റം വഴി കടന്നു പോയാൽ സ്കൂളിലെത്താൻ എളുപ്പ വഴിയാണ് താനും. അതുകൊണ്ടുതന്നെ, ഉത്സവാഘോഷങ്ങളുടെ ആദിമധ്യാന്തങ്ങൾ എങ്ങനെയാണെന്ന് അനുഭവിച്ചറിഞ്ഞത് ഇവിടെ വച്ചായിരുന്നു.

സൗജന്യമായി വല്ലപ്പോഴും കുട്ടികൾക്ക് കൊടുക്കാറുണ്ടായിരുന്ന പായസ പ്രതീക്ഷയിൽ ഉച്ചസമയത്തമ്പല പരിസരത്തു റോന്തു ചുറ്റുന്നത് അന്ന് ശിക്ഷാർഹമായൊരു കുറ്റമായിരുന്നില്ല (ഇന്നത്തെ കുട്ടിപ്പാവാടക്കാരികൾക്ക് അത്രത്തോളം സ്വാതന്ത്രസുഖം അനുഭവിക്കാൻ ആവുന്നുണ്ടോ എന്നറിയില്ല…).

ചിലപ്പോഴൊക്കെ പായസാഡംബരങ്ങൾ വീട്ടിലെ വിറകടുപ്പിലും വേവാറുണ്ടായിരുന്നെങ്കിലും അവയൊന്നും തന്നെ നെയ്യിൽ വരണ്ട് വെന്ത, വായിലിട്ടാൽ വെണ്ണയോളമലിയുന്ന അമ്പല പായസം പോലെ രുചിമുകുളങ്ങളിൽ ഉമിനീർ കിനിക്കാൻ പോന്നവയായിരുന്നില്ല. അങ്ങനെ, കൃഷ്‌ണ ഭക്തിയിലൊളിപ്പിച്ച പായസക്കൊതി മൂത്ത അമ്പലം യാത്രകൾ ഇടയ്ക്കിടെ നടത്താറുണ്ടായിരുന്നെങ്കിലും ഉത്സവപ്പൊലിമയുള്ള അമ്പല കാഴ്ച്ചകൾ തീർത്തും വ്യത്യസ്ഥമായിരുന്നു.

കൊടിയേറ്റത്തിന്റെ തലേ ദിവസം തന്നെ മറ്റൊരുക്കങ്ങളോടൊപ്പം അമ്പലപ്പറമ്പിൽ കച്ചവട സാധനങ്ങൾ നിരത്താനുള്ള താത്കാലിക ഷെഡ്ഡുകളും തയാറാവുന്നുണ്ടാവും. കുപ്പിവളകളിൽ പുത്തൻ നിറങ്ങൾ മോഹിക്കുന്ന പെൺമനസുകളും, കളിത്തോക്കുകളിലെ പുതുമ പരതുന്ന ആൺ കണ്ണുകളും അന്നുമുതൽ വഴി ഒരു വിദൂര നിരീക്ഷണം നടത്തി വരിക പതിവായിരുന്നു.

കൊടിയേറ്റ ദിവസം ഉച്ച വരെയേ സ്‌കൂൾ ഉണ്ടാവാറുളളൂ, ഉച്ചയോടെ ഉത്സവക്കൊടിയുയരും, അമ്പല മുറ്റത്തും കുട്ടികളുടെ മനസിലും പിന്നെ പതിന്നാലു ദിവസത്തേക്കുത്സവമാണ്. ഉത്സവദിനങ്ങളിൽ പ്രത്യേക വഴിപാടുകൾക്കും മറ്റുമായി ദൂരദേശത്തു നിന്നും വരുന്നവരും ദർശനത്തിനായി വരുന്ന ദേശവാസികളും എല്ലാം ചേർന്ന് സൃഷ്ടിക്കുന്ന സാധാരണയിലും തിരക്കുള്ള അമ്പല പ്രഭാതങ്ങൾ.

വായിക്കുക:  സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകളിലായി 65 വിദ്യാർത്ഥികൾക്ക് കോവിഡ്

വർഷത്തെ ഉത്സവം അവസാനിക്കുന്ന കൂടിപ്പിരിയൽ ദിവസവും ക്ലാസ്സുച്ചവരെ തന്നെ. തളിപ്പറമ്പ ദേശത്തെ കൃഷ്‌ണഭക്തർ മുഴുവൻ തൃച്ഛംബരത്തേക്കൊഴുകിയെത്തി ജനസാഗരം തീർക്കുന്ന ദിവസം. മീനച്ചൂടിൽ ദാഹിച്ചു വരുന്ന ഭക്തർക്കാശ്വാസമേകാൻ തൃച്ചംബരം ദേശവാസികൾ സ്വഭവനങ്ങളിലും,വഴിയോരങ്ങളിലും വലിയ പാത്രങ്ങളിൽ സംഭാരം തയാറാക്കി വെക്കുന്ന പതിവ് അന്നുണ്ടായിരുന്നു.

കൂടെ പഠിച്ച പല കുട്ടികളുടെയും വീടുകൾ അമ്പല പരിസരത്തു തന്നെയായിരുന്നു. നടക്കേരത്ത് (അമ്പല നടയുടെ മുകളിൽ), ചിറക്കപ്പറം, കുഞ്ഞരയാലിന്റെ ബാക്കിൽ, എന്നിങ്ങനെയാണ് അവരിൽ ചിലർ സ്വന്തം വീടുകളെ വ്യക്തതയോടെ അടയാളപ്പെടുത്തിയിരുന്നത്. ഉത്സവ വേളയിൽ തൃച്ചംബരത്തെഭക്തരും ഭക്തരല്ലാത്തവരുമെല്ലാം ഉത്സവ മേളത്തിൽ മുഴുകിത്തന്നെ 14 ദിവസങ്ങളിൽ ജീവിതം ക്രമപ്പെടുത്തും. മറ്റു സമീപ പ്രദേശ വാസികൾ എന്ത് തിരക്കാണെങ്കിലും ഒരു ദിവസമെങ്കിലും ഉത്സവം കാണാതിരിക്കാനാവില്ല എന്ന മുൻധാരണയോടെയും ഉത്സവത്തെ എതിരേറ്റു പൊന്നു.

കാരണത്താൽ തന്നെ എല്ലാ ദിവസവും ഉത്സവത്തിനു പോകുകയും ഉത്സവമേളത്തിന്റെയും, കലാപരിപാടികളുടെയും പൊടിപ്പും തൊങ്ങലും വച്ച വർണന തരികയും ചെയ്യുന്ന സഹപാഠികൾ അൽപംദൂരെ വീടുള്ള എന്നെപ്പോലുള്ളവരെ ഉത്സവ ക്കഥകളാൽ ഭ്രമിപ്പിച്ചു.

ഇതെല്ലാം കേട്ട് വർധിത ഹൃദയ ഭാരത്തോടെ വീട്ടിൽ ചെന്ന് ഏകപക്ഷീയമായൊരു പ്രഖ്യാപനമാണ്നാളെ പൂക്കോത്തു നടയിൽ നല്ല ഗാനമേളയുണ്ട് നമ്മളും ഉത്സവത്തിനു പോണം”. കറുത്ത കണ്ണും വെളുത്ത ചോറുമാണ് കുട്ടികളെ വളർത്താൻ നല്ലത് എന്ന ഓൾഡ് ഫാഷൻ ചിന്താഗതിക്കാരനായ അച്ഛനെ സ്വാധീനിക്കുക പ്രയാസമായിരുന്നു. എന്നാലും, ചേച്ചി പുതിയൊരു പാട്ടിന്റെ പല്ലവി തുടങ്ങി വച്ചാൽ കൃത്യമായി അനുപല്ലവി പാടുന്ന അനിയത്തി കൂട്ടുള്ള ധൈര്യത്തിൽ പുറത്തെടുക്കുന്ന ഉണ്ണാവ്രത ഭീഷണിയെന്ന വജ്രായുധം.

ഒടുവിൽ പെൺമക്കളുടെ കണ്ണീരിനു മുൻപിൽ കാൽ വഴുതാത്ത അച്ഛൻ വാശികളുണ്ടാവില്ല എന്നച്ഛൻ പലതവണ തെളിയിക്കും. അങ്ങനെ, യൂ പി സ്‌കൂൾ കാലഘട്ടത്തിലാണ് കണ്ണീരു കാട്ടി തരപ്പെടുത്തിയ ഉത്സവ കാഴ്ച്ചകൾ പലതവണ മനസിൽ കയറിയിറങ്ങി പോയിരുന്നത്.
പുതിയ ബസ് സ്റാൻഡിന്റെയും ആധുനിക കെട്ടിടങ്ങളുടെയും പകിട്ടൊന്നും അന്ന് തളിപ്പറമ്പിനുണ്ടായിരുന്നില്ല.

വായിക്കുക:  മണിപ്പൂരിൽ തിരയുന്ന രണ്ട് കുറ്റവാളികളെ ചെന്നൈയിലെ ലോഡ്ജിൽ നിന്ന് പിടികൂടി

ഏഴു മണിക്ക് ശേഷം പകുതിയിരുണ്ടു പോകാറുണ്ടായിരുന്ന ടൗണിലെ കടകൾ ഉത്സവ വിൽപന പ്രതീക്ഷിച്ചു അലങ്കാര ബൾബുകളുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങും. പോരാത്തതിന് താൽക്കാലിക വിളക്ക് കാലുകളിൽ അവിടവിടെയായി നാട്ടിയിരിക്കുന്ന ട്യൂബ് ലൈറ്റുകൾ രാത്രിയെ പകൽ സമാനമാക്കും. കാലഘട്ടത്തിലെ കുട്ടിക്ക് അന്നത് നയനാഭിരാമമായൊരു വെളിച്ചക്കാഴ്ച്ച തന്നെയായിരുന്നു എന്നു വേണം പറയാൻ.
അമ്പലം മുതൽ ഹൈവേയിലെ പൂക്കോത്തുനട വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡിനിരുപുറവും പല ജാതി വില്പനച്ചരക്കുകൾ നിരത്തിയ ഉത്സവച്ചന്തകൾ വലിയ പ്രലോഭങ്ങളുമായി കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും. ഒടുവിൽ ഉത്സവമവസാനിക്കുമ്പോഴേക്കും പത്തെണ്ണം മോഹിച്ച കുട്ടിക്ക് മൂന്നെണ്ണം കിട്ടുമ്പോൾ വ്യസനത്തോടെ ഓർക്കുംആഗ്രഹമാണ് ദുഖത്തിന് കാരണമെന്ന്’.

എങ്കിലും, അന്നാ ഉത്സവ ചന്തയിൽ നിന്ന് ക്യൂട്ടെക്‌സ് എന്നപേരിൽ വാങ്ങിയ കുപ്പികൾ തന്ന സന്തോഷാധിക്യമൊന്നും മുതിർന്നപ്പോൾ നെയിൽപോളിഷെന്ന പേരിൽ മുന്നിൽ നിരന്നു നിന്ന കുപ്പികളോട് വിവരിച്ചാൽ അവയ്ക്കതൊന്നും ഉൾക്കൊള്ളാനാവില്ല
ഉത്സവത്തിന്റെ പ്രഭവ കേന്ദ്രം അമ്പലമാണ് എന്നറിയാമായിരുന്നെങ്ങിലും നാട് മുഴുവൻ ഉത്സവ ലഹരിയിലായതു പോലെ തന്നെയായിരുന്നെന്നു വേണം പറയാൻ, ദൂരദേശങ്ങളിലുള്ളവർ തളിപ്പറമ്പിലെ ഉത്സവം എന്നാണ് പറഞ്ഞിരുന്നതും .ഉത്സവത്തിന്റെ തിടമ്പ് നൃത്തവും ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന കലാപരിപാടികളും , ഗാനമേളകളും ഒക്കെ നടക്കുന്നതു പൂക്കോത്ത് നടയിൽ ആയിരുന്നു.

അച്ഛനമ്മമാർക്കൊപ്പം സന്ധ്യക്ക് അമ്പലത്തിലെത്തിയാൽ ഭക്തി, പ്രാർത്ഥന എന്നതിനേക്കാളേറെ ഒരുപാടാളുകളെ കാണാം ഉത്സവത്തിന്റെ ബഹളങ്ങളിൽ അലിഞ്ഞു ചേരാം, കളിക്കോപ്പുകൾക്കിടയിലേക്ക് അമ്മയെ വലിച്ചിഴയ്ക്കാം, കലാ പരിപാടികൾ കാണാം എന്നതൊക്കെ മാത്രമായിരുന്നു പ്രതീക്ഷകൾ. പക്ഷേ കണ്ണിനു കുളിർമ്മയായി നിറഞ്ഞു കത്തുന്ന തെളി ദീപങ്ങൾക്ക് നടുവിലൂടെ കാണുന്ന മഞ്ഞപ്പട്ടുടുത്ത കൃഷ്‌ണ വിഗ്രഹം കുട്ടിയുടെ മനസിലും ഒരു പ്രത്യേക നിർവൃതിയൊക്കെ നിറച്ചിട്ടുണ്ടാവാം..

വായിക്കുക:  വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ.

ആർപ്പുമാരവങ്ങളുമില്ലാതെ ഉത്സവ  കാലം കടന്നു പോയപ്പോൾ  4G വേഗതയിൽ പ്രവർത്തിക്കുന്ന ഓന്തിന്റെ മുഖമുള്ള 3D മുഖം മൂടി ഊരി വച്ചെനിക്ക് തളിപ്പറമ്പിലെ കൃഷ്ണനോടൊന്നേ പറയാനുള്ളു….
ജൂൺ മാസമഴയിലെ നനഞ്ഞൊട്ടിയ പാവാടത്തണുപ്പിലും ഒരു കുമ്പിൾ നെയ്‌പായസക്കൊതിയുമായി നിന്റെ മുൻപിൽ തഞ്ചി നിന്നവളുടെ മനസിലുത്സവം എന്നുമൊരോർമ്മയാണ്. എന്നാലിന്ന്, ഉള്ളിൽ പ്രാർത്ഥന മാത്രമാണ്, ഭൂമിയുടെ വസുന്ധരാ യോഗം കഴിഞ്ഞിട്ടും രോഗഭീതി വിട്ടൊഴിയുന്നില്ലല്ലോ കൃഷ്ണാ… പേടിയുടെ നിഴലകന്നൊരുത്സവ കാഴ്ച്ച വീണ്ടും ഞങ്ങൾക്ക് കാട്ടി തന്നേക്കണേ..

കോവിഡ് -19 ഭീതിയുടെ നിഴൽ  പൂർണമായും നമ്മളിൽ നിന്നകന്നു പോകുന്നത് വരെ ഉത്സവം മനസ്സിൽ മാത്രമായിരിക്കണം എന്ന ഓർമ്മപ്പെടുത്തലോടെ ..

(ഈ ലേഖനത്തിൽ എടുത്തിരിക്കുന്ന നിലപാട് ആശയം പരാമർശങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം ലേഖകനു മാത്രമാണ്, ഇത് ബെംഗളൂരു വാർത്തയുടെ പ്രഖ്യാപിത നിലപാട് ആയിക്കൊള്ളണമെന്നില്ല, നിങ്ങളുടെ ലേഖനം പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ bvaartha@gmail.com ലേക്ക് അയക്കുക)
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Written by 

Related posts

Leave a Comment

[metaslider id="72989"]
Click Here to Follow Us