FLASH

കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി.

ന്യൂഡൽഹി:കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി.

കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂൺ എട്ടുമുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

ആദ്യഘട്ടത്തിൽ ജൂൺ എട്ടുമുതൽ കണ്ടെയ്ൻമെന്റ് പ്രദേശത്തിന് പുറത്തുള്ള ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സേവനവുമായി ബന്ധപ്പെട്ട മറ്റു സർവീസുകൾ, ഷോപ്പിങ് മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കാം.

പൊതുസ്ഥലങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചർച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും.

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. സംസ്ഥാന സർക്കാരുകൾ സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാർക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികൾക്കും ഈ ഘട്ടത്തിൽ അനുവാദം നൽകും.

രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെയുള്ള നൈറ്റ് കർഫ്യൂ കർശനമായി തുടരും. അവശ്യസർവീസുകൾക്ക് കർഫ്യൂ ബാധകമല്ല. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾ/തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ നൽകാം.

കണ്ടെയിൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ക് ഡൗൺ തുടരും.

കണ്ടെയിൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രം അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളിൽ നിന്നോ ഉള്ള യാത്രകൾക്ക് നിരോധനം. അവശ്യസർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. വീടുകയറിയുള്ള നിരീക്ഷണം, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ എന്നിവ ഈ മേഖലയിൽ തുടരണം.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണുകൾക്ക് പുറമേയുള്ള ബഫർ സോണുകൾ കണ്ടെത്തണം. ആവശ്യമെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തണം.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിലവിലെ സ്ഥിതി വിശകലനം ചെയ്തതിനുശേഷം ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം.

അന്തർ ജില്ലാ, അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണങ്ങളില്ല. യാത്രയ്ക്ക് പ്രത്യേക അനുമതിയോ പാസുകളോ ആവശ്യമില്ല. എന്നാൽ പൊതുജനാരോഗ്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക്/ കേന്ദ്രഭരണപ്രദേശങ്ങൾക്ക് തീരുമാനിക്കാം.

പാസഞ്ചർ ട്രെയിൻ, ശ്രമിക് ട്രെയിൻ, പ്രവാസികളെ തിരിച്ചെത്തക്കുന്നതിനുള്ള പ്രത്യേകദൗത്യ യാത്രകൾ എന്നിവ പ്രത്യേക പ്രോട്ടോക്കോൾ പ്രകാരം തുടരും.

അതിർത്തി കടന്നുള്ള ചരക്ക് നീക്കത്തെ വിലക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി ഇല്ല.

65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീടിനുള്ളിൽ കഴിയാൻ നിർദേശം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാം.

എല്ലാ ജീവനക്കാരും ആരോഗ്യസേതു ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പുവരുത്തണം. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ജില്ലാ ഭരണകൂടം ജനങ്ങൾക്ക് നിർദേശം നൽകണം.

കേന്ദ്രം പുറത്തിറങ്ങിയ മാർഗനിർദേശങ്ങളിൽ അയവ് വരുത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി ഇല്ല. മാർഗനിർദേശം നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റുമാർ ഉറപ്പുവരുത്തണം.

ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോൾ നിയന്ത്രണം കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമായി ഒതുങ്ങുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560

Related posts

error: Content is protected !!