FLASH

രോഗിയായ ഗൃഹനാഥൻ അടങ്ങുന്ന മലയാളി കുടുംബത്തെ ഇറക്കിവിട്ട് വീട്ടുടമസ്ഥൻ;ക്ഷേത്രത്തിൻ്റെ കെട്ടിടത്തിൽ അഭയം തേടിയ ഇവർക്ക് സഹായവുമായി മലയാളി സംഘടന.

ബെംഗളൂരു : ഈ കോവിഡ് ലോക്ക് ഡൗൺ കാലത്തും ചില മനുഷ്യർ എത്ര ക്രൂരൻമാക്കുന്നു എന്ന് കാണിക്കുന്ന വാർത്തയാണ് ഇത്. അധികാരികളുടെ സഹായമില്ലാത്തതിനാൽ അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോകുന്ന റോഡിലേക്ക് വലിച്ചെറിയപ്പെടുന്ന ജന്മങ്ങളേ കുറിച്ച് ചിന്തിക്കാൻ നമുക്ക് എത്ര പേർക്ക് സമയമുണ്ട്.

മൈസൂരുവിൽ നിന്ന് വരുന്ന വാർത്ത ഓരോ മനുഷ്യ സ്നേഹിയേയും അലോസരപ്പെടുത്തുന്നതാണ്.

വീട്ടുവാടക കൊടുക്കാൻ കഴിയാതിരുന്ന രോഗിയായ ഭർത്താവും ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമുൾപ്പെട്ട മലയാളികുടുംബത്തെ വീട്ടുടമ ഇറക്കിവിട്ടതായി പരാതി.

ഇവർ സമീപത്തുള്ള ഒരു ക്ഷേത്രത്തിൻ്റെ കെട്ടിടിടത്തിൽ അഭയം തേടുകയായിരുന്നു.

രാജേന്ദ്രനഗർ കുരിമണ്ഡയിൽ താമസിച്ചുവന്ന ഗംഗാധരനും കുടുംബത്തിനുമാണ് താമസസ്ഥലം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നത്.

മഴപെയ്താൽ ചോർന്നൊലിക്കുന്ന ഒരു ചെറിയ വീട്ടിൽ രണ്ടായിരം രൂപ വാടക നൽകിയായിരുന്നു കുടുംബം താമസിച്ചുവന്നിരുന്നത്.

മൈസൂരു നഗരത്തിലെ എൽ.ഐ.സി. സർക്കിളിനടുത്തുള്ള ഒരു കുടുംബക്ഷേത്രത്തിന്റെ ഷെഡിലാണ് ഇവർ നാല് ദിവസമായി ജീവിതം തള്ളി നീക്കുന്നത്.

തലയിലെ ഞരമ്പ് ദുർബലമാകുന്ന അസുഖം ബാധിച്ച ഗംഗാധരൻ ഒന്നര വർഷമായി ജോലിക്കുപോകാൻ കഴിയാതിരിക്കുകയാണ്.

ഭാര്യ കൃതൃക ഒരു വീട്ടിൽ അടുക്കളപ്പണിക്കുപോയാണ് കുടുംബം പുലർത്തിയിരുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ വന്നതോടെ ജോലിക്ക് പോകാൻ കഴിയാതായി. ഇതാണ് വീട്ടുവാടക നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കിയതെന്ന് കുടുംബം പറയുന്നു.

രണ്ടുമാസത്തെ വാടകയും വൈദ്യുതിബില്ലിന്റെ അടവുമാണ് മുടങ്ങിയതെന്ന് കൃതൃക പറയുന്നു. എന്നാൽ കൂടുതൽ തുക കുടിശ്ശികയുണ്ടെന്നും വൈദ്യുതി ബിൽ കുടിശ്ശിക ഉൾപ്പെടെ 14,000 രൂപ നൽകണമെന്നുമാണ് വീട്ടുടമ പറയുന്നത്.

കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും  നൽകാതെ വീട്ടിൽനിന്നും പുറത്താക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു.

ഓരോ ജോഡി വസ്ത്രം മാത്രമായാണ് ഇവർ വീടുവിട്ടത്. മറ്റു സാധനങ്ങളൊന്നും എടുക്കാൻ വീട്ടുടമ സമ്മതിച്ചില്ല.

സ്ഥിരമായി പോകുന്ന ഒരു കുടുംബക്ഷേത്രത്തിൽ താൽക്കാലികമായി താമസിക്കാൻ ഇവർ അനുവാദം ചോദിക്കുകയായിരുന്നു.

ഇങ്ങനെയാണ് ക്ഷേത്രത്തിൽ താമസമാക്കിയത്. പക്ഷേ, ഇവിടെ അധികം ദിവസം തുടരാൻ കഴിയില്ല.

ചോർന്നൊലിക്കുന്ന ഷെഡിൽ കുട്ടികളുമായി താമസിക്കാനും പ്രയാസമാണ്. കുടുംബത്തിന്റെ പ്രയാസമറിഞ്ഞ് സുവർണ കർണാടക കേരള സമാജം പ്രവർത്തകർ ഇവരെ സന്ദർശിച്ചു.

കുടുംബത്തിന് താമസസൗകര്യമൊരുക്കാനും സാമ്പത്തിക പ്രയാസം പരിഹരിക്കാനും വേണ്ടത് ചെയ്യുമെന്ന് സമാജം ജില്ലാ പ്രസിഡന്റ് ഡോ.അനിൽ തോമസ്, ഈസ്റ്റ് സോൺ പ്രസിഡന്റ് സുരേഷ് ബാബു എന്നിവർ പറഞ്ഞു.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560

Related posts

error: Content is protected !!