FLASH

മാസ്ക് അണിഞ്ഞു ജീവിച്ചു തുടങ്ങുമ്പോൾ… ഷൈന രാജേഷ് എഴുതുന്നു.

കോളേജിൽ കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ച സുനിൽ മാഷെഴുതിയ കവിതയിൽ ഇന്നലെ വായിച്ചതാണ് ‘ശരിയുടെ ആഴമളക്കാൻ വരരുത്’ എന്നത്. മനസിനെ ഏറെ സ്പർശിച്ച ഒരു വാചകമായിരുന്നു അത്. എൻറെയും നിൻറെയും ശരികൾ തമ്മിലുള്ള അന്തരം തന്നെയാണ് പലപ്പോഴും വ്യക്തി ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതും മറ്റുള്ളവരെ ക്രിട്ടിസൈസ് ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നതും.

നമ്മുടെ ശരികൾ ഉണ്ടാകുന്നത് നമ്മുടെ ചിന്തകളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും, ജീവിത സാഹചര്യങ്ങളിൽ നിന്നുമെല്ലാമാണ് അതുകൊണ്ടു തന്നെ മറ്റൊരു സാഹചര്യത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയോട്ട് ”ശരിയിങ്ങനെയാണ്” എന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിക്കില്ല എന്നതാണ് വാസ്‌തവം. ഒരാൾ ചെയ്‌ത പ്രവർത്തി തെറ്റാണ് എന്ന് മറ്റൊരാൾ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞാൽ അത് തെറ്റല്ല ശരിയാണ് എന്ന് സ്ഥാപിച്ചെടുക്കാൻ ഭഗീരഥ പ്രയത്നം ചെയ്‌താലും ശ്രമം വിഫലമാവുക തന്നെ ചെയ്യും.
ഇതിനെ സാധൂകരിക്കുന്ന പല അനുഭവങ്ങൾ നമ്മളിൽ പലർക്കും ണ്ടായിട്ടുണ്ടാവാം.
എനിക്കറിയാവുന്ന സുനിതയുടെയും കമലയുടെയും ശരി തെറ്റുകൾ ഇവിടെ കുറിച്ചിടുന്നു. സുനിത എഞ്ചിനീയറിംഗ് ബിരുധ ധാരിണിയും പതിനൊന്നും രണ്ടും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയുമാണ്. സുനിതയുടെ ഫ്ലാറ്റിൽ സ്ഥിരമായി തൂത്തു തുടച്ചു വൃത്തിയാക്കാൻ വരുന്ന സ്ത്രീയായിരുന്നു കമല. ഏകദേശം ഒരു വർഷം മുൻപാണ് എന്ന് തോന്നുന്നു ഒരാഴ്ച്ച തുടർച്ചയായി കമല പണിക്കു വരാതായി. ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ല, സാധാരണ മുന്നറിയിപ്പില്ലാതെ ഇത് പതിവില്ലാത്തതാണ് എന്ന കാരണം കൊണ്ട് തന്നെ വേറൊരു ജോലിക്കാരിയെ തേടുന്നതിന് മുൻപേ ഒന്നറിയിക്കണ്ട മര്യാദ കാണിക്കാം എന്ന് കരുതിയാണത്രെ സുനിത കമലയുടെ വീട് തേടിപ്പോയത്.
ഒറ്റമുറി ആസ്ബസ്റ്റോസ് വീട്ടിനുള്ളിൽ പനിച്ചു കിടക്കുന്നു കമല, ചെറിയ രണ്ടാൺ കുട്ടികളും അമ്മയ്ക്കടുത്തുണ്ടായിരുന്നു. മൊബൈൽ ഫോൺ കേടായത് കൊണ്ടാണ് വിളിച്ചു പറയാൻ പറ്റാതിരുന്നത്. ഇനിയും കുറച്ചു ദിവസം കഴിഞ്ഞേ ജോലിക്കു വരൂ. താൻ വരുന്നതിനു മുൻപേ വേറെ ആരെയും ജോലിക്കു ചേർക്കരുത് എന്ന് കമല ആവശ്യപ്പെട്ടത് പ്രകാരം സുനിത കാത്തിരുന്നു.
സുനിത ജീവിതത്തിൽ ആദ്യമായാണ് ഇത്രയേറെ പ്രാരാബ്ധം നിറഞ്ഞ ഒരു ജീവിത സാഹചര്യം നേരിട്ട് കണ്ടത് അതുകൊണ്ടു തന്നെ പനിമാറി തിരിച്ചു വന്ന കമലയെ വളരെ സഹാനുഭൂതിയോടെ നോക്കിത്തുടങ്ങി സുനിത. സാധാരണ കൊടുക്കാറുണ്ടായിരുന്ന ശമ്പളത്തിന് പുറമെ പലവിധ സഹായങ്ങളും ചെയ്തു തുടങ്ങി.
കുറച്ചു നാൾ മുൻപ് സുനിതയെ പുറത്തു കണ്ടപ്പോൾ ചോദിച്ചു ”ഇപ്പോൾ കമല വരാറില്ലേ? ” ഇല്ല പുതിയൊരാളെ തേടണം. തെല്ലൊരത്ഭുദത്തോടെയാണ് ഞാനത് കേട്ടത്. സുനിത കമലയ്ക്ക് മിക്സിയടക്കമുള്ള വീട്ടുപകരങ്ങൾ വാങ്ങിക്കൊടുത്തതും അവളുടെ കുട്ടികളെ ട്യൂഷൻ ക്ലാസ്സിൽ ചേർത്തതും എല്ലാം ഏകദേശം പരസ്യമായ രഹസ്യമായിരുന്നു. പിന്നീട് ഇപ്പോഴെന്തുണ്ടായി എന്നറിയാൻ സ്വാഭാവികമായ ഒരാകാംക്ഷ എനിക്കുമില്ലാതിരുന്നില്ല. മുൻപെല്ലാം അവൾ വളരെ അടക്കത്തോടെ പണിയെടുത്തു പോയിരുന്നു അവൾ അടുത്തിടെയായി മൂടി വച്ച ഭക്ഷണ പാത്രങ്ങൾ തുറന്നു നോക്കുന്നു, സോഫയിലിരിക്കുന്നു, മൊത്തത്തിൽ ഒരു മാറ്റം. എല്ലാം സഹിക്കാമായിരുന്നു പണിയെടുത്തു പോകുന്ന രണ്ടു മണിക്കൂറിനിടയിൽ പത്തു തവണ എന്നെ സുനിതാ, സുനിതാ ..എന്ന് വിളിക്കും. “നമ്മ മനേഗെല്ലാം മനേ കെൽസ മാടക്കു ബെന്ദ്രേ അത് ഒന്ദേ മാഡ് ക്കൊണ്ടു ഹോഗ്‌ബേക്കൂ അവളു നന്ന ഹെസറിട്ടു കൂഗ് ത്തായിതാളേ..” (എൻ്റെ വീട്ടിലെല്ലാം വീട്ടുവേലക്കു വന്നവൾ അത് മാത്രം ചെയ്യാറാണ് പതിവ് ഇവളെന്നെ പേരെടുത്തു വിളിക്കുന്നു)
അവസാന വാചകത്തിൽ സുനിതയുടെ ആത്മരോഷം മുഴുവൻ പുറത്തു വന്നു..
ഇതെല്ലാം കേൾക്കുന്ന നമ്മളിൽ ചിലർക്ക് തോന്നാം, ഇത്രയെല്ലാം സഹായങ്ങൾ ചെയ്തുകൊണ്ടിരുന്ന സ്ഥിതിക്ക് പെട്ടന്ന് പറഞ്ഞയക്കണ്ടായിരുന്നു ഒന്നുപദേശിക്കാമായിരുന്നു, ഒരാളുടെ ജീവിത മാർഗ്ഗമല്ലേ പെട്ടെന്നില്ലാതായിപ്പോയത്. മറ്റു ചിലർക്ക് തോന്നാം വീട്ടു വേലയ്ക്ക് വന്നവൾക്ക് ഇത്രയ്ക്കഹങ്കാരം നന്നല്ല സുനിത ചെയ്‌തത്‌ തന്നെയാണ് ശരി എന്ന്.
ഇന്നത്തെ കാലത്ത് ആർക്കും ആരെയും പേരെടുത്തു വിളിക്കാം അതിൽ ബഹുമാനക്കുറവിൻറെ വിഷയം ഉദിക്കുന്നുണ്ടോ? ബഹുമാനം ചോദിച്ചു വാങ്ങാവുന്ന ഒരു സാധനവും അല്ലല്ലോ? വീട്ടു ജോലിക്കു വരുന്നവരെ ആ ജോലി ഭംഗിയായി ചെയ്യാൻ അനുവദിക്കുക എന്നതാണല്ലോ പ്രഥമ ഗണനീയമായ വസ്‌തുത? ആദ്യമായി പണിക്കുവന്നൊരു വീട്ടിൽ നിന്ന് കൂടുതൽ പരിഗണന ലഭിച്ചപ്പോൾ കമലയുടെ അവസ്ഥ എന്തായിരുന്നിരിക്കാം? വേലയ്ക്കു വന്ന വീട്ടിൽ വീട്ടുകാരിയുടെ കൂട്ടുകാരിയെപ്പോലെ ഇടപെടാൻ ശ്രമിച്ചപ്പോൾ കമലയുടെ മാനസിക വ്യാപാരങ്ങൾ എന്തൊക്കെയായിരുന്നു എന്ന് സുനിതയ്‌ക്കോ കഥ കേട്ട നമ്മൾക്കോ അറിയില്ലല്ലോ?
ഒരു വീട്ടു വേലക്കാരിയിൽ നിന്നും താൻ ഇതിലുമേറെ ബഹുമാനം അർഹിക്കുന്നുണ്ട് എന്ന സുനിതയുടെ ബോധത്തെ ഖണ്ഡിക്കാൻ നമുക്ക് എന്തൊക്കെ വാദങ്ങളാണ് നിരത്താനാവുക? കമലയെ ശരിയായ രീതിയിൽ കൈ കാര്യം ചെയ്യാനാവാതെ പോയത് സുനിതയുടെ തെറ്റാണ് എന്ന് വേണമെങ്കിൽ പറയാം ..
ശരി തെറ്റുകളങ്ങനെയാണ്, സർവ്വ സ്വീകാര്യമായവ കുറവായിരിക്കും ആപേക്ഷികമായവയാണ് കൂടുതൽ.
എല്ലാ മനുഷ്യരുടെയും ഉള്ളിൽ അടിസ്ഥാനപരമായി ഉള്ള വസ്‌തുത നൻമ തന്നെയാണ് പക്ഷേ പലപ്പോഴും സ്വന്തം ഈഗോ ചെറുതായൊന്നു മുറിപ്പെട്ടു എന്ന് തോന്നുമ്പോൾ, നമ്മളിലെ നന്മയുടെ അംശം മറ്റുള്ളവർ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു എന്ന് തോന്നുമ്പോൾ, നമ്മൾ നമ്മുടെ മാത്രം ശരികളുടെ ചട്ടക്കൂട് നിർമിക്കാൻ ശ്രമിക്കുന്നു എന്നതാണ് സത്യം. വ്യക്തമായ മുൻധാരണകളുടെയും അനുഭവജ്ഞത്തിന്റെയും അടിസ്ഥാനത്തിൽ വിചാരണയും വിധിപ്രസ്താവനയും എല്ലാം നമ്മൾ സ്വയം നടത്തുന്നു.
അങ്ങനെയൊക്കെയാണ് പലപ്പോഴും നമുക്ക് നമ്മുടേത് മാത്രമായ ശരികളുണ്ടാവുന്നത് അപ്പോഴാണ് മറുഭാഗത്തു നിൽക്കുന്നയാൾ തെറ്റാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത ഉള്ളിലുണ്ടാവുന്നത്. സ്വന്തം ഭാഗം ന്യായീകരിച്ചു ജയിക്കാൻ ശ്രമിക്കുന്നയാളെയും തെറ്റു പറയാനാവില്ല കാരണം നമ്മുടെ സമൂഹത്തിൽ സ്വന്തമായ ശരികൾ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കാത്തവരെ ”നട്ടെല്ലില്ലാത്തവൻ” എന്നും ആളുകൾ വിളിക്കാറുണ്ടല്ലോ?
നമ്മളിൽ പലർക്കും പലപ്പോഴും സുനിതയുടെ സ്ഥാനത്തു വന്നു നിൽക്കേണ്ടി വന്നിട്ടുണ്ടാവാം ഒരു പരിധിയിൽ കൂടുതലൊന്നും മറ്റുള്ളവരുടെ ഉള്ളിലേക്കിറങ്ങി ചെല്ലാനൊന്നും നമുക്കാർക്കും സമയമോ സാവകാശമോ ഉണ്ടായി എന്ന് വരില്ല. പലപ്പോഴും നമുക്കെല്ലാം അറിഞ്ഞോ അറിയാതെയോ കമലയുടെ സ്ഥാനത്തും വന്നു നിൽക്കേണ്ടിയും  വന്നിട്ടുണ്ടാവാം കാരണം ശരികളുടെ കണക്കു പുസ്‌തകം മാത്രമല്ലല്ലോ ജീവിതം.
എൻ്റെ പരിമിതിക്കുള്ളിൽ നിൽക്കുമ്പോൾ ”ഇത് ശരിയാണ്” എന്ന് തോന്നിയത് മറ്റുള്ളവരുടെ കണ്ണിൽ വലിയ തെറ്റുകളായി തോന്നിയിരിക്കാം. ന്യായീകരിക്കാനോ വാദിച്ചു ജയിക്കാനോ സാധിക്കാതെ നിസ്സഹായരായി നിൽക്കേണ്ടി വന്ന അവസ്ഥ. അങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും ഏറെ ദുഖിക്കേണ്ട കാര്യമില്ല, ശരി തെറ്റുകളുടെ ഒരു വടം വലിയാണ്  ജീവിതം – , ഒരു ഭാഗം  മാത്രമേ ജയിക്കൂ എന്നത് സ്വാഭാവികതയാണ്.
കോവിഡിനൊപ്പം മുഖത്തു മാസ്‌ക് അണിഞ്ഞു ജീവിച്ചു തുടങ്ങുമ്പോൾ മനസിന് കുറുകെ അണിഞ്ഞ മാസ്‌ക് നമുക്കെടുത്തു മാറ്റാം. ഇതൊരു പുതിയ ലോകമാണെന്നു പറഞ്ഞു പഠിക്കാം ..
തെറ്റും ശരിയും ഇടകലർന്ന ലോകത്തിൽ ഒരു വലിയ ശരിയാവാൻ ആർക്കും ആവില്ല എന്ന് തിരിച്ചറിഞ്ഞു തുടങ്ങുന്ന നിമിഷം മുതൽ നമുക്ക് നമ്മളായി ജീവിക്കാനും അന്യരെ അവരായി അംഗീകരിക്കാനും സാധിയ്ക്കും എന്നതാണ് സത്യം. മനുഷ്യർ കുറ്റങ്ങളും കുറവുകളും ഉള്ളവനും ശരിയും തെറ്റും ചെയ്യുന്നവനും ഒക്കെയാണെന്ന തിരിച്ചറിവ് തന്നെയാണ് മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്നതിന്റെ അടിസ്ഥാനം, സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ സാമൂഹ്യ ജീവിയായി ജീവിച്ചു തുടങ്ങാം.
# An episode from my Bengaluru diary#
Email : teatimetalks2020@gmail.com
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Leave a Comment