FLASH

കൊറോണ പ്രതിരോധം:നീണ്ടു പോകുന്ന ലോക്ക് ഡൗൺ ആശങ്ക ഉയർത്തുന്നുണ്ടോ ?

വിഷു ദിന പ്രഭാതത്തിൽ  രാജ്യത്തിൻറെ മുൻപിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി.വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ജനങ്ങൾക്ക് എന്ത് സന്ദേശമാണ്  നൽകിയത് ?

അത്ഭുതങ്ങൾ ഒന്നും  സംഭവിച്ചില്ല. ലോക്ക് ഡൌൺ മെയ് 3 വരെ വീണ്ടും നീട്ടുന്നു.7 പുതിയ ടാസ്‌കും നൽകി.

1 .സാമൂഹിക അകലം നിർബന്ധമായും പാലിക്കണം
2 .മുതിർന്ന പൗരന്മാർക്ക് കൂടിയ പരിഗണന നല്കണം
3 .ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക
4 .ദരിദ്ര ജന വിഭാഗത്തെ സംരക്ഷിക്കുക
5 .വ്യവസായം/ ബിസിനസ് നടത്തുന്നവർ, അവരുടെ  ജോലിക്കാരെ സംരക്ഷിക്കണം
6 .കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ / നഴ്സുമാർ  / ആരോഗ്യ പ്രവർത്തകർ  എന്നിവർക്ക്  അഭിനന്ദനം.

7 .ആയുഷ് ആപ്പ് മൊബൈൽ ഫോണിൽ ഡൌൺ ലോഡ് ചെയ്യണം

പ്രധാന മന്ത്രിയുടെ  പ്രഖ്യാപനത്തിനു  കാതോർത്തിരുന്ന ഇന്ത്യൻ ജനത പ്രതീക്ഷിച്ചതു  ഇതാണോ ? മാർച്ച് 23 നു തുടങ്ങിയ  ലോക്ക് ഡൌൺ ഇതിനകം തന്നെ പാവപ്പെട്ടവരും സാധാരണക്കാരുമായവരെ ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട് .

ലോക്ക് ഡൌൺ വീണ്ടും നീട്ടുമ്പോൾ  ഈ രാജ്യത്തെ കൂലി പണിക്കാർ  / കർഷക തൊഴിലാളികൾ / ദിനവും ജോലിചെയ്തു  കുടുംബം പോറ്റുന്നവർ / ചെറുകിട കൃഷി ചെയ്തു ജീവിക്കുന്നവർ / കുടിയേറ്റ തൊഴിലാളികൾ ഇവർ ഇങ്ങിനെ പട്ടിണിയില്ലാതെ കഴിയും ?

ഇവിടെ ഉയർന്നു വരുന്ന  ചോദ്യങ്ങൾ എന്തൊക്കെയാണ് ..?

1 . ലോക്ക് ഡൌൺ മൂലം കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ  ഫലപ്രദമായ എന്ത് നടപടികൾ ഉണ്ടാകും ?

2 .രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ സ്വദേശത്തേക്കുള്ള മടക്ക യാത്ര സാധ്യമാകുമോ ?

3 . ലോക്ക് ഡൌൺ മൂലം തകർന്ന സമ്പത് ഘടനയെ  ഉത്തേജിപ്പിക്കാൻ  പ്രത്യേക   പാക്കേജു പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുമോ ?

4 . ലോക്ഡൗണിനോട് ജനങ്ങൾ സഹകരിക്കണമെങ്കിൽ അവർക്ക് ഭക്ഷണവും ധനസഹായവും നൽകണം .കേന്ദ്ര സർക്കാരിൻറെ നടപടികൾ  ?

5 . ചെറുകിട വ്യവസായങ്ങൾ , കച്ചവടം , പരമ്പരാഗത തൊഴിലുകൾ , കൈത്തൊഴിലുകൾ  ഇവ സംരക്ഷിക്കാൻ പ്രായോഗിക  നടപടികൾ എന്ത് ?

6 .ഇന്ത്യക്കു പുറത്തു കഴിയുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ / നാട്ടിലേക്കുള്ള മടക്ക യാത്ര  സംബന്ധിച്ചുള്ള  തീരുമാനം

7 . ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണ ഉപകരണങ്ങളും രോഗികൾക്കുള്ള മരുന്നും ലഭ്യമാക്കാൻ കഴിയുമോ ?

പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിമുഖത്തിൽ  കാര്യമായ കഴമ്പുള്ള  പ്രഖ്യാപനങ്ങൾ ഒന്നും തന്നെയില്ല എന്ന വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. നീണ്ടു പോകുന്ന പ്രതിസന്ധിയിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ  വസ്തുനിഷ്ഠവും , കാര്യപ്രാപ്തവുമായ  എന്ത് കർമ്മ പരിപാടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നത് രാജ്യത്തിന്റെയും ജനതയുടെയും ഭാവി നിർണയിക്കുമെന്നതിൽ തർക്കമില്ല .

30 കോടിയിൽ പരം ജനങ്ങൾ ദരിദ്ര നാരായണന്മാരുള്ള രാജ്യത്തു , ആയുഷ് ആപ്പ് മൊബൈൽ ഫോണിൽ ഡൌൺ ലോഡ് ചെയ്യണം എന്നൊക്കെ പറയുന്നത്
എന്ത് അടിസ്ഥാനത്തിലാണ് ?

ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ കൈകൊട്ടണമെന്നു പറഞ്ഞപ്പോൾ,പാട്ട കൊട്ടി  ജാഥ നടത്തിയ , ദിയ തെളിയിക്കാൻ പറഞ്ഞതിന് വെടിക്കെട്ട് നടത്തിയ വടക്കേ ഇന്ത്യൻ ഗ്രാമീണ ജനതയോടാണ് മോദിജിയുടെ ഏഴു് പുതിയ ടാസ്ക്  ആഹ്വാനം..!! .

ദരിദ്ര ജനവിഭാഗത്തെ പരിഗണിക്കണം എന്ന് ആഹ്വാനം ചെയ്യുമ്പോൾ , പ്രായോഗിക കർമ്മ പരിപാടികൾ പ്രഖ്യാപിക്കേണ്ട ബാധ്യതയില്ലേ ?

ഇനി , കോവിഡിനെ നേരിടാനാണെങ്കിൽ ,  കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ പര്യാപ്തമല്ല. ഓരോ നാലുദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്.

ഇതു പറയുമ്പോൾത്തന്നെ കഴിഞ്ഞ മൂന്ന് ആഴ്ചത്തെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറാവുകയും വേണം. ലോക്ഡൗൺ കൊണ്ടുമാത്രം പകർച്ചവ്യാധിയെ ഇല്ലാതാക്കാനാവില്ല.

പരിശോധന ഇപ്പോഴും ലോകനിലവാരത്തിൽനിന്ന് എത്രയോ താഴെയാണ്. വീടുകളിൽ അടച്ചുപൂട്ടപ്പെടുന്നവരിൽ രോഗലക്ഷണുള്ളവരെ കണ്ടെത്തുകയും ടെസ്റ്റ് ചെയ്യുകയും വേണം.

കേരളത്തിലെന്നപോലെ ഓരോ കോവിഡ് രോഗിയുടെയും സഞ്ചാരപഥം തയ്യാറാക്കുകയും ബന്ധപ്പെട്ടവരെയെല്ലാം നിരീക്ഷണത്തിലാക്കുകയും ടെസ്റ്റ് ചെയ്യുകയും വേണം. അതിൽ പോസിറ്റീവ് ആകുന്നവരെ ചികിത്സിക്കുക മാത്രമല്ല, അവരുടെ ബന്ധങ്ങളെയും പരിശോധിക്കണം. ഏറ്റവും താഴ്ന്ന നിരക്കിലുള്ള ടെസ്റ്റ് നടത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കൂടുതൽ ടെസ്റ്റ് കിറ്റുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കണം.

ചുരുക്കത്തിൽ ,പ്രധാന മന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ സാധാരണക്കാരന്  ഇങ്ങിനെ  താങ്ങാകും എന്നതാണ് വിഷയം .  നീണ്ടുപോകുന്ന  ലോക്ക് ഡൌൺ രാജ്യം എങ്ങിനെ അതിജീവിക്കും എന്ന ചോദ്യം എങ്ങും മുഴങ്ങുന്നു . സമ്പത് ഘടനയെ  ഉത്തേജിപ്പിച്ചു  ഉൽപാദന  പ്രക്രിയയെ സജീവമാകാനുള്ള നടപടികൾ
ഫലപ്രാപ്തിയിൽ എത്തിച്ചാൽ മാത്രമേ , ഈ തകർച്ചയിൽ നിന്നും രാജ്യം കര കയറുകയുള്ളു .

നീളുന്ന ലോക്ക് ഡൌൺ കാലത്തു ജനങ്ങളുടെ ആശങ്കയകറ്റുന്ന , ദൈനം ദിന ദുരിതങ്ങൾക്ക്  താങ്ങാവുന്ന നയങ്ങളും നടപടികളുമാണ് ആവശ്യം . കേന്ദ്ര സർക്കാർ എത്രത്തോളം പ്രതീക്ഷകൾക്കനുസരിച്ചു ഉയരും എന്നത് വളരെ പ്രസക്തമാണ് .

ലേഖകൻ

(ഈ ലേഖനത്തിൽ എടുത്തിരിക്കുന്ന നിലപാട് ആശയം പരാമർശങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം ലേഖകനു മാത്രമാണ്, ഇത് ബെംഗളൂരു വാർത്തയുടെ പ്രഖ്യാപിത നിലപാട് ആയിക്കൊള്ളണമെന്നില്ല, നിങ്ങളുടെ ലേഖനം പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ bvaartha@gmail.com ലേക്ക് അയക്കുക)

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!