FLASH

കോവിഡ്-19:വൈറസും മഹാമാരിയുടെ 100 ദിനങ്ങളും…

ലോകത്തെ പിടിച്ചുലച്ച  കോവിഡ്-19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ട്
(31.12.2019 – 09.04 .2020 ) 100 ദിനങ്ങൾ  പിന്നിട്ടു .

2019 ഡിസംബർ 31 നു ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ  Huanan മൽസ്യ ഭക്ഷണ മാർക്കറ്റിൽ നിന്നുമാണ് ലോകത്തു ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്തെ ചിലർക്ക് കടുത്ത പനി ബാധിച്ചു പിന്നീട് ന്യൂമോണിയ ആയി മാറി . തുടർന്നുള്ള ഗവേഷണങ്ങളിലൂടെ
പുതിയ  തരം കൊറോണ വൈറസ് ബാധയാണ് എന്ന നിഗമനത്തിൽ  ഡോക്ടർമാർ എത്തിചേർന്നത്.

2019 മാണ്ടിൽ കണ്ടെത്തിയ ആപത്കരമായ  വൈറസ് എന്നനിലക്ക്  2019  നോവൽ കൊറോണ വൈറസ് എന്നാണ് ആദ്യ ഘട്ടത്തിൽ വൈദ്യശാസ്ത്രം ഈ രോഗത്തെ പേരിട്ടു വിളിച്ചത്.

2019 ജനുവരി 11 നു ചൈനയിൽ ആദ്യ കൊറോണ മരണം സ്ഥിതീകരിച്ചു ,തുടർന്ന്  Jan .13 നു തായ്‌ലണ്ടിലും, ഫെബ്രുവരി മധ്യത്തോടെ ഇറാൻ ,ഫ്രാൻസ് , ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു.

പിന്നീട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) , ഈ   മഹാമാരിയുടെ  ഗൗരവം കണക്കിലെടുക്കുകയും , ജനുവരി 30  നു വൈറസിനെ  കോവിഡ് -19  എന്ന് വിശേഷിപ്പിക്കുയും ചെയ്തു .

കൊറോണ പോരാട്ടത്തിൽ മുൻ മാതൃകകളൊന്നും ഇല്ലാതെ തുടക്കത്തിൽ പതറിയ  ചൈനീസ് ഭരണകൂടം, രോഗത്തിന്റെ വ്യാപനവും പ്രാഹരശേഷിയും  കണ്ടു ഞെട്ടിയെങ്കിലും ശക്തമായ  പ്രതിരോധ നടപടികൾ സ്വീകരിച്ചു  രോഗത്തെ  ചെറുക്കാനുള്ള പോരാട്ടം ആരംഭിച്ചു .

ഒരു കോടി പത്തു ലക്ഷം ജനസംഖ്യ യുള്ള നഗരത്തെ പകർച്ച വ്യാധിയിൽ നിന്ന് രക്ഷിക്കാനുള്ള ബൃഹത്തായ യജ്ഞം.  പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചുള്ള നടപടികൾ .  ജീവൻ പണയം വെച്ച പോരാടുന്ന ആരോഗ്യ പ്രവർത്തകർ.

ചൈനീസ് ഭരണകൂടം  മഹാമാരിയെ തളക്കാൻ എന്ത് ചെയ്യുന്നുവെന്ന് ലോകം ഉറ്റുനോക്കി.   ഇന്നുവരെ മരുന്ന് കണ്ടുപിടിക്കാത്ത   രോഗത്തെ എന്ത് മാന്ത്രിക വിദ്യകൊണ്ട് പിടിച്ചു കെട്ടുമെന്നുള്ള ആകാംക്ഷ…

75 ദിവസത്തെ കഠിനപ്രയത്നത്തിനൊടുവിൽ ,ആകാശത്തിലേക്കു  കൈകൾ ഉയർത്തി ആരോഗ്യപ്രവർത്തകരും ചൈനീസ് ഭരണകൂടവും ലോകത്തോട് വിളിച്ചു പറഞ്ഞു –  ഇതാ ഞങ്ങൾ കൊറോണയെ പിടിച്ചു കെട്ടി .

 ഈ പോരാട്ടത്തിനിടെ 82000 പേർ രോഗ ബാധിതരാകുകയും, 3336 ജീവനുകൾ അവർക്കു നഷ്ട്ടപെടുകയും ചെയ്തു . ചൈന ഈ വ്യാധിയെ എങ്ങിനെ കീഴ്പ്പെടുത്തി എന്ന്‌ ലോക രാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക്  വഴിതുറന്നു.

തുടക്കത്തിൽ ചൈനയിലെ വുഹാനിൽ് മാത്രം ഒതുങ്ങി നിന്ന കൊറോണ , പതുക്കെ ഇറ്റലി , ഇറാൻ എന്നിവടങ്ങളിൽ  അപകടം വിതച്ചുകൊണ്ടു മുന്നേറുന്ന കാഴ്ചയാണ് പിന്നീട് ലോകം  കണ്ടത്.

പതിനായിരങ്ങൾ രോഗബാധിതരാകുന്നതും, ആയിരങ്ങൾ ദിനം പ്രതി മരിച്ചു വീഴുന്ന അവസ്ഥയിൽ , മാർച്ച് 11 നു കോവിഡ്-19 ഒരു ലോകവ്യാധിയെന്നു (Pandemic )  WHO പ്രഖ്യാപിച്ചു .

ലോക ശക്തികളും വികസിത മുതലാളിത്ത രാജ്യങ്ങളായ  അമേരിക്ക, ബ്രിട്ടൻ , ഫ്രാൻസ് , ജർമ്മനി , സ്പെയിൻ , ഇറ്റലി , ബെൽജിയം ,സ്വിറ്റ്സർലൻഡ് ,കാനഡ അടക്കം 212 ലോകരാജ്യങ്ങിൽ കോവിഡ് -19 ന്റെ പിടിയിലമർന്നു കഴിഞ്ഞു .

ഏപ്രിൽ 10 ലെ  WHO കണക്കു പ്രകാരം, ലോകത്തു 16 ലക്ഷത്തിൽ പരം പോസിറ്റീവ് കേസുകളും , 95 ,739 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

2020   മാർച്ച്  ആദ്യ വാരത്തിലാണ് , ചൈനയിലെ  വുഹാനിൽ  നിന്നും  പൊട്ടി പുറപ്പെട്ട  കൊറോണ  വൈറസ് ഭീതി ഇന്ത്യയിൽ   കൂടുതൽ   ചർച്ച യാകുന്നത്.

മാർച്ച്  13 നു  രാജ്യത്തെ ആദ്യ കോവിഡ് മരണം കർണാടകയിലെ  കൽബുർഗിയിൽ സ്ഥിരീകരിച്ചതോടെ, കൊറോണ ഭീതി സാധാരണ ജനങ്ങളിലും എത്തി .  .

മാർച്ച് 22 നു  പ്രധാന  മന്ത്രി  നരേന്ദ്ര മോഡി  രാജ്യത്തു എകദിന ജനത  കർഫ്യൂവും  , തുടർന്ന് മാർച്ച്   23 നു  21 ദിന ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി .

നിലവിൽ 6771 പോസിറ്റീവ് ആയ രോഗികളും,228 മരങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു . ഏപ്രിൽ 10 ലെ കണക്കു പ്രകാരം മഹാരഷ്ട്ര യിൽ ആണ് ഏറ്റവും അധികം രോഗികൾ – 1364

ജനുവരി 30 നു വുഹാനിൽ നിന്ന് തിരിച്ചെത്തിയ ഒരു മെഡിക്കൽ വിദ്യാത്ഥിക്കു രോഗം സ്ഥിതികരിച്ചതോടെയാണ്  കേരളത്തിൽ കോവിഡ് ചർച്ച സജീവമാകുന്നത് .

നിപ്പ വൈറസിനെ ഫലപ്രദമായി പ്രധിരോധിച്ചതിൻറെ  മുൻപരിചയം  വെച്ച് കേരള സർക്കാർ ആരോഗ്യ മന്ത്രി  ശൈലജ ടീച്ചറിന്റെ  നേതൃത്വത്തിൽ  ശക്തമായ നടപടികൾ സ്വീകരിച്ചു .

ഇന്ത്യയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും മികച്ച മാതൃക കേരളത്തിലാണ് എന്ന് പറയുന്നതിൽ തെറ്റില്ല . ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം, ഏറ്റവും ഉയർന്ന  രോഗമുക്തി( 97% )രേഖപ്പെടുത്തിയത് കേരളത്തിലാണ് .

ഏപ്രിൽ 10 ലെ കണക്കു പ്രകാരം 357 പോസിറ്റീവ് കേസും രണ്ടു മരണവുമാണ്   രേഖപ്പെടുത്തിയിട്ടുള്ളത്

ലോകരാജ്യങ്ങളും  ഒപ്പം ഇന്ത്യയും  ഈ മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് . അനിയന്ത്രിതമായ മരണങ്ങളും രോഗത്തിന്റെ സാമൂഹ്യ വ്യാപനവും ഇപ്പോഴും ഭീഷണിയായി നിലനിൽക്കുന്നു.

കോവിഡ് പ്രതിരോധത്തിൽ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് രോഗത്തിന് കീഴ്‌പ്പെടുന്നു എന്നത് ദുഖകരമായ വസ്തുതയാണ് .

മുംബൈയിലെ  50 ൽ പരം നഴ്സുമാർക്ക് രോഗം പിടിപെട്ടതും മധ്യ പ്രദേശിലെ ഇൻഡോറിൽ ജോലി ചെയ്തിരുന്ന ഡോ. ശത്രുഘ്‌നൻ പഞ്ച്‌വാനി മരണപ്പെട്ടതും ഞെട്ടിക്കുന്ന സംഭവങ്ങളാണ് . ഇന്ത്യയിലാദ്യമായിട്ടാണ്  ഒരു ഡോക്ടർ കോവിഡ്‌ രോഗബാധയാൽ മരണപ്പെടുന്നത് .ചേരിപ്രദേശങ്ങളിലെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന  ദരിദ്രരായ മനുഷ്യർക്ക് ചികിത്സ നൽകിയിരുന്ന ഡോ. ശത്രുഘ്‌നൻ പഞ്ച്‌വാനിക്ക്  കൊറോണ വൈറസ് ബാധയേറ്റത് ഐസൊലേഷൻ വാർഡിലെ രോഗികളെ ചികിത്സിക്കുന്നതിനിടയിലല്ല, മറിച്ച് മറ്റ് അസുഖങ്ങളുമായി തന്നെ വന്ന് കണ്ട സാധാരണക്കാരായ രോഗികളിൽ നിന്നാണ്.

ലോക്ക് ഡൌൺ കാലയളവിലും , അതിനു ശേഷവും ലോകത്തും  നമ്മുടെ രാജ്യത്തും ഉണ്ടാകുമെന്നു സാമ്പത്തിക വിദഗ്ദർ പറയുന്ന സാമ്പത്തിക മാന്ദ്യം ആണ് അഭിമുഖീകരിക്കേണ്ട  മറ്റൊരു പ്രധാന വെല്ലുവിളി .

കൊറോണ വൈറസ് മഹാമാരി രാജ്യത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മുന്നറിയിപ്പ് നൽകി കഴിഞ്ഞു .

രാജ്യാന്തര ഉത്പാദനം, വിതരണം, വ്യാപാരം, ടൂറിസം എന്നീ മേഖലകളില്‍ ഉണ്ടായിട്ടുള്ള അസ്ഥിരത,  ചെറുകിട സാമ്പത്തിക രംഗത്തെ ഇരുളടഞ്ഞതാക്കുമെന്ന് ധനനയ റിപ്പോര്‍ട്ടില്‍ ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിനെയും ഇതു ബാധിക്കും. ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു പോകാന്‍ സാധ്യതയുണ്ടെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കുന്നുണ്ട്.കോവിഡ്- 19  ലോകത്തു   പൊട്ടി പുറപ്പെട്ടു നൂറു ദിനങ്ങൾ കഴിയുമ്പോൾ വിവിധങ്ങളായ  പ്രശ്നങ്ങളാണ്  ലോകവും , ഇന്ത്യയും  നേരിടേണ്ടി വരുന്നത് .ഓരോ രാജ്യത്തെ  സാഹചര്യങ്ങൾക്കു  അനുസരിച്ചു , അവിടത്തെ ഭരണകൂടവും , ഭരണ കർത്താക്കളും  ഈ പതിസന്ധിയെ  എങ്ങിനെ
നേരിടുന്നു എന്നത്  വളരെ  പ്രധാനമാണ് .  രാജ്യങ്ങളുടെ  ഭാവി നിർണയിക്കുന്ന ഘടകവും ഒരു പക്ഷെ ഈ ഇടപെടലുകളിൽ അവർ നേടുന്ന  വിജയത്തിന്റെ തോത് അനുസരിച്ചു ആയിരിക്കും എന്ന്  അനുമാനിക്കാം .ചരിത്രത്തിന്റെ  നാൾവഴികളിൽ , ലോകം   കോവിഡ് -19    മുൻപും ശേഷവും എന്ന്  രേഖപെടുത്തും  എന്നത്  ഒരു  വസ്തുതയാണ് . ലോക രാജ്യങ്ങളും  മനുഷ്യ  സമൂഹങ്ങളും  ഈ പോരാട്ടത്തിൽ  എങ്ങിനെ  അണിനിരന്നു ,പ്രതിരോധം തീർത്തു  അല്ലെങ്കിൽ വിജയിച്ചു  എന്നത്  രാജ്യങ്ങളുടെ  അതിർത്തികൾക്കും അപ്പുറം ,മാനവ സമൂഹത്തിന്റെ  മുന്നോട്ടുള്ള പ്രയാണത്തിൽ  നാഴിക കല്ലായി  മാറും എന്നതിൽ  രണ്ടു പക്ഷം ഉണ്ടാകാനിടയില്ല .പ്രതിസന്ധികളെ  മറികടന്നു കുതിക്കുന്ന ഒരു പുതു ലോകത്തിനു സാക്ഷ്യം വഹിക്കാൻ  മനുഷ്യ സമൂഹത്തിനു  കഴിയുമെന്ന പ്രത്യാശയാണ് എല്ലാവരും പങ്കുവെക്കുന്നത് .
അതെ , ലോകം ഒരു  കാത്തിരിപ്പിലാണ് . കോവിഡ് ബാധയെ  ചെറുത്തു  തോൽപ്പിച്ച  ഒരു പുതിയ പ്രഭാതത്തിനും നല്ല  നാളെ
ക്കുമായുള്ള  പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്‌…..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment