മത നിരപേക്ഷമാവേണ്ടത് പൊതുസമൂഹം മാത്രമല്ല.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

പൗരത്വ രെജിസ്റ്ററിന്റെ കനൽച്ചൂടിൽ രാജ്യം തിളയ്ക്കുന്ന വർത്തമാന കാലത്തു ജനാധിപത്യ ഇൻഡ്യയുടെ ശക്തിയും പ്രതീക്ഷയും രാജ്യത്തെ ഒന്നായി നിലനിർത്തുന്ന ഭരണഘടനയും  , അതിന്റെ സംരക്ഷകരായ കോടതികളും , ദേശസുരക്ഷ ഉറപ്പുവരുത്തുന്ന പോലീസും സൈനികരുമാണ് .

മേല്പറഞ്ഞ നാല് തൂണുകളും ജനാധിപത്യ വ്യവസ്ഥിതിയുടെ ജീവനാഡിയായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്ന രാഷ്ട്രീയ കക്ഷികളുടെ ഇടപെടലുകൾക്ക് വിധേയമാവുന്ന   അപ്രിയ സത്യങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം കാണുന്നത് .

ഭാരതത്തിന്റെ സനാതന മത പൈതൃകത്തിൽ സങ്കുചിത രാഷ്ട്രീയം പരസ്യമായി സന്നിവേശിപ്പിച്ചു ഹിന്ദുരാഷ്ട്ര നിർമ്മിതിക്കായി രാജ്യത്തെ നിലവിലുള്ള വ്യവസ്ഥകളെ ഇല്ലായ്മ ചെയ്യാൻ ഒരുമ്പെട്ടിരിക്കുന്ന മുളവടിയേന്തിയ സങ്കുചിത രാഷ്ട്രീയം കൃത്യമായ ലക്ഷ്യബോധത്തോടെ  കഴിഞ്ഞ 100  വർഷമായി ഭാരതമണ്ണിൽ വിദ്വേഷത്തിന്റെയും ,വിഭജനത്തിന്റെയും വിത്തുപാകി കൊയ്തെടുത്തതാണ് ദേശീയതലത്തിൽ രാജ്യഭരണം.

ഭരണത്തിന്റെ അന്തിമ ലക്ഷ്യമായ ഹിന്ദു രാഷ്ട്ര  പ്രഖ്യാപനത്തിനു രാജ്യത്തെ പൗരന്മാരിൽ ഭൂരിപക്ഷവും അനുകൂലമാവില്ല
എന്ന ഉത്തമബോധ്യത്തിൽ നിന്നാണ് കോടതികളെയും പോലീസിനെയും സൈന്യത്തെയും തങ്ങളുടെ ഇഷ്ടങ്ങൾക്കു കുഴലൂത്തുപാടുന്നവരായി മാറ്റാനുള്ള തന്ത്രപരമായ ധൗത്യം 2014  മുതൽ വേഗതയിലും ശക്തിയിലും നടപ്പാക്കികൊണ്ടിരിക്കുന്നത്.

സുപ്രിം കോടതിയുടെ ചില കഴിഞ്ഞകാല വിധികളും വിവിധ സംസ്ഥാനങ്ങളിലെ ചില ഹൈകോടതി തീരുമാനങ്ങളും നമ്മുടെ ആശങ്കക്ക് ശക്തിപകരുന്നതാണ് .

കോടതികളെ തങ്ങളുടെ ചിന്താമണ്ഡലത്തിനകത്തു തളച്ചിടാനുള്ള പ്രവർത്തനങ്ങൾ അധികാരത്തിന്റെ പിൻബലത്തോടെയാണ് ചെയ്തുവരുന്നതെങ്കിൽ , സൈന്യത്തെയും രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലെ  പോലീസ് സേനകളെയും  ഭൂരിപക്ഷവർഗീയതയുടെ സേവകരായി മാറ്റിയെടുക്കാൻ കാലാകാലങ്ങളായി രാഷ്ട്രീയ സ്വയം സേവകർ തങ്ങളുടെ ശാഖാ പഠിതാക്കളെ സൈനികരാകാനും  പോലീസ് യൂണിഫോമിൽ അവരെ സർക്കാർ ജോലിയിൽ എത്തിക്കാനും ശ്രമിച്ചതിലൂടെ സാധ്യമാക്കിയിട്ടുണ്ട് .

അതിന്റെ അപായ അനുഭവമാണ് NRC  ക്കെതിരെ രാജ്യത്തു തുടരുന്ന ബഹുജന   പ്രക്ഷോഭങ്ങൾക്കെതിരെവെടിയുണ്ടകളും ലാത്തികളും ഉപയോഗിക്കുന്ന പോലിസിന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നത് .

രാജ്യം  ഒരഭ്യന്തര കലാപത്തിലേക്ക് എന്നെങ്കിലും തള്ളപ്പെടുകയാണെങ്കിൽ ( ഭരണകൂടം മനപ്പൂർവം എങ്ങിനെ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയരുത് ) പട്ടാളത്തിന്റെ തോക്കിൻ കുഴലുകൾക്കു മുന്നിൽ പിടഞ്ഞു   വീഴുന്ന പൗരന്മാരുടെ മതം CAA യിലൂടെ അകറ്റിനിർത്തുന്ന അതെ മതവിശ്വാസികളാവുമെന്നതിൽ ഒരു സംശയവും വേണ്ട .

അവരെ സംരക്ഷിക്കാൻ മുഷ്ടിചുരുട്ടുന്ന കമ്മ്യൂണിസ്റ്റുകളും ദളിതുകളും മറ്റു മതനിരപേക്ഷ പ്രവർത്തകരും രൗദ്ര ഭാവം ആവാഹിച്ച ശ്രീരാമഭക്തരുടെ ആയുധങ്ങൾക്ക് ഇരകളാക്കപ്പെടും .

അത്തരമൊരു ഭയാനക സാധ്യത എത്ര ജനാധിപത്യ പ്രസ്ഥാനങ്ങളും ന്യൂനപക്ഷ കൂടായ്മകളും ഗൗരവത്തിൽ എടുത്തിട്ടുണ്ട് …?

ഹിന്ദുരാഷ്ട വാദികൾ നിരന്തരം ഉരുവിടുന്ന പാക്കിസ്ഥാൻ, ദേശദ്രോഹി , തീവ്രവാദി , ഹിന്ദു വിരോധി , പശുആഹാരി എന്നൊക്കെയുള്ള മുസ്ലിം വിരോധം ഞരമ്പുകളിൽ പമ്പുചെയ്യാൻ സഹായിക്കുന്ന പദപ്രയോഗങ്ങൾക്കു പ്രവർത്തികളിൽ കൂടി മറുപടി കൊടുക്കാൻ ഏതെങ്കിലും  ന്യൂനപക്ഷ സംഘടനയോ പ്രസ്ഥാനങ്ങളോ ഇതുവരെ    ഗൗരവമായി ശ്രമിച്ചില്ല എന്നത് ഈ അവസരത്തിലെങ്കിലും അവർ തലകുനിച്ചു അംഗീകരിക്കണം.

ഭരണകൂട   ഭീകരതക്ക് വാലാട്ടി നിൽക്കുന്ന പോലീസ് , നീതിന്യായ , സൈനിക വിഭാഗങ്ങളിലെ
ചിലരുടെയെങ്കിലും പ്രവർത്തനങ്ങൾ നമുക്ക് മുന്നിൽ തെളിവായി നില്കുന്നത് ഭൂരിപക്ഷ മത വർഗീയ ചിന്താധാര സൈനികരിലും പോലീസിലും പടർന്നു വലുതായാൽ ജനാധിപത്യ രാജ്യ താൽപര്യങ്ങൾക്കുഅതെത്ര ഭീഷണിയാണെന്ന് തീവ്രമായി ചിന്തിക്കാനുള്ള അവസരമാണ് നൽകുന്നത്.

ഭരണകൂടം എത്ര വർഗീയവൽക്കപ്പെട്ടാലും , രാജ്യത്തെ പോലീസും പട്ടാളവും നിയമ
വ്യവസ്ഥകളും മതനിരപേക്ഷമാണെങ്കിൽ ഏതൊരു ഭരണകൂടവും എത്ര ശ്രമിച്ചാലും നൂറ്റാണ്ടുകളായി മതനിരപേക്ഷ ചരിത്രം പേറുന്ന ഒരു രാജ്യത്തിന് ഒരു സുപ്രഭാതത്തിൽ മതരാഷ്ട്രമായി മാറാൻ കഴിയില്ല.

ഇന്ത്യൻ പട്ടാളത്തിലും , വിവിധ സുരക്ഷാ വിഭാഗങ്ങളിലും നീതിന്യായ പ്രക്രിയയിലും ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രത്യേകിച്ചു മുസ്ലിം വിഭാഗത്തിൽ
നിന്നുള്ളവരുടെ അനുപാതം വളരെ വളരെ കുറവാണ്.

തൊണ്ണൂറുകൾക്കു ശേഷം  മുസ്ലിം സമുദായത്തിൽ വിദ്യാഭ്യാസ വിപ്ലവം നടന്നുവെങ്കിലും , പഠനമികവിനെ സർക്കാർ ജോലികൾക്കോ രാജ്യത്തിനകത്തെ വൈവിധ്യമാർന്ന ജോലി സാധ്യതകൾക്കോ ഉപയോഗപ്പെടുത്താൻ ആസൂത്രിതമായ ശ്രമങ്ങളൊന്നും നടന്നില്ല .

എന്നാൽ സംഘുപരിവർ രാഷ്ട്രീയത്തിനെതിരെ മുസ്ലിം സങ്കുചിത വിചാരധാര മുൻ നിർത്തിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിറവിയെടുക്കുകയും  മുസ്ലിം സ്വത്വ രാഷ്ട്രീയം ശക്തിപ്രാപിക്കുകയും ചെയ്തു.

വെറും രാഷ്ട്രീയ – സാമൂഹിക – സാമ്പത്തിക ശാക്തീകരണത്തിൽ കൂടി മാത്രം രാജ്യത്തു നിന്ന് മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തെ ചെറുക്കാൻ കഴിയില്ല എന്നതാണ് വർത്തമാന ഇന്ത്യ  നൽകുന്ന പാഠം .

ഗൾഫ് പണത്തിന്റെ അടിത്തറയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തടിച്ചു കൊഴുത്തപ്പോൾ ആവശ്യത്തിലധികം ഡോക്ടർമാരും എൻജിനിയർമാരും പിന്നെ  അല്പസ്വല്പം അധ്യാപകരും ഉണ്ടായി എന്നതൊഴിച്ചാൽ രാജ്യ സുരക്ഷാ വിഭാഗത്തിൽ ചെറിയ വിദ്യാഭ്യാസ യോഗ്യതയിൽ പോലും നല്ല ശമ്പളമുള്ള തൊഴിൽ സാധ്യത ഉണ്ടായിട്ടും ആ മേഖലയിലേക്ക് പുതിയ തലമുറയെ വഴിനടത്തിക്കാൻ സമുദായ പരിഷ്കർത്താക്കളോ പുത്തൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ താല്പര്യം കാണിച്ചില്ല.

സ്വകാര്യ IT  മേഖലയിൽ ജോലി ചെയ്യാൻ ആവശ്യമായ അതെ വിദ്യാഭ്യാസ യോഗ്യതകൾ പട്ടാളത്തിലും പോലീസിലും ജീവിത സുരക്ഷ കണ്ടെത്താൻ ഉപയോഗിച്ചിരുന്നങ്കിൽ വർഗീയവത്കരിക്കപ്പെടുന്ന രാജ്യരക്ഷ വിഭാഗങളിൽ മതനിരപേക്ഷ ചിന്ത നിലനിർത്താൻ ഒരു പരിധിവരെ സഹായകമായേനെ.

ദേശീയ ബോധമുള്ള ,
രാജ്യ സ്നേഹമുള്ള തലമുറയെ വാർത്തെടുക്കുക മാത്രമാവരുത് ലക്‌ഷ്യം , ഒപ്പം രാഷ്ട്രത്തെ ഗാന്ധിജിയുടെ സ്വപ്നത്തിൽ നിലനിർത്താൻ വീര ജവാൻമാരിലും കാക്കിയണിഞ്ഞ സുരക്ഷാ വിഭാഗങ്ങളിലും മുസ്ലിം പ്രാതിനിധ്യം വർധിപ്പിക്കേണ്ടതുണ്ട് .

നിലവിലെ ഭരണകൂടം ആഗ്രഹിക്കാത്തതാവാം ഇത് , അതുകൊണ്ടു തന്നെ അതാവണം ഓരോ ഇന്ത്യക്കാരന്റെയും ലക്‌ഷ്യം .

(കാഴ്ചപ്പാട് പേജിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ബെംഗളൂരു വാർത്തയുടെ അഭിപ്രായമല്ല, ഇതിലെ ഉള്ളടക്കവും പ്രയോഗങ്ങളും ആശയങ്ങളും ലേഖകൻ്റേത് മാത്രമാണ്, ബെംഗളൂരു വാർത്തക്ക് അതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല )

ലേഖകൻ
താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: