നഗരത്തിൽ ഓൺലൈൻ ഷോപ്പിങ് തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു!

ബെംഗളൂരു: വ്യാജ സൈറ്റുകളിലൂടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണംതട്ടുന്ന സംഭവങ്ങൾ നഗരത്തിൽ വർധിക്കുന്നു. കഴിഞ്ഞദിവസം കൊണനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിൽ 800 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് 76,000 രൂപയോളം നഷ്ടപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.

സൈബർ ക്രൈം വിഭാഗത്തിൽ സമാനമായ ഒട്ടേറെ പരാതികൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. പ്രമുഖ ഷോപ്പിങ് സൈറ്റുകളുടെ പേരിനോട് സാമ്യമുള്ള വ്യാജ സൈറ്റുകളും ഇത്തരം തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നുണ്ട്.

പേരിനിടയിൽ ഒരു കുത്തോ വരയോ ഉണ്ടാകുമെങ്കിലും പലരും ഇതു ശ്രദ്ധിക്കാറില്ല. പിന്നീട് അക്കൗണ്ടിൽനിന്ന് കൂടുതൽ പണം നഷ്ടപ്പെടുകയോ ഓർഡർ ചെയ്ത സാധനം ലഭിക്കാതിരിക്കുയോചെയ്യുമ്പോൾമാത്രമാണ് കബളിക്കപ്പെട്ടെന്ന് ഉപഭോക്താക്കൾ മനസ്സിലാക്കുക.

വായിക്കുക:  നഗരത്തിൽ കിടിലൻ മഴ;ഗതാഗതക്കുരുക്ക്....

ചെറിയ തുകയാണ് നഷ്ടപ്പെടുന്നതെങ്കിൽ ഭൂരിഭാഗംപേരും പരാതി നൽകാറുമില്ല. വൻതുകയുടെ സാധനം കുറഞ്ഞവിലയ്ക്ക് ലഭിക്കുമെന്ന വാഗ്‌ദാനവുമായി ഇത്തരം വ്യാജ വെബ്‌സൈറ്റുകളുടെ ലിങ്കുകൾ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.

വാങ്ങാനുദ്ദേശിക്കുന്ന സാധനത്തിന്റെ മികച്ച ചിത്രവും സൈറ്റിന്റെ മനോഹരമായ ഘടനയുംകൂടിയാകുമ്പോൾ ഉപഭോക്താക്കൾ ഇതിലേക്ക് മൂക്കുംകുത്തിവീഴും.

ഇത്തരം സൈറ്റുകളുടെ ഡൊമൈൻ വിദേശത്ത് രജിസ്റ്റർചെയ്തിരിക്കുന്നതിനാൽ പിന്നിലുള്ളവരെ കണ്ടെത്തൽ അത്ര എളുപ്പമല്ലെന്ന് സൈബർ ക്രൈം പോലീസും പറയുന്നു. സ്റ്റാർട്ടപ്പുകളായി തുടങ്ങിയ ചെറുകിട ഷോപ്പിങ് സൈറ്റുകൾക്കും ഇത്തരം വ്യാജസൈറ്റുകൾ ഭീഷണിയാണ്.

വായിക്കുക:  കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കില്ലെന്ന് സിറം

ശ്രെദ്ധിക്കുക:

– ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാതെ ‘ക്യാഷ് ഓൺ ഡെലിവറി’ തിരഞ്ഞെടുക്കുന്നതാവും ഉത്തമം.

– യുക്തിക്ക് നിരക്കാത്ത വിലക്കുറവുവാഗ്‌ദാനങ്ങളിൽ വിശ്വസിക്കാതിരിക്കുക.

– ഒൺലൈനിൽ സാധനങ്ങൾ വാങ്ങുന്നതിനുമുമ്പ് ഷോപ്പിങ്‌ സൈറ്റിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക.

– പരിചിതമല്ലാത്ത സൈറ്റുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ സബ്മിറ്റ്, ചെക്ക് ഔട്ട് തുടങ്ങിയ ബട്ടനുകളിൽ ആവർത്തിച്ച് ക്ലിക്ക്‌ ചെയ്യാതിരിക്കുക. വിവരങ്ങൾ ചോർത്തുന്ന മാൽവെയറുകൾ കയറാനുള്ള സാധ്യത ഏറെയാണ്.

800 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് നഷ്ടപ്പെട്ടത് 76,000 രൂപ!!

Related posts