സൂക്ഷിക്കുക; യുവാക്കളെ ലക്ഷ്യമിട്ട് പുതിയ രീതിയുമായി മൊബൈൽ കവർച്ചക്കാർ!!

ബെംഗളൂരു: പലവിധ തന്ത്രങ്ങളുമായി മൊബൈൽ മോഷ്ടാക്കൾ നഗരത്തിൽ വീണ്ടും സജീവമാകുന്നു. സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നത് ചോദ്യംചെയ്യാനെന്ന രീതിയിലാണ് ഇവർ ഇരകളെ സമീപിക്കുക.

അപ്രതീക്ഷിതമായ ആരോപണത്തിൽ അമ്പരന്നുപോകുന്നവരെ വിദഗ്ധമായി കബളിപ്പിച്ച് കവർച്ചാസംഘം മൊബൈലുമായി സ്ഥലംവിടും. രണ്ടാഴ്ചയ്ക്കിടെ ഇത്തരം കവർച്ചസംബന്ധിച്ച ഒട്ടേറെപ്പരാതികളാണ് നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചത്.

റിച്ച്മണ്ട് റോഡ്, സൗത്ത് എൻഡ് സർക്കിൾ എന്നിവിടങ്ങളിലാണ് കവർച്ചകൾ കൂടുതലായി നടന്നത്. ഇവയ്ക്കുപിന്നിൽ ഒരേ സംഘമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

വഴിയിൽ നിൽക്കുന്ന യുവാക്കളെ മുമ്പുപരിചയമുണ്ടെന്ന ഭാവത്തിൽ സമീപിക്കുകയാണ് ഈ സംഘത്തിന്റെ രീതി. സ്ഥിരമായി തന്റെ ഭാര്യയെയോ സഹോദരിയോ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നത് നിർത്തണമെന്ന് സംഘം ആവശ്യപ്പെടും.

ഫോൺ വിളിച്ചകാര്യം യുവാക്കൾ നിഷേധിക്കുന്നതോടെ മൊബൈലിലെ കോൾലിസ്റ്റ് കാണണമെന്നാകും സംഘത്തിന്റെ ആവശ്യം. മൊബൈൽ ഇവരുടെ കൈവശം കൊടുക്കുന്നതോടെ ആയുധംകാട്ടി ഭീഷണിപ്പെടുത്തി മൊബൈലുമായി സംഘം കടന്നുകളയും.

മൊബൈലിലെ ബാങ്കിങ് ആപ്പുകളിൽനിന്നുള്ള വിവരങ്ങളും ഇത്തരം കവർച്ചക്കാർ ഉപയോഗപ്പെടുത്തുന്നതായും സൂചനകളുണ്ട്. വിലകൂടിയ മൊബൈൽഫോണുകളാണ് ഇവർ ലക്ഷ്യമിടുന്നത്. കവർച്ച ചെയ്യാനുദ്ദേശിക്കുന്ന ആളുകളെ ഇവർ ഏറെനേരം നിരീക്ഷിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്ന് ആരോപിക്കുന്നതോടെ സമീപത്തുള്ളവരും പ്രശ്നത്തിൽ ഇടപെടില്ല. റിച്ച്മണ്ട് സർക്കിളിൽ യുവാവിന്റെ മൊബൈൽഫോൺ കവർന്ന സംഘം സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പർ ലഭിച്ചിട്ടുണ്ടെങ്കിലും ഈ നമ്പറുകൾ വ്യാജമാണെന്ന് വ്യക്തമായി.

സമീപത്തെ സി.സി. ടി.വി. പരിശോധിച്ചെങ്കിലും ഇവരെക്കുറിച്ചുള്ള കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പരാതികൾ ലഭിച്ച സാഹചര്യത്തിൽ റിച്ച്മണ്ട് സർക്കിളിലും സൗത്ത് എൻഡ് സർക്കിളിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us