FLASH

സുരാജിലൂടെ തന്നെ കണ്ടു, കണ്ണുകള്‍ നിറഞ്ഞു; എൽദോ !!

കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു ചിത്രമാണ് എല്‍ദോയുടേത്. മെട്രോയില്‍ ഒരു വ്യക്തി മദ്യപിച്ച് കിടന്നുറങ്ങുന്നു എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചത്. ‘മെട്രോയിലെ പാമ്പ്’ എന്നായിരുന്നു ആ ചിത്രത്തിന്‍റെ അടിക്കുറിപ്പ്.

ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയായിരുന്നു വ്യാജ അടിക്കുറിപ്പിന്‍റെ പേരില്‍ അപമാനിക്കപ്പെട്ടത്. സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം എല്‍ദോയുടെ ജീവിതം ഇപ്പോള്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

സിനിമ കാണാന്‍ എല്‍ദോയും കുടുംബവും എത്തിയിരുന്നു. താന്‍ അന്ന് അഭിമുഖീകരിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ചോര്‍ത്ത് കണ്ണുകള്‍ നിറഞ്ഞെന്നാണ് എല്‍ദോ പറയുന്നത്.

കൂടാതെ, താനായി വെള്ളിത്തിരയിലെത്തിയ സുരാജ് വെഞ്ഞാറമൂടിന്‍റെ മികച്ച പ്രകടനം എല്‍ദോയുടെ മനസും നിറച്ചു. സൗബിന്‍ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

എല്‍ദോയുടെ ഭാര്യയായി സുരഭിയാണ് വേഷമിട്ടത്. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തിയത്. ചിത്രത്തിനു വേണ്ടി ആഗ്യഭാഷയിൽ ഇരുവരും പരിശീലനം നേടിയിരുന്നു.

എല്‍ദോയുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളുടെ വേഷത്തിലാണ് സൗബിൻ ഷാഹിർ എത്തുന്നത്. സമീർ എന്നാണ് സൗബിന്‍റെ കഥാപാത്രത്തിന്‍റെ പേര്. നേരത്തെ പുറത്തു വന്ന ടീസറിൽ സൗബിൻ ഷാഹിറിന്‍റെ രംഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്.

ഫേസ്ബുക്ക്‌ ലൈവിലെത്തി ഉമ്മയെ പറ്റിക്കുന്ന സൗബിനിലൂടെയാണ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആരംഭിച്ചിരുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു പോയി മടങ്ങിവരവേയാണ് എല്‍ദോ മെട്രോയിൽ കിടന്ന് ഉറങ്ങിപ്പോയത്. എൽദോയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു.

യാഥാർത്ഥ്യം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ മാപ്പപേക്ഷയുമായി രംഗത്തെത്തി. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തു വന്നിരുന്നു. ‘നായിക നായകന്‍’ ഫെയിം വിന്‍സി നായികയായെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജീഷ് പി തോമസാണ്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ബിജിബാലിന്‍റേതാണ് സംഗീതം. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാമുക്കോയ, സുധി കോപ്പ, ബാബുരാജ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Written by 

Related posts

error: Content is protected !!