FLASH

നഗരത്തിലെ ഈ നിരത്തുകളിൽ നിങ്ങളുടെ ജീവൻ പൊലിയാതിരിക്കാൻ…

ബെംഗളൂരു: റോഡ് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ പൊലിയുന്നത് നിരവധി ജീവനുകളാണ്. വാഹനാപകടങ്ങളുടെ കാര്യത്തിൽ ചെന്നൈക്കും ഡൽഹിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു.

ബെംഗളൂരു നഗരപരിധിയിൽ ദിവസേന ശരാശരി 15 അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഓരോ വർഷവും പൊലിയുന്നത് ശരാശരി 700 ജീവനുകൾ. റോഡുകളുടെ മോശം അവസ്ഥ, റോഡുനിർമാണത്തിലെ പിഴവ് തുടങ്ങിയവയും കൂടാതെ ഡ്രൈവർമാരുടെ അനാസ്ഥയാണ് കൂടുതലായും അപകടങ്ങൾക്ക് കാരണമായി പറയുന്നത്.

നിയമം അറിയാത്തതിനാലല്ല അറിയുന്ന നിയമം പാലിക്കാനുള്ള വൈമുഖ്യമാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. റോഡിന്റെ കുഴപ്പം കൊണ്ടോ വാഹനത്തിന്റെ പ്രശ്നങ്ങൾ മൂലമോ ഉണ്ടാകുന്ന അപകടങ്ങളേക്കാൾ വളരെ കൂടുതലാണ് ഡ്രൈവർമാരുടെ അശ്രദ്ധകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ.

വാഹനം വേഗത കുറച്ച് ഓടിക്കുമ്പോൾ തന്നെ അപകടങ്ങൾ ഒരു പരിധിവരെ കുറക്കാൻ സാധിക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി എല്ലാവർഷവും പോലീസ് റോഡ് സുരക്ഷാവാരാചരണം സംഘടിപ്പിക്കാറുണ്ട്. നഗരത്തിൽ 47 അപകടമേഖലകൾ ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽമാത്രം വർഷത്തിൽ ശരാശരി അഞ്ച് വലിയ അപകടങ്ങളുണ്ടാകുന്നുണ്ട്.

– ഔട്ടർ റിങ് റോഡ്

– ഹൊസൂർ റോഡ്

– മൈസൂരു റോഡ്

– നൈസ് റോഡ്

എന്നിവിടങ്ങളിലാണ് കൂടുതൽ അപകടമേഖലകളുള്ളത്. ഇത് കൂടാതെ അപകടസാധ്യതാ മേഖലയായി ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുള്ളത്:

– വർത്തൂർ ലേക്ക് റോഡ്

– ഔട്ടർ റിങ് റോഡ് (എയർപോർട്ട് റോഡ്, എച്ച്.എസ്.ആർ. ലേഔട്ട്, ബി. നാരായണപുര, രാമമൂർത്തിനഗർ)

– കോറമംഗല ഇന്നർ റിങ് റോഡ്

– ഓൾഡ് എയർപോർട്ട് റോഡ്

– ടങ്ക് ബണ്ട് റോഡ്

– ജി.ടി. റോഡ്,

– ആർ.എം.സി. യാർഡ്

– നവയുഗ ടോൾ

– ചൊക്കസാന്ദ്ര ജങ്ഷൻ

– ചാമരാജ്പേട്ട് തേഡ് മെയിൻ റോഡ്

– മിനർവ സർക്കിൾ

– കലാസിപാളയ മെയിൻ റോഡ്

– ജെ.പി. നഗർ സിക്സ്ത് ഫേസ്

– നാഗെഗൗഡനപാളയ

– സോംപുര ലേക്ക്

– യോഗേശ്വരനഗർ ക്രോസ്

– എം.വി.ഐ.ടി. ജങ്ഷൻ

– ബെട്ടഹലസൂർ ജങ്ഷൻ

– മീനുകുണ്ടെ

– കണ്ണമംഗലപാളയ ഗേറ്റ്

– ജക്കൂർ എയ്റോഡ്രം

– പാലനഹള്ളി ഗേറ്റ് 

ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറെയും ശ്രീരംഗപട്ടണയ്ക്കും മണ്ഡ്യയ്ക്കും ഇടയിലാണ് സംഭവിക്കുന്നത്.

ഇന്ന് രണ്ട് മലയാളികളുടെ ജീവനാണ് നഷ്ടപ്പെട്ടതെങ്കിൽ കഴിഞ്ഞ മാസം മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിലിടിച്ചാണ് 4 കണ്ണൂർ സ്വദേശികൾ മരിച്ചത്.

ഇങ്ങനെ നിരവധി അപകടങ്ങൾ ഇതേ റോഡിൽ (എൻഎച്ച് 275) നടന്നത് ഈയിടെ വാർത്തകളിൽ നിറഞ്ഞു നിന്നത് ഓർക്കുന്നുണ്ടാവുമല്ലോ. 135 കിലോമീറ്റർ ദൂരം വരുന്ന ഈ പാതയിൽ 10 സ്ഥിരം അപകടമേഖലകൾ  ട്രാഫിക് പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാത അതോറിറ്റി സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ ശ്രദ്ധിച്ച് വാഹനമോടികകയാണെങ്കിൽ പല അപകടങ്ങളും നമുക്ക് ഒഴിവാക്കാം.

പലപ്പോഴും ജീവനെടുക്കുന്നത് അമിതവേഗവും ഉറക്കക്ഷീണവുമാണ്. കേരളത്തിലെ  ഇടുങ്ങിയ റോഡുകളിൽ നിന്ന് കർണാടകയിലെ വീതിയേറിയ റോഡുകളിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പരിചയക്കുറവും അപകടങ്ങൾക്ക് കാരണമാണ്. ബെംഗളൂരു നഗരാതിർത്തിയായ കെങ്കേരി കഴിഞ്ഞാൽ രാത്രി വാഹനത്തിരക്ക് കുറവുള്ള പാതയിൽ കാറുകളടക്കം അമിതവേഗതയിൽ കുതിക്കുന്നത് പതിവ് കാഴ്ചയാണ്.

വിനോദയാത്രയ്ക്കും മറ്റും വരുന്നവരാണ് കൂടുതലായി അപകടത്തിൽപെടുന്നത്.  റോഡരികിലെ ലോറികളുടെ അനധികൃത പാർക്കിങും അപകടത്തിനിടയാക്കുന്നുണ്ട്. സിഗ്‌നൽ ലൈറ്റുകൾ ഇല്ലാതെ നിർത്തിയിടുന്ന ലോറികൾക്ക് പിന്നിൽ ചെറുവാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങളും കൂടിവരുന്നു.

അപകടങ്ങൾ പതിവായതിനെ തുടർന്ന് ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ, മദ്ദൂർ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ ഹംപുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിച്ചെങ്കിലും  ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇവ നീക്കം ചെയ്തിരുന്നു. ഈയിടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ വർധിച്ചു വരുന്ന അപകടങ്ങൾ നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ. വാഹനമോടിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എടുക്കുകയും, ശ്രദ്ധിച്ച് വാഹനമോടിക്കുകയും ചെയ്യാൻ സാധിച്ചാൽ വിലപ്പെട്ട പല ജീവനുകളും രക്ഷിക്കാൻ നമുക്ക് കഴിയും.

 

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560

Related posts

error: Content is protected !!