FLASH

ഞാനും അർബൻ നക്സൽ!

ഞാനും അ‍ർബൻ നക്സലെന്ന എഴുത്ത് കഴുത്തിൽ തൂക്കി ഗൗരി ലങ്കേഷിന്‍റെ അനുസ്മരണ ദിനത്തിൽ വന്നിരുന്ന ഗിരീഷ് കർണാടിന്‍റെ മുഖത്തുണ്ടായിരുന്നത് ഭീഷണികൾക്ക് വഴങ്ങാത്ത നിശ്ചയദാർഢ്യം. ഇടത്പക്ഷാനുഭാവമുള്ള നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും നക്സൽ ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന്‍റെ തൊട്ടടുത്ത ആഴ്ച ബാഗ്ളൂരിൽ നടന്ന അനുസ്മരണ ചടങ്ങിലായിരുന്നു ഗിരീഷ് കർണാടിന്‍റെ പ്രതിഷേധം.

മീ ടു അർബൻ നക്സൽ ക്യാംപെയ്നിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ഗിരീഷ് ക‍ർണാട് രാജ്യത്തെ ആദിവാസികൾക്കും പീഢനം അനുഭവിക്കുന്നവ‍ർക്കും വേണ്ടി പ്രവ‍ർത്തിക്കുന്നവരെ അർബൻ നക്സൽ എന്ന പേരിൽ മുദ്ര കുത്തി ജയിലിടക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.  സാമൂഹിക മേഖലകളിൽ മനുഷ്യപക്ഷത്ത് നിന്ന് നിരന്തരം ശബ്ദിച്ച് കൊണ്ടിരുന്ന കർണാടിന് കലയും സാമൂഹിക പ്രവർത്തനത്തിന്‍റെ ഭാഗമായിരുന്നു.

മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. തെലുങ്ക് കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ എന്നിവരാണ് അറസ്റ്റിലായത്.

പുണെയിലെ ഭീമ കൊരെഗാവില്‍ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതര്‍ നേടിയ വിജയത്തിന്‍റെ 200-ാം വാര്‍ഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടര്‍ന്നു. ഇവിടെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് ആരോപിച്ചിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പൊലീസ് നടപടിയെ അപലപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത് വന്നു.

‘ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്‍റെ സുരക്ഷാ വാല്‍വാണ്. അത് അനുവദിച്ചില്ലെങ്കില്‍ ജനാധിപത്യം പ്രഷര്‍കുക്കര്‍ പോലെ പൊട്ടിത്തെറിച്ചേക്കാം’ ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഹര്‍ജി പരിഗണിക്കുമ്പോൾ സുപ്രീം കോടതി നിരീക്ഷിച്ചത് ഇങ്ങനെയായിരുന്നു.

സിനിമക്കാരനായ വിവേക് അഗ്നി ഹോത്രി ആര്‍ എസ് എസ് അനുകൂല മാസികയായ സ്വരാജിലെഴുതിയ ലേഖനത്തിലാണ് അര്‍ബന്‍ നക്‌സലുകളെ നിര്‍വചിക്കുന്നത്. നഗരങ്ങളിലെ ബുദ്ധിജീവികളും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ആക്ടിവിസ്റ്റുകളെയുമാണ് അയാള്‍ അര്‍ബന്‍ നക്‌സലുകള്‍ എന്ന് ചിത്രീകരിച്ചത്. അവര്‍ ഇന്ത്യയുടെ അദൃശ്യരായ ശത്രുക്കളാണെന്നും ഈ ലേഖനത്തിൽ പറഞ്ഞിരുന്നു.

അ‍ർബൻ നക്സൽ എന്ന വാക്കിന് ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ അത്ര മേൽ പൊള്ളുന്ന ഒരു അ‍ർത്ഥം ഉണ്ടായി വന്ന സമയത്തായിരുന്നു, ഗിരീഷ് കർണാടിന്‍റെ പ്രതിഷേധം. ഒരക്ഷരം പോലും പറയാതെ അദ്ദേഹം തന്‍റെ നിലപാടിനെ ഭയാശങ്കയില്ലാതെ പ്രകടിപ്പിച്ചു. ഇതിന്‍റെ പേരിൽ പൊലീസ് കേസ് ഫയൽ ചെയ്തിട്ടും പിന്മാറാൻ തയ്യാറല്ലായിരുന്നു, കാലങ്ങൾ കൊണ്ട് ഊട്ടിയുറപ്പിച്ച നിശ്ചയദാർഢ്യം.

നിശിതമായ രാഷ്ട്രീയ നിലപാടുകൾ നിര്‍ഭയമായി പറയുന്ന ഗിരീഷ് കർണാടിന്‍റെ ശീലം പലപ്പോഴും ഏറെ ചര്‍ച്ചകൾക്ക് വഴിവച്ചിരുന്നു. ഗൗരി ലങ്കേഷ് , കൽബുര്‍ഗി കൊലപാതകങ്ങളിൽ പ്രതിഷേധിക്കാനും സമരപരിപാടികളിൽ പങ്കെടുക്കാനും ഗിരിഷ് കര്‍ണാട് എന്നുമെത്തിയിരുന്നു. മതപരമായ ആചാരങ്ങളോ ആൾക്കൂട്ടങ്ങളോ ഇല്ലാതെ തന്‍റെ മൃതദേഹം സംസ്കരിക്കപ്പെടണമെന്ന നിർബന്ധത്തിൽ പോലുമുണ്ട് വെറും പറച്ചിലിലല്ല, പ്രവ‍ർത്തിയിൽ പ്രകടമാവുന്ന നിലപാടുകളുടെ കരുത്ത്.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!