“പ്രയാണത്തെ പ്രണയിച്ച പെണ്‍കൊടി” -ഗീതു മോഹന്‍ദാസിനെ അടുത്തറിയാം..

ബെംഗളൂരു എന്ന ഇന്ത്യയുടെ സിലിക്കൺ വാലിയില്‍ ഒരു നല്ല കമ്പനിയില്‍ ജോലി കിട്ടിയാല്‍ പിന്നെ നിങ്ങള്‍ എന്താണ് ചെയ്യുക,ജീവിതം അടിച്ചു പൊളിക്കുക ..അതില്‍ കൂടുതല്‍ നമുക്ക് എന്താണ് ചെയ്യാനുള്ളത് അല്ലേ …എന്നാല്‍ ഇവിടെ നിങ്ങള്‍ പരിചയപ്പെടുന്ന ഗീതു മോഹന്‍ദാസ്‌ എന്ന നഗരത്തിലെ ഒരു പ്രധാന സ്ഥാപനത്തില്‍ ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന ഈ ആലുവക്കാരി അവിടെയൊന്നും നിര്‍ത്തിയില്ല ,തികച്ചും അത്ഭുതത്തോടെ നോക്കിക്കാണേണ്ടതാണ് ഈ ഇരുപത്തേഴു കാരിയുടെ നേട്ടങ്ങൾ.

ഈ ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്യാം എന്ന് ഉള്ള നിങ്ങളിലെ തിരിച്ചറിവ് ഓരോ വായനക്കാരനിലും ഉണ്ടാക്കുന്ന ഊര്‍ജം വളരെ വലുതായിരിക്കും എന്നാ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ചെറുപ്പം മുതല്‍ യാത്രയെ പ്രണയിച്ച ഒരു പെണ്‍കുട്ടി ,ഇന്ന് “ലേറ്റ്സ് ഗോ ഫോര്‍ എ ക്യാമ്പ്‌ “എന്നാ യാത്രാ കൂട്ടായ്മയുടെ അമരക്കാരിയാണ്,

“യാത്ര ചെയ്യാന്‍ ഇഷ്ട്ടപ്പെടുന്ന ഒരുപാടു ആള്‍ക്കാര്‍ ഉണ്ട്,വളരെ കുറഞ്ഞ ചെലവില്‍ ,അതേസമയം ആ യാത്രക്ക് ചില ലക്ഷ്യങ്ങള്‍ കൂടി ഉണ്ടെങ്കിലോ അത് ഭയങ്കര രസമായിരിക്കും ,അത്തരത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരെ ഒന്നിച്ചു കൂട്ടി ഒരു സ്ഥലത്ത് പോയി ,ആ സ്ഥലത്തെ കുറിച്ചുള്ള അറിവുകളും അവിടത്തെ പ്രശ്നങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കി അതിന്  സോഷ്യല്‍ ആസ്പെക്ട് നല്‍കിയാല്‍ ലേറ്റ്സ് ഫോര്‍ എ ക്യാമ്പ്‌ ആയി”ഗീതു മോഹന്‍ദാസിന്റെ വാക്കുകളില്‍ ഇത്ര സിമ്പിള്‍ ആണ് ഈ സംഭവം.

എന്നാല്‍ ഗീതു എത്തിച്ചേര്‍ന്നിട്ടുള്ള ഉയരങ്ങളും താണ്ടിയ ദൂരവും ഓരോ സഹായത്രികരിലും നിറച്ചിട്ടുള്ള സ്നേഹത്തിനെ നന്മയുടെ സാമൂഹിക ബോധത്തിന്റെ ആഴവും കാണുമ്പോള്‍ ഈ പെൺകുട്ടി ഒരു മലയാളിയാണല്ലോ  എന്ന് ചിന്തിച്ച് നമുക്കും ഊറ്റം കൊള്ളാം ,വേണമെങ്കില്‍ ഒന്ന് അഹങ്കരിക്കുകയുമാകാം.

ഗീതുവിന്റെ ജീവിത കഥ തുടരുന്നു,2015 ല്‍ ആണ് ഗീതു ലേറ്റ്സ് ഫോര്‍ എ ക്യാമ്പ്‌ എന്നാ കൂട്ടായ്മ രൂപീകരിക്കുന്നത്,പ്രത്യേകിച്ച് ഒരു രൂപമില്ലാതെ ഒരു യാത്ര ഗ്രൂപ്പ് രൂപീകരിക്കുകയായിരുന്നു,പിന്നീടു ഗീതുവിന്റെ കൂടെ മുന്‍പ് പഠിച്ചിരുന്ന സങ്കീര്‍ത്ത് ഈ ഗ്രൂപിന്റെ ഭാഗമായി ,പിന്നീടു ഇങ്ങനെ ഒരു കൂട്ടായ്മയെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാ സഹകരണവുമായി പ്രസാദ്‌ ആതിഷ് കൂടെ ചേര്‍ന്നു,കുട്ടികളെ ചേര്‍ത്ത് ഉള്ള യാത്രകളില്‍ സഹായിക്കാന്‍ സുദിന എന്നാ കൂട്ടുകാരിയും കൂടി ചേര്‍ന്ന്.അങ്ങനെ ഒരേ പോലെ ചിന്തിക്കുന്ന നാലുപേര്‍ ചേര്‍ന്നാണ് ലേറ്റ്സ് ഗോ ഫോര്‍ എ ക്യാമ്പ്‌ രൂപീകരിക്കുന്നത്.

2015 ഓഗസ്റ്റ്‌ 15 നാണ് ഇവര്‍ ആദ്യത്തെ ക്യാമ്പ്‌ സംഘടിപ്പിച്ചത്,കക്കാടം പോയിലേക്ക് നടത്തിയ ആ യാത്ര തികച്ചും അവിസ്മരനീയമായിരുന്നു എന്ന് ഗീതു സാക്ഷ്യപ്പെടുത്തുന്നു.

“സോഷ്യല്‍ മീഡിയ ഇത്രയും ഉപയോഗത്തില്‍ ഇല്ലാത്ത ഒരു സമയമായിരുന്നു,സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഒന്നും അന്നില്ല,ആളുകളെ എങ്ങിനെ എത്തിക്കും എന്നത് തന്നെയായിരുന്നു വെല്ലുവിളി,എന്നാല്‍ ആ യാത്രയില്‍ പങ്കെടുത്തത് കേരളത്തിന്‍റെ പല ഭാഗത്ത്‌ നിന്നുള്ളവര്‍ മാത്രമല്ല ഹരിയാനയില്‍ നിന്നുള്ളവര്‍ ,ബംഗാളില്‍ നിന്നുള്ളവര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ ഒരു വ്യത്യസ്ത സംസ്കാരത്തില്‍ പെട്ട ആള്‍ക്കാര്‍ അങ്ങനെ നിരവധി പേരാണു എത്തിയത് ,അന്നവിടെ വന്ന ആള്‍ക്കാര്‍ പറഞ്ഞത് ,ഞങ്ങള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു യാത്രാനുഭവം ഉണ്ടായിട്ടില്ല ,അവരില്‍ കണ്ട അത്ഭുതവും ഒരു സന്തോഷവുമാണ് എനിക്ക് അടുത്ത ക്യാമ്പ്‌ ചെയ്യാനുള്ള ഊര്‍ജമായത്” ഗീതു അഭിമാനത്തോടെ പറഞ്ഞ് നിര്‍ത്തുന്നു.

സാമൂഹികവും മറ്റു പല കാരണങ്ങള്‍ കൊണ്ട് ഒറ്റയ്ക്ക് യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകള്‍ക്ക് കുട്ടികള്‍ക്ക് വയസ്സായവര്‍ക്ക് ഒരു കൂട്ടായി ,അവര്‍ ആഗ്രഹിച്ച സ്ഥലങ്ങളിലേക്ക് കൊണ്ട് പോകാനും അവരെ സന്തോഷിപ്പിക്കാനും ഗീതുവിന്റെ ക്യാമ്പുകള്‍ക്ക് കഴിഞ്ഞു.

ഗീതുവിന്റെ യാത്രകള്‍ വെറും ഒരു യാത്രയും ചില സെല്ല്ഫി എടുക്കലും അല്ല ,”ട്രാവല്‍ വിത്ത് എ പര്‍പസ്”(ലക്ഷ്യബോധത്തോടെ ഉള്ള യാത്ര എന്ന് മലയാളം) ഗീതുവിന്റെ കൂടെ യാത്ര ചെയ്ത ഒരു യാത്രിക അടയാള പ്പെടുത്തുന്നു.

സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഉള്ള ഒരു യാത്രാ സംഘം : സൃഷ്ടി എന്നാ പേരില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഒരു യാത്ര സംഘത്തെയും ഗീതുവും കൂട്ടരും രൂപീകരിച്ചിട്ടുണ്ട്,”സാമൂഹിക ചുറ്റുപാട് കാരണവും ഭയം കാരണവും ഇന്നും പുറത്തേക്കിറങ്ങി വരാന്‍ കഴിയാത്ത ഒരു വിഭാഗം സ്ത്രീകള്‍ പെൺ കുട്ടികള്‍ ഇവിടെയുണ്ട് ,അത്തരത്തിലുള്ള ആളുകളെ പുറത്ത് കൊണ്ടുവരിക എന്നതാണ് സൃഷ്ടി എന്നാ പേരില്‍ രൂപീകരിച്ചിട്ടുള്ള സബ് ഗ്രൂപ്പിന്റെ ലക്‌ഷ്യം”ഗീതു പറയുന്നു.

സാഹസിക എന്നാ സ്ത്രീ കൂട്ടായ്മ : “ആത്മവിശ്വാസത്തിന്റെ ഏറ്റവും മുകളിലുള്ള ഉയരത്തിലേക്ക് അവരെ നയിക്കുക എന്നാ ലക്ഷ്യമാണ്‌ സഹസികക്ക് ഉള്ളത്,എങ്ങിനെയാണ്‌ സ്ത്രീകള്‍ ഒറ്റയ്ക്ക് റാഫ്റ്റിംങ് പോലുള്ള സാഹസിക യാത്രകൾ ഒറ്റയ്ക്ക് ചെയ്യുന്നത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്,നമ്മുടെ കണ്ണൂരില്‍ തന്നെയുള്ള തേജസ്വിനി പുഴയില്‍ ,മഴക്കാലമാകുമ്പോള്‍ കുത്തി ഒലിച്ചു ഒഴുകുന്ന പുഴയില്‍ രാഫ്റ്റിംങ് നടത്താം,സ്ത്രീകള്‍ മാത്രം അടങ്ങുന്ന സംഘങ്ങള്‍ ആയി ഞങ്ങള്‍ അവിടെ രാഫ്റ്റിംങ്  നടത്തി”ഗീതുവിന്റെ വാക്കുകളില്‍ ആത്മ വിശ്വാസത്തിന്റെ തിളക്കം.

അപരിചിതരായ കുറെ  പേരെ ഒന്നിച്ചു ചേര്‍ത്ത് ഒരു സൌഹൃദ കൂട്ടായ്മ  സൃഷ്ടിക്കാനും  യാത്രകള്‍ നയിക്കാനുള്ള ഗീതുവിന്റെ കഴിവ് പലരും അത്ഭുതത്തോടെ അനുഭവിച്ചരിഞ്ഞതാണ്,അത് അന്യദൃശമെന്നു കൂടെ യാത്ര ചെയ്തവര്‍ സാക്ഷ്യപ്പെടുത്തുന്നു.കൂടെ യാത്ര ചെയ്യുന്നവരെ യാത്രയുടെ എല്ലാ അനുഭവവും പകര്‍ന്നു കൊടുക്കുകമാത്രമല്ല അവര്‍ക്ക് വേണ്ട ഭക്ഷണം താമസം എന്നിവ ഒരുക്കുന്നതോടൊപ്പം തന്നെ അവരെ സുരക്ഷിതമായി കൊണ്ട് പോകാനും ഗീതു കാണിക്കുന്ന കഴിവ് എല്ലാവരെയും ആശ്ച്ചര്യപ്പെടുത്തുന്നുണ്ട്.

ക്യാമ്പുകള്‍ നടത്തുന്നുണ്ട് എന്നത് സോഷ്യല്‍ മീഡിയ വഴി അറിയിക്കുകയാണ് സാധാരണ രീതി,അതിനു ശേഷം കേരളത്തിനെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ ക്യാമ്പില്‍ എത്തുകയാണ് ചെയ്യുന്നത്.ഇവരെ എല്ലാം ഒരു കുടുംബം പോലെ ആക്കി മാറ്റാന്‍ നിരവധി ഗെയിംസുകളും ഗ്രൂപ്പ് ആക്ടിവിറ്റികളും നല്‍കാറുണ്ട്.

അമ്മയും കുഞ്ഞാറ്റയും അഥവാ വലിയ ഭൂമിയും കുട്ടിക്കൂട്ടവും :പ്രകൃതിയിലേക്ക് ഉള്ള ഒരു കുട്ടിയുടെ കാല്‍വെപ്പ്‌ അമ്മയുടെ കൈ പിടിച്ചു തുടങ്ങണം എന്നാ ആശയത്തെ മുന്നോട്ട് നയിക്കാന്‍ അമ്മയും കുഞ്ഞും ചേര്‍ന്നാണ് ഈ കാമ്പില്‍ പങ്കെടുക്കറുള്ളത്.

വെറും യാത്രയില്‍ തീരുന്നില്ല ഗീതു മോഹന്‍ദാസിന്റെയും കൂട്ടുകാരുടെയും ജോലി,പോകുന്ന സ്ഥലങ്ങളിലെ ആളുകളെയും സംസ്കാരത്തെയും മനാസ്സിലാക്കുന്നതോടൊപ്പം തന്നെ തദ്ദേശീയര്‍ക്ക് ഉപകാരപ്പെടുന്ന സാമൂഹിക വിനിമയങ്ങളിലും ഇവര്‍ വ്യാപൃതരാകാറുണ്ട്.

ചെറുതും വലുതുമായ 50 ൽ അധികം യാത്രകള്‍ ലെറ്റ്സ് ഗോ ഫോര്‍ എ ക്യാമ്പ്‌ എന്നാ കൂട്ടായ്മ പിന്നിട്ട് കഴിഞ്ഞു.അതില്‍ രണ്ടു വിദേശ ക്യാമ്പുകളും ഉള്‍പ്പെടുന്നു,19 പേര്‍ അടങ്ങുന്ന സംഘമായി പോയ ചാദര്‍ ട്രക്ക്,തണുത്തുറഞ്ഞ ഒരു നദിയുടെ മുകളിലൂടെയുള്ള സാഹസിക യാത്രക്ക് നേതൃത്വം നല്‍കിയത് ഗീതു ആയിരുന്നു.

തീര്‍ന്നില്ല തന്റെ യാത്രകള്‍ എങ്ങിനെ കൃഷിക്കാര്‍ക്ക് ഉപകാരപ്രദമാക്കി മാറ്റാം എന്ന ചിന്തയിൽ നിന്ന് അംഗുരമിട്ട ആശയമാണ് “ഫ്രൂട്ട് ഫോറസ്റ്റ് “എന്നത്.ഇന്ന് ഏറ്റവും വെല്ലുവിളി നേരിടുന്ന മേഖലയായ കൃഷിയെക്കുറിച്ച് കൂടുതൽ ആളുകളിൽ അവബോധമുണ്ടാക്കാൻ വേണ്ടി ചിട്ടപ്പെടുത്തിയ ഈ ക്യാമ്പ് ,പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ ജൈവ കൃഷി കൂട്ടായ്മയുമായി ചേർന്നാണ് നടത്തുന്നത്. മണ്ണിന്റെ മണമുള്ള മണ്ണിൽ പണിയെടുക്കുന്ന കർഷകരിൽ നിന്ന് നേരിട്ട് കൃഷി അനുഭവങ്ങൾ ലഭ്യമാക്കുന്നു എന്നത് തന്നെയാണ് ഈ ക്യാമ്പിന്റെ പ്രത്യേകത. ഇതു വരെ ഏഴു ക്യാമ്പുകൾ നടത്തിക്കഴിഞ്ഞു.

തീർന്നില്ല … മൂന്നാറിനടുത്തുള്ള പാമ്പാടും ചോല നാഷണൽ പാർക്കിലെ കത്തി നശിച്ച പുൽമേടുകളെ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് മുമ്പിലും ഗീതുവും കൂട്ടുകാരുമുണ്ട്. 3 വർഷം മുന്പ് പൂർണമായും പുൽമേടുകൾ കത്തി നശിച്ചതോടെ ഒരു ആവാസവ്യവസ്ഥ കൂടി ഭൂമുഖത്തു നിന്ന് മറയുകയായിരുന്നു. വനം വകുപ്പുമായി ചേർന്ന് കഴിഞ്ഞ മൂന്നുവർഷം ഇവർ ചെയ്ത ശ്രമങ്ങൾക്ക് ഫലമുണ്ടായി എന്നത് തന്നെയാണ് ഇത്തരം ശ്രമങ്ങൾ തുടരുന്നതിന്റെ ഈ കൂട്ടായ്മയുടെ ഊർജവും.

ചെറുപ്പം മുതൽ തന്നെ പിതാവ് എം.മോഹൻദാസും മാതാവും നൽകിയ അകമഴിഞ്ഞ പിൻതുണ തന്നെയാണ് അതിരുകളില്ലാത്ത യാത്രകളിലേക്ക് ഗീതു മോഹൻദാസിനെ കൈപിടിച്ചു നടത്തിയത്.

കൊച്ചി സർവ്വകലാശാലയിൽ സീനിയറായി പഠിച്ച പ്രസാദ് ആതിഷ് ആണ് ഗീതുവിന്റെ ഭർത്താവ്.വിഹായസ്സും അതിരല്ല എന്ന് കരുതുന്ന ഗീതുവിന്റെ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരുന്നത് ആതിഷിന്റെ സാമീപ്യമാണ്.

യാത്രയെന്നത് വെറും ആഡംബരം നിറഞ്ഞത് മാത്രമല്ല, ലക്ഷ്യബോധം കൂടി ഉണ്ടായിരിക്കണം എന്നാണ് ഗീതുവും കൂട്ടുകാരും നമ്മളിലെത്തിക്കുന്ന സന്ദേശം.. ” ട്രാവൽ ഫോർ എ പർപ്പസ് ” എന്ന് ആംഗലേയം. ഈ ആശയം ലോകം മുഴുവൻ അലയടിക്കണമെന്നാണ് ഗീതു മോഹൻദാസിന്റെ ആഗ്രഹം.. അതിനുള്ള ആശ്രാന്ത പരിശ്രമം തുടർന്നു കൊണ്ടേ ഇരിക്കുന്നു ഈ പെൺകുട്ടി.. ശരിക്കും പ്രയാണത്തെ പ്രണയിച്ച പെൺകൊടി..

ഇപ്പോൾ ആർട്ടിക്ക് പോളാർ (ധ്രുവ)യാത്രക്കുള്ള പട്ടികയിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് ഈ ബെംഗളൂരു മലയാളി, ഓരോ റീജിയണിൽ നിന്നും 2 പേർക്ക് വീതമാണ് ഈ യാത്രയിലേക്ക് അവസരം നൽകുന്നത് ഇന്ത്യ ഉൾപ്പെടുന്ന “ദി വേൾഡ്” എന്ന വിഭാഗത്തിൽ മത്സരിക്കുന്ന ഗീതുവിനെ വോട്ട് ചെയ്ത് മുന്നോട്ടെത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us