പുലി പേടി ഒഴിയാതെ തെക്കൻ ബെംഗളൂരു

ബെംഗളൂരു: തെക്കൻ ബംഗളൂരുരുവിൽ ബനശങ്കരി ആറാം സ്റ്റേജിനു സമീപം സോമപുരയിൽ പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടി കൊല്ലപ്പെട്ടതോടെ പ്രദേശം പുലിഭീതിയിൽ.

നഗരപ്രാന്തത്തിലെ സംരക്ഷിത വനപ്രദേശമായ തുറഹള്ളിയുടെ സമീപപ്രദേശമാണ് സോമപുര. ഇവിടെ അടുത്ത കാലങ്ങളിലൊന്നും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. പശുക്കുട്ടി കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളോട് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

ബനശങ്കരി ആറാം സ്റ്റേജിലെ ചില ഭാഗങ്ങളിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടതായി റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമീപപ്രദേശങ്ങളിൽ ഒഴിഞ്ഞ ഇടങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.നഗരങ്ങളുൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങളിൽ പുലിയുടെ സാന്നിധ്യം കർണാടകയിൽ പതിവായിരിക്കുകയാണ്.

മൈസൂരു വൃന്ദാവൻ ഗാർഡനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പുലിയെ കൂട് സ്ഥാപിച്ചിട്ടും പിടികൂടാനായിട്ടില്ല. ബംഗളൂരു യെലഹങ്കയിലും ബേഗൂരിലും അടുത്തകാലത്ത് പുലികളുടെ സാന്നിധ്യമുണ്ടായിരുന്നു. ബൽഗാം നഗരത്തിൽ മനുഷ്യരെയുൾപ്പെടെ ആക്രമിച്ച് ആഴ്ചകളോളം ഭീതി പരത്തിയ പുലി ഒടുവിൽ വനമേഖലയിലേക്കും തിരിച്ചുപോകുകയായിരുന്നു. ആഴ്ചകൾക്കു മുമ്പ് ബംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് ഹൈവേയിൽ പുലി വാഹനമിടിച്ചു ചത്ത സംഭവവുമുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us