റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ അടിമുടി നിരീക്ഷിക്കാനുള്ള സംവിധാനമൊരുങ്ങുന്നു!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ, പശ്ചിമ റെയിൽവേ കൂടുതൽ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സ്ഥാപിക്കും. ഇതിനായി പ്രത്യേക സുരക്ഷാ ജീവനക്കാരെ ചുമതലപ്പെടുത്തും.

റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, റിസർവേഷൻ കൗണ്ടർ, പാർക്കിങ് സ്ഥലം, പ്രവേശന കവാടം, പ്ലാറ്റ്ഫോമുകൾ, മേൽനടപ്പാതകൾ, ബുക്കിങ് ഓഫീസുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സി.സി.ടി.വി. ക്യാമറകളിലൂടെ യാത്രക്കാരുടെ നീക്കങ്ങൾ മുഴുവൻ സമയവും നിരീക്ഷിക്കും.

ദക്ഷിണ, പശ്ചിമ റെയിൽവേയുടെ കീഴിലുള്ള 31 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ബല്ലാരി (33 ക്യാമറകൾ), ബെലഗാവി (36), വാസ്കോ ഡ ഗാമ (36), ബെംഗളൂരു കന്റോൺമെന്റ് (21), ബംഗാരപ്പേട്ട് (36), ഹാസൻ (36), കെ.ആർ. പുരം (25), ശിവമോഗ ടൗൺ (24), സത്യസായി പ്രശാന്തി നിലയം (20) എന്നീ സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ബെംഗളൂരു, മൈസൂരു, യശ്വന്തപുര എന്നിവിടങ്ങളിൽ നേരത്തേതന്നെ സി.സി.ടി.വി. ഉൾപ്പെടെയുള്ള സമഗ്ര സുരക്ഷാ സംവിധാനം നടപ്പാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ അർസിക്കെരെ, ബാഗൽകോട്ട്, ബാനസവാടി, ഭദ്രാവതി, വിജയപുര, ബിരൂർ, ഗദഗ്, ഹരിഹർ, ഹാവേരി, ഹിന്ദുപുർ, ഹൊസപേട്ട്, ഹൊസൂർ, കൊപ്പാൾ, ലൊണ്ട, മാണ്ഡ്യ, തൊൺഗല്ലു, തുമകൂരു, യെലഹങ്ക, ദാവനഗരെ, ധാർവാഡ്, കെങ്കേരി തുടങ്ങിയ സ്റ്റേഷനുകളിലാണ് നടപ്പാക്കുക.

ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ കൺട്രോൾ റൂമിനു പുറമേ ഹുബ്ബള്ളി, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലുള്ള ഡിവിഷണൽ സെൻട്രൽ സെക്യൂരിറ്റി കൺട്രോൾ റൂമുകളിൽനിന്നും നിരീക്ഷിക്കാനാകും.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: