ബെംഗളൂരു: ദുരൂഹ സാഹചര്യത്തിൽ മലയാളികൾ മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്. ആനേക്കലിലെ വനത്തിനുള്ളിൽ തടാകത്തിനു സമീപം ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തൃശൂർ, പാലക്കാട് സ്വദേശികളുടേത്.
ഇലക്ട്രോണിക് സിറ്റിയിലെ ടിസിഎസ് സോഫ്റ്റ്വെയർ കമ്പനി ജീവനക്കാരായ അഭിജിത് മേനോൻ (25), ശ്രീലക്ഷ്മി (20) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ സുരേഷിന്റെയും ശ്രീജയുടെയും മകളാണ് ശ്രീലക്ഷ്മി. പാലക്കാട് മണ്ണാർക്കാട് അഗളിയിൽ മോഹന്റെ മകനാണ് അഭിജിത്.
6 മാസം മുൻപ് ടിസിഎസിൽ ചേർന്ന ശ്രീലക്ഷ്മി ഉൾപ്പെട്ട ടീമിന്റെ ലീഡറാണ് അഭിജിത്. ഒക്ടോബർ 11-നാണ് ഇവർ അവസാനമായി ഓഫീസിലെത്തിയത്. തുടർന്ന് പ്രവൃത്തി സമയത്തുതന്നെ ഇരുവരും പുറത്തേക്ക് പോകുകയായിരുന്നു.
മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ എതിരുനിന്നതുകൊണ്ട് ജീവനൊടുക്കിയതാണെന്ന വാദം ബന്ധുക്കൾ തള്ളി.
കാണാതായ ദിവസത്തിനുമുമ്പ് പെൺകുട്ടി വീട്ടുകാരെ വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ ഒക്ടോബർ 14-ന് പരപ്പന അഗ്രഹാര പോലീസിൽ പരാതി നൽകിയിരുന്നു. കർണാടക ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് റിട്ട് ഫയൽ ചെയ്യുകയും ചെയ്തു.
മൃതദേഹങ്ങൾക്ക് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹെബ്ബഗോഡി പൊലീസ് പറഞ്ഞു.
കൂടുതൽ അന്വേഷണത്തിനു പൊലീസ് കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.
40 ദിവസം മുൻപ് ഇലക്ട്രോണിക് സിറ്റിയിലെ താമസ സ്ഥലത്തു നിന്നാണ് ഇവരെ കാണാതായത്.