പ്രളയത്തെത്തുടർന്നുള്ള തിരിച്ചടിയിൽനിന്ന് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖല കരകയറുന്നു

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: കഴിഞ്ഞവർഷവും ഈവർഷവും കനത്തമഴകാരണം സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം തിരക്കു കുറഞ്ഞിരുന്നു. ചില സ്ഥലങ്ങൾ അപകടഭീഷണിയെത്തുടർന്ന് അടച്ചിടുകയുംചെയ്തിരുന്നു.

എന്നാൽ, ഒക്ടോബർ പകുതി കഴിഞ്ഞതോടെ വിനോദസഞ്ചാരരംഗത്ത് ഉണർവുണ്ടായതായി കർണാടക ടൂറിസം വികസന കോർപ്പറേഷൻ(കെ.എസ്.ടി.ഡി.സി.) അറിയിച്ചു. ദസറ, ദീപാവലി അവധികളോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കനുഭവപ്പെട്ടു.

മൈസൂരു, മടിക്കേരി, ജോഗ് വെള്ളച്ചാട്ടം, ഹംപി തുടങ്ങിയ സ്ഥലങ്ങളിലെ കെ.എസ്.ടി.ഡി.സി.യുടെ ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ‘ബുക്കിങ്’ ഭേദപ്പെട്ടിട്ടുണ്ട്. ബുക്കിങ്ങിൽ 50 ശതമാനം വർധനയുണ്ടായതായി അധികൃതർ വ്യക്തമാക്കി. ഹംപിയിൽ വെള്ളപ്പൊക്കമുണ്ടായി പൈതൃകസ്മാരകങ്ങളെല്ലാം വെള്ളത്തിലായിരുന്നെങ്കിലും ഇപ്പോൾ സന്ദർശകരെത്തിത്തുടങ്ങി.

കെ.എസ്.ടി.ഡി.സി.യുടെ സ്ഥാപനങ്ങളിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ 38 ശതമാനം ‘ബുക്കിങ്’ ഉണ്ടായിരുന്നസ്ഥാനത്ത് ഈവർഷം 75 ശതമാനമായി. മൈസൂരുവിലും സമീപപ്രദേശങ്ങളിലുമാണ് ‘ബുക്കിങ്’ കൂടിയിട്ടുള്ളത്.

ഈ വർഷം ആദ്യവും സ്വാതന്ത്ര്യദിന അവധിസമയത്തും പ്രധാനകേന്ദ്രങ്ങളായ കുടക്, ചിക്കമഗളൂരു മേഖലകളിൽ മഴക്കെടുതികാരണം സഞ്ചാരികൾ കുറവായിരുന്നു. എന്നാൽ, ഇപ്പോൾ ഈ മേഖലയിലും ഉണർവുണ്ടായതായി അധികൃതർ വ്യക്തമാക്കി.

ക്രിസ്മസ് – പുതുവത്സര സീസണിലേക്കുള്ള ‘ബുക്കിങ്ങി’ന് നല്ല തിരക്കനുഭവപ്പെടുന്നുണ്ടെന്ന് സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ അറിയിച്ചു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: