കർണാടക പ്രീമിയർ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് ബൗളിങ് കോച്ചും ബാറ്റ്സ്‌മാനും അറസ്റ്റിൽ

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: കർണാടക പ്രീമിയർ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് ബൗളിങ് കോച്ച് വിനുപ്രസാദ്, ബാറ്റ്‌സ്‌മാനായ വിശ്വനാഥ് എന്നിവരാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

നേരത്തേ അറസ്റ്റിലായ സംഘത്തെ ചോദ്യംചെയ്തതിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഇതുവരെ വാതുവെപ്പ് കേസിൽ രണ്ടു സംഘങ്ങൾ പിടിയിലായി. 2018-ൽ ബെംഗളൂരു, ബെലഗാവി ടീമുകൾ തമ്മിലുള്ള മത്സരത്തിനിടയിൽ ഇവർ ഒത്തുകളിച്ചെന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

മത്സരത്തിലെ റൺറേറ്റ് കുറയ്ക്കാൻ അഞ്ചുലക്ഷം രൂപയാണ് വിശ്വനാഥിന് കോച്ച് വിനുപ്രസാദ് വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് റൺസെടുക്കാതെ ബോളുകൾ ഒഴിവാക്കിവിടാൻ വിശ്വനാഥ് ശ്രമിച്ചു. പുറത്ത് പ്രവർത്തിക്കുന്ന വാതുവെപ്പ് മാഫിയയ്ക്കുവേണ്ടിയാണ് വിനുപ്രസാദ് വിശ്വനാഥിനെ സ്വാധീനിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഇവരെ ചോദ്യംചെയ്യുന്നതോടെ കൂടുതൽപ്പേർ പിടിയിലാകുമെന്നാണ് സൂചന. ബെലഗാവി പാന്തേഴ്‌സ് ടീമിന്റെ ഉടമ അലി അഫ്‌സക്ക്‌ താരമത്സരങ്ങൾക്കിടെ ഗാലറിയിൽനിന്ന് ഡ്രം വായിക്കാൻ നിയോഗിച്ചിരുന്ന ഡ്രമ്മർ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

ഡ്രമ്മിന്റെ താളത്തിൽ വ്യത്യാസംവരുത്തി കളിക്കാർക്ക് സൂചനകൾ നൽകുകയാണ് ഇവർ ചെയ്തിരുന്നത്. ദുബായ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ വേരുകളുള്ള വൻകിട വാതുവെപ്പ് സംഘങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

നേരത്തേ പിടിയിലായ സംഘവുമായി ഈ കോച്ചിനും ബാറ്റ്‌സ്‌മാനും കാര്യമായ ബന്ധങ്ങളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. നേരത്തേ കേസുമായി ബന്ധപ്പെട്ട് മുൻനിര ടീമുകളിലെ ഒട്ടേറെ കളിക്കാരെ ചോദ്യംചെയ്തിരുന്നു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: