അമൃത എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു; മാനേജ്മെന്റിന്റെ വീഴ്ചയാണെന്നാരോപിച്ച് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിൽ;പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: മാതാ അമൃതാനന്ദമയീ മഠത്തിന്റെ നിയന്ത്രണത്തിലുള്ള അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള നഗരത്തിലെ അമൃത കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാമ്പസിൽ വിദ്യാർത്ഥി ആറു നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

നാലാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഹർഷയാണ് ബെല്ലണ്ടൂരിന് സമീപമുള്ള കസവനഹള്ളിയിലെ കാമ്പസിൽ ജീവനൊടുക്കിയത്.

മാനേജ്മെന്റിന്റെ തെറ്റായ നടപടികൾ കൊണ്ടാണ് സഹപാഠി ആത്മഹത്യ ചെയ്തത് എന്നാരോപിച്ച് വിദ്യാർത്ഥികൾ കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി.

ഹർഷയുടേത് അല്ലാത്ത കാരണങ്ങളാൽ കുറ്റമാരോപിച്ച് മാനേജ്മെന്റ് ഈ വിദ്യാർത്ഥിയെ തുടർച്ചയായ ദിവസങ്ങളിൽ മാനസിക പീഡനം ഏൽപ്പിക്കുകയായിരുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

കഴിഞ്ഞ മാസം അവസാനം 6 കോളേജ് ബസുകളുടെ വിൻഡ് സ്ക്രീനുകളും ഗ്ലാസുകളും മറ്റും തകർത്തതുമായി ബന്ധപ്പെട്ട് ഹർഷ മാപ്പ് ചോദിക്കണം എന്ന് ക്യാമ്പസിലെ അച്ചടക്ക സമിതി ആവശ്വപ്പെട്ടു, എന്നാൽ ഹർഷ ഇതിൽ പങ്കെടുത്തിട്ടില്ലെന്നും മറ്റൊരു വിദ്യാർത്ഥി ഇതുമായി ബന്ധപ്പെട്ട് മാപ്പു ചോദിച്ചു എന്നും വിദ്യാർത്ഥികൾ പറയുന്നു.45 പേരെ ഈ വിഷയത്തിൽ സസ്പെന്റ് ചെയ്യുകയും ചെയ്തു.

ഹോസ്റ്റലിൽ നല്ല ഭക്ഷണമോ കൃത്യമായി വെള്ളമോ ലഭിക്കുന്നില്ല എന്ന തുടർച്ചയായ പരാതി നൽകിയിട്ടും പരിഹാരമൊന്നും ലഭിക്കാത്തതിനാലാണ് വിദ്യാർത്ഥികൾ ഇത്തരത്തിൽ നീങ്ങിയത് എന്നാണ് അവരുടെ ഭാഷ്യം.

ഹർഷ നല്ലൊരു വിദ്യാർത്ഥി ആയിരുന്നെന്നും ഈ സംഭവത്തിൽ അയാൾ പങ്കെടുത്തിട്ടില്ലെന്നും സഹപാഠികൾ പറയുന്നു, ക്യാമ്പസ് സെലക്ഷനിലൂടെ ജോലി ലഭിച്ച ഇയാളുടെ ജോലി ഇക്കാരണം കൊണ്ട് നഷ്ടമാവുമെന്നും കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത ഉടനെ തന്നെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ കോളേജ് അധികൃതർ നീക്കിയതായും ആരോപണമുണ്ട്.

ആത്മഹത്യക്ക് പ്രേരിപ്പിക്കൽ (306), തെളിവുകൾ നശിപ്പിക്കൽ(201) തുടങ്ങിയ വകുപ്പുകൾ ചേർത്ത് കോളേജ് അധികൃതർക്കെതിരെ പാരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: