പരമേശ്വരയുടെ പേഴ്‌സണൺ അസിസ്റ്റന്റ് രമേശിന്റെ മരണം; ആദായ നികുതി വകുപ്പിനെതിരേ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

ബെംഗളൂരു: മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ പേഴ്‌സണൺ അസിസ്റ്റന്റ് രമേശിന്റെ ആത്മഹത്യയെത്തുടർന്ന് ആദായ നികുതി വകുപ്പിനെതിരേ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. രമേശിന്റെ കാറിൽനിന്ന്‌ കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ ആദായ നികുതി വകുപ്പിനെയാണ് കുറ്റപ്പെടുത്തുന്നത്.

ഇതോടെ കുടുംബാംഗങ്ങളും പ്രതിഷേധിച്ചു. രമേശ് ആത്മഹത്യ ചെയ്ത ജ്ഞാനഭാരതി കാമ്പസിൽ നൂറുക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആദായനികുതി വകുപ്പിനെ കുറ്റപ്പെടുത്തി.

റെയ്ഡുമായി ബന്ധപ്പെട്ട് രമേശിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായനികുതിവകുപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. കഴിഞ്ഞ രണ്ടുദിവസം ആദായനികുതിവകുപ്പ് പരമേശ്വരയുടെ വീട്ടിലും ഉടമസ്ഥതയിലുള്ള സിദ്ധാർഥ അക്കാദമി ഓഫ് ഹയർ എജുക്കേഷനിലും റെയ്ഡ് നടത്തിയിരുന്നു.

വായിക്കുക:  സ്വകാര്യമേഖലയിലെ ജോലികൾക്ക് കന്നഡികർക്ക് മുൻഗണന നൽകുമെന്ന് സർക്കാർ!!

റെയ്ഡ് നടക്കുമ്പോൾ പരമേശ്വരയോടൊപ്പം രമേശുമുണ്ടായിരുന്നു. രമേശിനെ ചോദ്യം ചെയ്തുവെന്ന തരത്തിൽ വാർത്തയും വന്നിരുന്നു. റെയ്ഡ് വെള്ളിയാഴ്ച രാത്രി പൂർത്തിയായതിനുശേഷമാണ് പരമേശ്വരയുടെ വീട്ടിൽനിന്ന് പോയത്. രമേശിന്റെ ആത്മഹത്യയോടെ ആദായനികുതി റെയ്ഡിനെതിരേയുള്ള പ്രതിഷേധം കോൺഗ്രസ് ശക്തിപ്പെടുത്തി.

ബെംഗളൂരുവിലും തുമക്കൂരുവിലും പരമേശ്വരയുടെ അനുയായികൾ പ്രതിഷേധപ്രകടനം നടത്തി. ആദായനികുതി വകുപ്പിനെതിരേ രമേശിന്റെ സഹോദരി പോലീസിൽ പരാതിയുംനൽകി. രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി കേന്ദ്രസർക്കാർ ആദായനികുതിവകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്നും മനുഷ്യത്വമില്ലാതെയാണ് പെരുമറുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

രമേശിന്റെ ആത്മഹത്യയ്ക്ക് കാരണം ആദായനികുതി വകുപ്പാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ഇതിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസികപീഡനമാണ് രമേശിന്റെ ആത്മഹത്യക്ക് കാരണമെന്ന് പരമേശ്വര ആരോപിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു.

വായിക്കുക:  കുമാരസ്വാമി ബി.ജെ.പി.യോടടുക്കുന്നോ ? യെദിയൂരപ്പ സർക്കാറിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി.

കോൺഗ്രസ് നേതാക്കളെ ലക്ഷ്യംവെച്ച് നടത്തുന്ന റെയ്ഡിനെതിരേ പ്രതിഷേധം വരുംദിവസങ്ങളിൽ ശക്തമാക്കാനാണ് തീരുമാനം. കഫേ കോഫി ഡേ ചെയർമാൻ വി.ജി. സിദ്ധാർഥയുടെ ആത്മഹത്യക്കുറിപ്പിലും ആദായ നികുതിവകുപ്പിനെ കുറ്റപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയത്.

 

Slider
Slider
Loading...

Related posts