വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എം.ഡി.എം.എയും കഞ്ചാവും എത്തിക്കുന്നയാള്‍ പിടിയില്‍

Loading...

കോഴിക്കോട്: ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ ഡി.ജെ പാർട്ടികളിലും മറ്റും പങ്കെടുത്തു വരുന്നവരാണ് ന്യൂജൻ സിന്തറ്റിക്ക് ലഹരി മരുന്നുകൾ ജില്ലയിൽ എത്തിക്കുന്നതെന്ന് പോലീസ് പറയുന്നു. ലഹരിയിൽ പുതുമ തേടുന്ന പുതുതലമുറയിലെ യുവതീ യുവാക്കളെയും വിദ്യാർഥികളെയുമാണ് ലഹരി മാഫിയ സംഘം ലക്ഷ്യം വെക്കുന്നത്.

ഇത്തരം സിന്തറ്റിക്ക് ഡ്രഗുകൾ രൂപത്തിൽ വളരെ വ്യത്യസ്തത പുലർത്തുന്നതിനാൽ ഇവ കണ്ടു പിടിക്കാൻ വളരെയധികം പ്രയാസമാണെന്നതും രക്ഷിതാക്കൾക്കും മറ്റും തിരിച്ചറിയാതെ കൈകാര്യം ചെയ്യാമെന്നതുമാണ് ഇവയിലേക്ക് യുവതലമുറയെ ആകർഷിക്കുന്നത്.

വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കൊണ്ടുവന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം യുവാവിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ പുല്ലാളൂർ മേലെ മീത്തിൽ ഉഷസ് നിവാസിൽ രജിലേഷ് എന്ന അപ്പു (27) വിനെയാണ് ടൗൺ എസ്.ഐ ബിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസും ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി.സി ഹരിദാസന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സെൽ സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഇന്റർനാഷണൽ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്.

വായിക്കുക:  ദ്വാരകാ നഗറിൽ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു

വിൽപനയ്ക്കായ് കൊണ്ടുവന്ന ആറുഗ്രാം ക്രിസ്റ്റൽ മാതൃകയിലുള്ള എം.ഡി.എം എ യും 35 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. വീര്യം കൂടിയ ലഹരി ദീർഘസമയത്തേക്ക് ലഭിക്കുമെന്നതാണ് യുവതലമുറക്ക് ഈ ലഹരിയോടുള്ള മറ്റൊരു ആകർഷണം. വളരെ ചെറിയ ഓവർഡോസ് പോലും മരണത്തിന് വരെ കാരണമായേക്കാവുന്ന ലഹരി വസ്തുവാണ് എം.ഡി.എം.എ. പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ലൗ പിൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ ലഹരി മാഫിയ ഉപയോഗിക്കുന്നുണ്ട്.

വായിക്കുക:  78 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോക കോഫി സമ്മേളനം ബെംഗളൂരുവിൽ!!

നഗരത്തിലെ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് നിശാപാർട്ടികൾ നടക്കുന്നതായും അതുവഴി ലഹരിമരുന്നിന്റെ ഉപയോഗം വർധിച്ചു വരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് ടൗൺസി. ഐ ഉമേഷ് അറിയിച്ചു. ടൗൺ പോലീസ് സബ് ഇൻസ്പെക്ടർ ബിജിത്ത്, എ.എസ്.ഐ സുബ്രഹ്മണ്യൻ, സീനിയർ സി.പി.ഒ പ്രകാശൻ, സി.പി.ഒ മാരായ ഷബീർ, ശ്രീലിൻസ്, സജീഷ് ഡൻസാഫ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോൻ കെ.എ, നവീൻ.എൻ, സോജി.പി, രതീഷ്. എം.കെ, രജിത്ത് ചന്ദ്രൻ, ജിനേഷ് എം, സുമേഷ് എ.വി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Slider
Slider
Loading...

Related posts