ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനെതിരേ നഗരത്തിൽ വൻ പ്രതിഷേധ മാർച്ച്

Loading...

ബെംഗളൂരു: ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനെതിരേ നഗരത്തിൽ വൻ പ്രതിഷേധ മാർച്ച്. വൊക്കലിഗ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ 15,000-ത്തോളം പേർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധത്തിനെത്തി.

നാഷണൽ കോളേജ് ഗ്രൗണ്ടിൽ നിന്ന് ഫ്രീഡം പാർക്കിലേക്കും അവിടെനിന്ന് രാജ്ഭവനിലേക്കുമായിരുന്നു പ്രതിഷേധമാർച്ച്. മാർച്ചിന് പിന്തുണയുമായി കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കളും പ്രവർത്തകരുമെത്തി. എന്നാൽ, ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി മാർച്ചിൽ പങ്കെടുക്കാനെത്തിയില്ല. ക്ഷണം ലഭിക്കാത്തതിനാലാണ് പ്രതിഷേധമാർച്ചിൽ പങ്കെടുക്കാനെത്താത്തതെന്ന് എച്ച്.ഡി. കുമാരസ്വാമി പിന്നീട് പ്രതികരിച്ചു.

വായിക്കുക:  ഹെഗ്ഡെ നഗർ റെയിൽവേ ഗേറ്റിനു സമീപം ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാക്കൾ തീവണ്ടി തട്ടിമരിച്ചു

പ്ലക്കാഡുകളും ബാനറുകളും ശിവകുമാറിന്റെ പോസ്റ്ററുകളും കൈയിലേന്തിയ പ്രവർത്തകർ ബി.ജെ.പി. വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധമാർച്ചിൽ പങ്കെടുത്തത്. കോൺഗ്രസിലെയും ജെ.ഡി.എസിലെയും നേതാക്കൾ ഫ്രീഡം പാർക്കിൽ പ്രതിഷേധമാർച്ചിനെ അഭിസംബോധനചെയ്ത് സംസാരിച്ചു.

ബി.ജെ.പി. യുടെ പ്രതികാര രാഷ്ട്രീയത്തിനെതിരായിട്ടായിരുന്നു നേതാക്കളുടെ പ്രസംഗം. പ്രതിസന്ധിഘട്ടങ്ങളിൽ ഞങ്ങളെല്ലാവരും ശിവകുമാറിനൊപ്പമുണ്ടെന്നും രാഷ്ട്രീയ പ്രതികാരം ചെയ്യുന്ന ബി.ജെ.പി. അധികാരം ശാശ്വതമല്ലെന്ന് ഓർമിക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

വൊക്കലിഗ നേതാവ് നഞ്ജവദത്ത സ്വാമി, കർണാടക രക്ഷണ വേദികെ നേതാവ് നാരായണ ഗൗഡ തുടങ്ങിയവരും ശിവകുമാറിനെ അനുകൂലിച്ച് സംസാരിച്ചു. എല്ലാക്കാലവും ശിവകുമാറിനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്ന് മുൻ എം.പി.യും ജെ.ഡി.എസ്. നേതാവുമായ ശിവരാമെ ഗൗഡ പറഞ്ഞു. കോൺഗ്രസ്- ജെ.ഡി.എസ്. നേതാക്കൾ ചേർന്ന് ഗവർണർ വാജുഭായി വാലയ്ക്ക് നിവേദനം സമർപ്പിച്ചു.

വായിക്കുക:  ഡി.കെ. ശിവകുമാറിന്റെ സഹോദരനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്!!

അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ പോലീസുകാരെ നിയോഗിച്ചിരുന്നു. പ്രതിഷേധമാർച്ചിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകാനിടയുണ്ടെന്ന് മുൻകൂട്ടി കണ്ട ട്രാഫിക് പോലീസ് ഗതാഗതം തിരിച്ചുവിട്ടു.

 

Slider
Slider
Loading...

Related posts