വൻ കള്ളനോട്ട് കടത്ത്; ചാമരാജനഗറിൽ കോടികണക്കിന് രൂപയുടെ വ്യാജനോട്ട് പിടിച്ചു!!

Loading...

ബെംഗളൂരു: ചാമരാജനഗറിൽ 3.16 കോടി രൂപയുടെ വ്യാജനോട്ട് പിടിച്ചു. അട്ടഗുളിപുരയിൽ ചിക്കഹോളെ അണക്കെട്ടിന് സമീപത്തുവെച്ചാണ് വ്യാജനോട്ട് കടത്തിയ ചരക്കുവാഹനം പോലീസ് പിടിച്ചത്. വാഹനത്തിന്റെ ഡ്രൈവർ മൈസൂരു സർഗുർ സ്വദേശി കാർത്തിക്കിനെ പിടികൂടി. കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു.

രണ്ടായിരം രൂപയുടെ വ്യാജനോട്ടുകൾ പെട്ടിക്കുള്ളിലാക്കിയായിരുന്നു വാഹനത്തിൽ വെച്ചിരുന്നത്. ബെംഗളൂരുവിൽനിന്ന് ചാമരാജ്‌നഗർ വഴി തമിഴ്‌നാട്ടിലേക്ക് കോടികളുടെ വ്യാജനോട്ട് കൊണ്ടുപോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എല്ലാ വാഹനങ്ങളും പരിശോധിച്ചു വരുകയായിരുന്നുവെന്ന് എസ്.പി. എച്ച്.ഡി. അനന്തകുമാർ പറഞ്ഞു.

വായിക്കുക:  ഇന്ത്യയും ഐ.എസ്.ആർ.ഒ.യും അഭിമാനനേട്ടത്തിന് മണിക്കൂറുകൾമാത്രം അകലെ

വിരാജ്‌പേട്ടിൽ ബാർബർ ഷോപ്പ് നടത്തുന്ന കാർത്തിക് ഡ്രൈവറായും ജോലിചെയ്യാറുണ്ട്. വാഹനത്തിലുണ്ടായിരുന്നത് വ്യാജനോട്ടാണെന്ന് കാർത്തിക്കിന് അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. പിടികൂടിയപ്പോഴാണ് വ്യാജനോട്ടാണെന്ന കാര്യം അറിഞ്ഞതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

വാഹനത്തിൽനിന്ന് രക്ഷപ്പെട്ടയാളെ തിരിച്ചറിയാൻ കാർത്തിക്കിനെ ചോദ്യംചെയ്തുവരുകയാണ്. വ്യാജനോട്ട് സംഘം സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും ഇത്തരം സംഘത്തെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. ചാമരാജ്‌നഗർ ഈസ്റ്റ് എസ്.ഐ. പുട്ടസ്വാമി, എ.എസ്.ഐ. മദെഗൗഡ, ഹെഡ് കോൺസ്റ്റബിൾമാരായ നാഗ നായക, ശാന്തരാജു, ചന്ദ്ര, കോൺസ്റ്റബിൾമാരായ ബന്ദപ്പ, നിംഗാരജു, അശോക്, വെങ്കടേഷ്, സുരേഷ്, മഹേഷ് എന്നിവരടങ്ങുന്നതാണ് സംഘം.

Slider
Slider
Loading...

Related posts

error: Content is protected !!