ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ്‌ എണ്ണക്കപ്പലില്‍ മലയാളികളും!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

സമുദ്ര നിയമം ലംഘിച്ചതിന്‍റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും ഉള്ളതായി റിപ്പോർട്ട്. കപ്പൽ ജീവനക്കാരായ 23 പേരിൽ 18 പേരും ഇന്ത്യക്കാരാണ്. ഇതിൽ മൂന്നു പേർ മലയാളികളാണെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

എറണാകുളം സ്വദേശികളായ മൂന്നു പേരാണ് കപ്പിലുള്ളത്. കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചനാണ് ഇതിൽ ഒരാൾ. ഡിജോയുടെ പിതാവിനെ കപ്പൽ കമ്പനി ഉദ്യോഗസ്ഥർ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റ് രണ്ട് പേർ എന്നാണ് ഡിജോയുടെ വീട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം.

രണ്ട് ദിവസം മുമ്പ് വരെ ഡിജോയുമായി വീട്ടുകാർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നു. ഒരുമാസം മുമ്പാണ് ഡിജോ ഈ കപ്പലിൽ ജോലിക്ക് കയറിയത്. കപ്പൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ കസ്റ്റഡിയിലാണുള്ളത്.

ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. സൗദി തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് പിടിച്ചെടുത്തെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. കപ്പലിലെ 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കപ്പല്‍ കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. കപ്പല്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്റ്റെനാ ബള്‍ക്ക് അറിയിച്ചു.

അജ്ഞാത ബോട്ടുകളും ഒരു ഹെലികോപ്റ്ററും കപ്പലിനു സമീപത്തെത്തിയ ശേഷമാണ് കപ്പല്‍ പെട്ടെന്ന് ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയതെന്ന് ഉടമകള്‍ അറിയിച്ചു. എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണു കപ്പല്‍ പ്രവര്‍ത്തിക്കുന്നത്. യുകെ, സ്വീഡന്‍ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വരികയാണെന്നും അവര്‍ വ്യക്തമാക്കി.

രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു. മേഖലയില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും അവര്‍ വ്യക്തമാക്കി.

ഇറാനെക്കുറിച്ച് താന്‍ പറഞ്ഞതെല്ലാം ശരിയാണെന്നു തെളിയിക്കുന്നതാണു പുതിയ നടപടികളെന്നു യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ മുമ്പ് പിടികൂടിയിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: