നാരായണ ഹെൽത്ത് സിറ്റിയിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ രണ്ടു ശരീരവും ഒരു ഹൃദയവുമുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തി!!

Loading...

ബെംഗളൂരു: നാരായണ ഹെൽത്ത് സിറ്റിയിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ രണ്ടു ശരീരവും ഒരു ഹൃദയവുമുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തി. മൂന്നുമാസംമുമ്പാണ് പത്തുദിവസം പ്രായമുള്ള സയാമീസ് ഇരട്ടകളെ മൗറീഷ്യസിൽനിന്നു ചികിത്സയ്ക്കായി ഇന്ത്യയിലെത്തിച്ചത്. മൗറീഷ്യസിൽ ചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തതിനാൽ ജീവൻ രക്ഷിക്കാൻ വിദേശത്ത് കൊണ്ടുപോകണമെന്ന് അവിടത്തെ ഡോക്ടർമാർ ആവശ്യപ്പെട്ടതോടെയാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് മൗറീഷ്യസ് സർക്കാർ ചിന്തിച്ചത്.

തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലെ പല ആശുപത്രികളെയും സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. തുടർന്നാണ് കുഞ്ഞുങ്ങളെ ബെംഗളൂരുവിലെത്തിച്ചത്. സാധാരണ നവജാതശിശുക്കളുടേതിനെക്കാൾ ദുർബലമായ ഒറ്റഹൃദയമാണ് സയാമീസ് ഇരട്ടകൾക്കുണ്ടായിരുന്നത്. ഇതോടെ ചികിത്സ കൂടുതൽ സങ്കീർണമായി.

വായിക്കുക:  കാപ്പി ഉൽപാദനത്തിലും ഉപയോഗത്തിലും ഇന്ത്യ മുന്നിൽത്തന്നെ!

ഒറ്റഹൃദയംമാത്രമുള്ളതിനാൽ ഒരു കുഞ്ഞിനെമാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന് മാതാപിതാക്കളെ നേരത്തേ ഡോക്ടർമാർ അറിയിച്ചിരുന്നു. ഒന്നിലധികം ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയത്. ഫെബ്രുവരി 11-നാണ് ആദ്യഘട്ട ശസ്ത്രക്രിയ നടന്നത്. ഹൃദയത്തിൽ സ്റ്റെന്റ് ഘടിപ്പിക്കുകയുംചെയ്തു.

നവജാതശിശുക്കളിൽ സ്റ്റെന്റ് ഘടിപ്പിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. മാർച്ച് 11-നുനടന്ന ശസ്ത്രക്രിയയിലാണ് ഒരു കുഞ്ഞിൽനിന്ന് രണ്ടാമത്തെ കുഞ്ഞിന്റെ ശരീരം വേർപെടുത്തിയത്. രണ്ടുമാസത്തോളം നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്.

ഡോ. ശ്രീഷ ശങ്കർ മേയ, ഡോ. ആഷ്ലി ഡിക്രൂസ്, ഡോ. റിയാൻ ഷെട്ടി, ഡോ. ഗണേഷ് സമ്പന്തമൂർത്തി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

വായിക്കുക:  'ഈറ്റ് കപ്പ്'; പാനീയങ്ങൾ കുടിച്ച ശേഷം ഇനി കഴിച്ച് വിശപ്പു മാറ്റാം!

മൗറീഷ്യസ് സർക്കാരാണ് ചികിത്സയുടെ ചെലവ് വഹിച്ചത്. ഈ മാസം 31-ന് മൗറീഷ്യസ് എയർലൈൻസിന്റെ, പ്രത്യേകം സജ്ജീകരിച്ച വിമാനത്തിൽ കുഞ്ഞിനെ നാട്ടിലെത്തിക്കാനാണ് പദ്ധതി. തിരികെപ്പോകുമ്പോൾ ഒരാൾമാത്രം. എങ്കിലും പിതാവ് ഇയാൻ പാപ്പിലോണിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ-ഒരു കുഞ്ഞിനെയെങ്കിലും ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിനു നന്ദി.

Slider
Slider
Loading...

Related posts