യുവ എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന് സ്വീകരണമൊരുക്കി സഹൃദയ വേദി.

Loading...

ബെംഗളൂരു:യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കും വിധം തന്മയത്വത്തോടെ സാങ്കൽപ്പിക കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കുക എന്നത് എഴുത്തുകാരന്റെ കഴിവാണ് .എന്റെ എഴുത്തും അത്തരത്തിലുള്ളതാണ് .എന്റെ കഥകളും കഥാപാത്രങ്ങളും സങ്കല്പമാണോ യാഥാർഥ്യമാണോ എന്ന്‌ എനിക്കുപോലുമറിയില്ല .കാരണം എഴുതുമ്പോൾ ഞാൻ തികച്ചും മറ്റൊരാളാണ്‌ .എന്റെ സങ്കൽപം വായനക്കാർക്ക്‌ യാഥാർഥ്യമായിത്തോന്നാം;യാഥാർഥ്യം സങ്കല്പമാണെന്നും .ചിലപ്പോൾ യാഥാർഥ്യവും സങ്കല്പവും കൂടിച്ചേർന്ന് മറ്റൊന്നായി രൂപപ്പെടുകയും ചെയ്യും .എഴുത്തിലെ ഈ ടെക്നിക് എന്റെ കണ്ടുപിടുത്തമൊന്നുമല്ല .

ആദ്യകാല നോവലുകൾ എന്നു വിവക്ഷിക്കാവുന്ന മഹാഭാരതത്തിലും രാമായണത്തിലും അതുണ്ട് ..ആ വിദ്യ എന്റേതായ രീതിയിൽ ഞാൻ പ്രയോഗിക്കുന്നു എന്നുമാത്രം …പ്രസിദ്ധ നോവലിസ്‌റ്റും മാതൃഭുമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ സുഭാഷ്‌ ചന്ദ്രൻ അഭിപ്രായപ്പെട്ടു .

ബെംഗളൂരുവിലെ സഹൃദയ വേദി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ആദ്യ നോവലായ ‘മനുഷ്യന്‌ ഒരു ആമുഖം’ ,പുതിയ നോവൽ സമുദ്രശില എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു .മനുഷ്യന്‌ ഒരു ആമുഖം സ്ത്രീവിരുദ്ധ രചനയാണെന്ന ആക്ഷേപമുണ്ടായിരുന്നു .വാസ്തവത്തിൽ അങ്ങനെയല്ല ,ഞാൻ സത്രീവിരുദ്ധനുമല്ല .എന്നിട്ടും വിമർശകർ ആഘോഷിച്ചു .അതിനുളള മറുപടിയാണ് സമുദ്രശില .സ്‌ത്രീകൾ മുമ്പെങ്ങോ എഴുതേണ്ടിയിരുന്ന കാര്യങ്ങൾ അംബ എന്ന മുഖ്യകഥാപാത്രത്തിൽ പരകായപ്രവേശം നടത്തി ഞാനെഴുതുകയാണ് .

സുഭാഷ്‌ ചന്ദ്രൻ എന്ന ഞാൻ നോവലിലെ മറ്റൊരു കഥാപാത്രമാണ് .ഒരു എഴുത്തുകാരന് പുതുതായി എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ തീരുമാനിക്കുന്നത് അയാളുടെ രണ്ടാമത്തെ സൃഷ്ടിയാണെന്ന് പറയാറുണ്ട്‌ .എന്റെ രണ്ടാമത്തെ നോവലും വായനക്കാർ ഏറ്റെടുത്തതിൽ സന്തോഷമുണ്ട് ..അദ്ദേഹം പറഞ്ഞു .സുധാകരൻ രാമന്തളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരത്തിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുത്തു .സമുദ്രശിലയുടെ ഏതാനും കോപ്പികൾ പ്രസാധകരായ മാതൃഭുമി ബുക്‌സ് എത്തിച്ചിരുന്നു .നോവലിന്റെ കോപ്പി ഗ്രന്ഥകാരനിൽ നിന്ന്‌ ഒപ്പിട്ടുവാങ്ങാൻ ആളുകൾ മത്സരിച്ചത് കൗതുകമുണർത്തി .

Slider
Slider
Loading...
വായിക്കുക:  ബി.ജെ.പി പാളയത്തില്‍ ആഹ്ലാദം അലയടിക്കുന്നു; സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിന് അതിരറ്റ പ്രതീക്ഷയുമായി ബി.ജെ.പി!!

Written by 

കേരള ശബ്ദം ആഴ്ചപ്പതിപ്പിന്റെ ബെംഗളൂരു ബ്യുറോ ചീഫ് ആണ് ലേഖകന്‍.നിരവധി ലേഖനങ്ങളും കഥകളും മലയാളത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച്‌ വന്നിട്ടുണ്ട്.കേരള ശബ്ദത്തില്‍ ഇപ്പോള്‍ ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Related posts

error: Content is protected !!