ദേവഗൗഡയുടെയും കുടുംബാംഗങ്ങളുടെയും കൂട്ടക്കരച്ചിലിന്റെ വേദിയായി തിരഞ്ഞെടുപ്പ് പ്രചാരണറാലി!!

ബെംഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാസനിൽ കൊച്ചുമകനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച വേദിയിൽ ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ കരഞ്ഞു. കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നതിൽ എതിർപ്പുയരുന്നത് ചൂണ്ടിക്കാട്ടിയാണ് മുൻ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ വികാരാധീനനായി കരഞ്ഞത്.

ഇതുകണ്ട് വേദിയിലുണ്ടായിരുന്ന മകനും മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയും കൊച്ചുമകൻ പ്രജ്വൽ രേവണ്ണയും കരഞ്ഞു. അങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണറാലി കുടുംബാംഗങ്ങളുടെ കൂട്ടക്കരച്ചിലിന്റെ വേദിയായി. വർഷങ്ങളായി ദേവഗൗഡ വിജയിച്ചുപോന്ന ഹാസൻ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയ്ക്കുവേണ്ടിയാണ് ദേവഗൗഡ ഒഴിഞ്ഞത്.

മൈസൂരുവിലോ ബെംഗളൂരു നോർത്തിലോ മത്സരിക്കുമെന്നാണ് ദേവഗൗഡ അറിയിച്ചത്. മകനും മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ സ്ഥാനാർഥി. ദേവഗൗഡയുടെ മൂന്നാം തലമുറയും ലോക്സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിൽ സജീവമാകുകയാണ്.

വായിക്കുക:  വൈറ്റ് ഫീല്‍ഡിലെയും ബെല്ലണ്ടൂരിലെയും ഐ.ടി.കമ്പനികള്‍ക്ക് എതിരെ തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന രീതിയിലുള്ള വ്യാജ സന്ദേശം പങ്കുവക്കരുത് എന്നാവശ്യപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ്.

മുതിർന്ന രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി രാഷ്ട്രീയത്തിൽ പരിചയക്കുറവുള്ള കൊച്ചുമക്കളെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിക്കുള്ളിലും പുറത്തും പ്രതിഷേധമുണ്ട്. ഇതോടൊപ്പം ജനതാദൾ -എസ് കുടുംബപ്പാർട്ടിയാണെന്ന ആരോപണവും ശക്തമായി. ഇതാണ് ദേവഗൗഡയുടെ കരച്ചിലിനു പിന്നിലെന്നാണ് വിലയിരുത്തുന്നത്.

ഞാൻ പലരേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവർക്കെല്ലാം ജനപിന്തുണ ലഭിക്കുകയും ചെയ്തു. എന്നാൽ, കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതിൽ തെറ്റുകാണുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല -ദേവഗൗഡ പറഞ്ഞു.

വായിക്കുക:  ബിജെപി നേതാവ് അശോകയും കോൺഗ്രസ് വിമത എംഎൽഎമാരും എസ് എം കൃഷ്ണയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി;കൂടെ സുമലതയും; പ്രധാന തീരുമാനങ്ങൾ എടുത്തതായി സൂചന.

ദേവഗൗഡയുടെയും കുടുംബത്തിന്റെയും കൂട്ടക്കരച്ചിലിനെതിരേ ബി.ജെ.പി. രംഗത്തെത്തി. ദേവഗൗഡയുടേത് മുതലക്കണ്ണീരാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ജനങ്ങളുടെ സഹതാപം നേടാനാണ് ദേവഗൗഡ ശ്രമിക്കുന്നത്. എന്നാൽ, ഇത് വിജയിക്കില്ലെന്ന് ബി.ജെ.പി. നേതാവ് ജഗദീഷ് ഷെട്ടാർ പറഞ്ഞു.

തീവ്രവാദി ആക്രമണത്തിൽ സൈനികർ വീരമൃത്യുവരിച്ചപ്പോൾ ദേവഗൗഡ എന്തുകൊണ്ട് കരഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. പ്രതിസന്ധിവരുമ്പോൾ കരച്ചിൽ ആയുധമാക്കുന്നത് ദേവഗൗഡ കുടുംബത്തിന്റെ പതിവ് രീതിയാണ്. ഇതിനുമുമ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പരസ്യമായി കരഞ്ഞിട്ടുണ്ടെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.

Slider
Slider
Loading...

Related posts

error: Content is protected !!