മാണ്ഡ്യയ്ക്കുപിന്നാലെ മൈസൂരു സീറ്റും കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യത്തിന് കീറാമുട്ടിയാകുന്നു.

ബെംഗളൂരു: മാണ്ഡ്യയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കണമെന്ന് നടി സുമലത ആവശ്യപ്പെട്ടത് കോൺഗ്രസിനെയും ജെ.ഡി.എസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൈസൂരു സീറ്റിലും ആശയക്കുഴപ്പം നിലനിൽക്കുന്നത്.

മൈസൂരു സീറ്റിനായി കോൺഗ്രസും ജെ.ഡി.എസ് ഉം ഒരുപോലെ അവകാശവാദങ്ങൾ ഉന്നയിച്ച് രംഗത്തുണ്ട്. മൈസൂരു ജെ.ഡി.എസിന് കൊടുത്താൽ ബി.ജെ.പി. സ്ഥാനാർഥിയുടെ വിജയം എളുപ്പമായിരിക്കുമെന്ന് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ, മൈസൂരു സീറ്റ് കിട്ടിയേ തീരൂവെന്ന പിടിവാശിയിലാണ് ജെ.ഡി.എസ്.

ബി.ജെ.പി.യിലെ പ്രതാപ് സിംഹയാണ് സിറ്റിങ് എം.പി. എന്നാൽ, നടൻ പ്രകാശ്രാജ് നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കുന്നതിനാൽ ഇത്തവണ പ്രതാപ് സിംഹ മത്സരിക്കുന്നകാര്യത്തിൽ തീരുമാനമായിട്ടില്ല. മൈസൂരു സീറ്റ് ജെ.ഡി.എസിന് വിട്ടുനൽകരുതെന്ന് ഡൽഹിയിൽ നടന്ന കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. സി.എച്ച്. വിജയ് ശങ്കർ സ്ഥാനാർഥിയാകണമെന്ന നിർദേശമാണ് സിദ്ധരാമയ്യ മുന്നോട്ടുവെച്ചത്.

വായിക്കുക:  ബയപ്പനഹള്ളിക്ക് സമീപം കാച്ചിഗുഡ എക്സ്പ്രസിന്റെ രണ്ട് ബോഗികള്‍ വേര്‍പെട്ടു;ശുചിമുറി തകര്‍ന്നു;വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്‌!

മൈസൂരു സീറ്റ് കോൺഗ്രസിന്റെ അഭിമാനപ്രശ്നമാണെന്നും സിദ്ധരാമയ്യ കമ്മിറ്റിയിൽ ഉന്നയിച്ചിരുന്നു. സിദ്ധരാമയ്യയുടെ തട്ടകമായ മൈസൂരു ജെ.ഡി.എസിന് വിട്ടുനൽകരുതെന്നാണ് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം. അതിനിടെ, കോൺഗ്രസ്-ജെ.ഡി.എസ്. സീറ്റുവിഭജനം രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കി.

വായിക്കുക:  മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ ട്രാൻസ്പോർട്ട് കോർപറേഷനായി കർണാടക ആർ.ടി.സി;മൂന്നാറിലേക്ക് സ്ലീപ്പർ സർവ്വീസുകൾ പ്രഖ്യാപിച്ചു.

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ചർച്ചചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ഡൽഹിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്നു. സ്ഥാനാർഥിപ്പട്ടികയിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമാകുമെന്നാണ് സൂചന.

Slider
Slider
Loading...

Related posts

error: Content is protected !!