“പ്രെസെന്റ് സാർ”; മുങ്ങിയ വിമത എം.എൽ.എ.മാർ സഭയിൽ പൊങ്ങി!!

ബെംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കിയ കോൺഗ്രസിലെ നാല് വിമത എം.എൽ.എ.മാർ രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര എന്നിവരും ജെ.ഡി.എസിലെ നാരായണഗൗഡ എം.എൽ.എ.യും ബുധനാഴ്ച ബജറ്റ് സമ്മേളനത്തിനെത്തി. മുംബൈയിൽനിന്ന് ചൊവ്വാഴ്ച രാത്രിയാണ് വിമതർ ബെംഗളൂരുവിൽ മടങ്ങിയെത്തിയത്.

ധനബിൽ അവതരിപ്പിക്കുമ്പോൾ അനുകൂലിച്ച് വോട്ടുചെയ്യുമെന്നും വിമതർ അറിയിച്ചു. ഇതോടെ ബജറ്റ് സമ്മേളനം പ്രതിസന്ധിയില്ലാതെ പൂർത്തിയാക്കാൻ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിന് കഴിയുമെന്നുറപ്പായി. ബജറ്റ് സമ്മേളനത്തിൽനിന്ന് വിട്ടുനിന്ന കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി അംഗം ആർ. ശങ്കർ, സ്വതന്ത്രൻ എൻ. നഗേഷ് എന്നിവരും നിയമസഭയിലെത്തി.

വിമത എം.എൽ.എ.മാരെ ഒരു മാസത്തോളം മുംബൈയിൽ രഹസ്യമായി താമസിപ്പിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി. നീക്കം നടത്തിയെന്നാണ് ആരോപണം. അട്ടിമറിനീക്കം പാളിയതോടെയാണ് എം.എൽ.എ.മാർ മടങ്ങാൻ തയ്യാറായത്. ഇതോടൊപ്പം കോൺഗ്രസിന്റെ അനുനയനീക്കവും മടക്കയാത്രയ്ക്ക് സഹായകരമായി.

വായിക്കുക:  റെയ്ഡിനു പിന്നാലെ മുൻ ഉപമുഖ്യമന്ത്രി ഡോ:ജി.പരമേശ്വരയുടെ പി.എ.യെ മരിച്ച നിലയിൽ കണ്ടെത്തി.

അസുഖത്തെത്തുടർന്നാണ് നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് മഹേഷ് കുമത്തല്ലി പറഞ്ഞു. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും ആരും കോൺഗ്രസിൽനിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭക്ഷ്യവിഷബാധയെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് നാരായണഗൗഡ പറയുന്നത്. ബജറ്റ് സമ്മേളനത്തിൽനിന്ന് വിട്ടുനിന്നതിനുള്ള വിശദീകരണം പാർട്ടി നേതൃത്വത്തിന് നൽകിയിട്ടുണ്ടെന്നും ഉമേഷ് ജാദവ് പറഞ്ഞു. എന്നാൽ, രമേശ് ജാർക്കിഹോളിയും ബി. നാഗേന്ദ്രയും പ്രതികരിക്കാൻ തയ്യാറായില്ല.

കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് നടപടി സ്വീകരിച്ചാൽ ആറുവർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല. വിപ്പ് ലംഘിച്ച് ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നാല് വിമതരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കർ കെ.ആർ. രമേശ് കുമാറിന് കത്തുനൽകിയിരുന്നു. വിമതർ തിരിച്ചെത്തിയതിനാൽ അച്ചടക്കനടപടി കോൺഗ്രസ് ഉപേക്ഷിക്കും.

വായിക്കുക:  തെരുവു നായയുടെ വാലിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച 3 യുവാക്കൾ അറസ്റ്റിൽ.

ഒത്തുതീർപ്പനുസരിച്ച് രമേശ് ജാർക്കിഹോളിയെ ബെലഗാവി ജില്ലയുടെ ചുമതലയുള്ള മന്ത്രിയാക്കുമെന്നാണ് അറിയുന്നത്. കോൺഗ്രസും ദളും നടത്തിയ തന്ത്രപരമായ നീക്കമാണ് സർക്കാരിന് ജീവൻ നൽകിയത്. ശബ്ദരേഖ സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച എസ്.ഐ.ടി. അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിയസഭാസമ്മേളനം മൂന്നാം ദിവസവും തടസ്സപ്പെടുത്തി.

Slider
Loading...

Related posts