ബെംഗളൂരുവിലെ നിരത്തുകളില്‍ ഓരോ വര്‍ഷവും പൊലിയുന്നത് 700 ജീവനുകള്‍!!

Loading...

ബെംഗളൂരു: ബെംഗളൂരുവിലെ നിരത്തുകളില്‍ ഓരോ വര്‍ഷവും പൊലിയുന്നത് ശരാശരി 700 ജീവനുകള്‍. ബെംഗളൂരു നഗരപരിധിയില്‍ ദിവസേന ശരാശരി 15 അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. വാഹനാപകടങ്ങളുടെ കാര്യത്തില്‍ ചെന്നൈക്കും ഡല്‍ഹിക്കും പിന്നില്‍ ബെംഗളൂരു മൂന്നാമത്.

ഡ്രൈവര്‍മാരുടെ അനാസ്ഥ, റോഡുനിര്‍മാണത്തിലെ പിഴവ്, റോഡുകളുടെ മോശം അവസ്ഥ, അശാസ്ത്രീയമായി നിർമിച്ച ഹമ്പുകൾ അങ്ങനെ നീളുന്നു കാരണങ്ങൾ. റോഡുകളുടെ മോശം രൂപകല്‍പ്പനയാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് നഗരവികസന വിദഗ്ധര്‍ പറയുന്നു. വളവുകളിലും മറ്റും ഡ്രൈവര്‍ക്ക് കൃത്യമായി കാണാനാകാത്ത വിധമാണ് പലയിടത്തും റോഡ് നിര്‍മിച്ചിട്ടുള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഇരുചക്രവാഹനങ്ങളുടെ അതിവേഗവും അപകടത്തിനിടയാക്കുന്നു. അശാസ്ത്രീയമായ ഹംപ് നിര്‍മാണവും അപകടത്തിനിടയാക്കുകയാണ്.

വായിക്കുക:  'റിലാക്സേഷൻ' മൂഡിൽ യെദ്യൂരപ്പ; റിസോർട്ടിൽ ക്രിക്കറ്റ് കളി തകർക്കുന്നു!!

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പോലീസിന് ആഭ്യന്തരമന്ത്രി എം.ബി. പാട്ടീല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി എല്ലാവര്‍ഷവും പോലീസ് റോഡ് സുരക്ഷാവാരാചരണം സംഘടിപ്പിക്കാറുണ്ട്. നഗരത്തില്‍ 47 അപകടമേഖലകള്‍ ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍മാത്രം വര്‍ഷത്തില്‍ ശരാശരി അഞ്ച് വലിയ അപകടങ്ങളുണ്ടാകുന്നുണ്ട്. ഔട്ടര്‍ റിങ് റോഡ്, ഹൊസൂര്‍ റോഡ്, മൈസൂരു റോഡ്, നൈസ് റോഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകടമേഖലകളുള്ളത്.

അപകടസാധ്യതാ മേഖലയായി ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുള്ളത് കോറമംഗല ഇന്നര്‍ റിങ് റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, ടങ്ക് ബണ്ട് റോഡ്, ജി.ടി. റോഡ്, മൈസൂരു റോഡ്, ഹൊസൂര്‍ മെയിന്‍ റോഡ്, വര്‍ത്തൂര്‍ ലേക്ക് റോഡ്, ഔട്ടര്‍ റിങ് റോഡ് (എയര്‍പോര്‍ട്ട് റോഡ്, എച്ച്.എസ്.ആര്‍. ലേഔട്ട്, ബി. നാരായണപുര, രാമമൂര്‍ത്തിനഗര്‍), ആര്‍.എം.സി. യാര്‍ഡ്, നവയുഗ ടോള്‍, ചൊക്കസാന്ദ്ര ജങ്ഷന്‍, ചാമരാജ്പേട്ട് തേഡ് മെയിന്‍ റോഡ്, മിനര്‍വ സര്‍ക്കിള്‍, കലാസിപാളയ മെയിന്‍ റോഡ്, ജെ.പി. നഗര്‍ സിക്സ്ത് ഫേസ്, നൈസ് റോഡ്, നാഗെഗൗഡനപാളയ, സോംപുര ലേക്ക്, യോഗേശ്വരനഗര്‍ ക്രോസ്, എം.വി.ഐ.ടി. ജങ്ഷന്‍, ബെട്ടഹലസൂര്‍ ജങ്ഷന്‍, മീനുകുണ്ടെ, കണ്ണമംഗലപാളയ ഗേറ്റ്, ജക്കൂര്‍ എയ്റോഡ്രം, പാലനഹള്ളി ഗേറ്റ് തുടങ്ങിയവയാണ്.

Slider
Slider
Loading...

Related posts

error: Content is protected !!