ഉത്തര കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വീണ്ടും തിരിച്ചടി! ബസിടിച്ച് ആന ചെരിഞ്ഞ സംഭവത്തോടെ ബന്ദിപ്പൂരിനു പിന്നാലെ നാഗർഹൊളെ വനപാതയിലും രാത്രിയാത്രാ നിരോധനത്തിന് സാദ്ധ്യത.

ബെംഗളൂരു: നാഗർഹോള ദേശീയോദ്യാനത്തിന് സമീപം ആന ബസിടിച്ച് ചരിഞ്ഞ സംഭവത്തെ ത്തുടർന്ന് വനമേഖലയിലെ റോഡുകളിൽ കൂടുതൽ നിയന്ത്രണത്തിന്കർണാടക വനം വകുപ്പിന്റെ നിർദ്ദേശം. വാഹനങ്ങളുടെ വേഗത കുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്ര നിരോധനം കർശനമായി നിലനിർത്തുകയും വേണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്ര നിരോധനം നീക്കാനുള്ള കേരളത്തിന്റെ ശ്രമത്തിനും ബസിടിച്ച് ആന ചരിഞ്ഞ സംഭവം തിരിച്ചടിയാകും.

ആന ചരിഞ്ഞ സംഭവത്തെത്തുടർന്ന് രാത്രി യാത്ര നിരോധനത്തിൽ ഇളവ് വരുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി എച്ച.് ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു. വനമേഖലയിൽ രാത്രി വാഹനങ്ങൾ കടത്തിവിടുന്നതിനെ അനുകൂലിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്ര നിരോധനത്തിന് ഇളവ് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിരോധനം നീക്കാൻ ബന്ദിപ്പൂർ വഴിയുള്ള 25 കിലോമീറ്റർ പാതയിൽ അഞ്ചിടങ്ങളിൽ മേൽപ്പാലം നിർമിക്കണമെന്ന കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശവും സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നാലാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ കർണാടകം നിലപാട് കൂടുതൽ കടുപ്പിക്കാൻ ആന ചെരിഞ്ഞ സംഭവം ഇടയാക്കും.

വായിക്കുക:  കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നഗരത്തിൽ കൂടുതൽ കാൽനട മേൽപ്പാലങ്ങൾ നിർമിക്കുന്നു!

വന്യമൃഗങ്ങൾ സഞ്ചരിക്കാൻ സാധ്യതയുള്ള റോഡുകൾ കണ്ടെത്താൻ വനം വകുപ്പിന് സർക്കാർ നിർദ്ദേശം നൽകി. ഇത്തരം റോഡുകളിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വീരാജ് പോട്ട- ബെംഗളൂരു പാതയിൽ കുടുതൽ സ്പീഡ് ബ്രെയ്ക്കർ സ്ഥാപിക്കുമെന്ന് വനം മന്ത്രി ആർ. ശങ്കർ പറഞ്ഞു.ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്ര നിരോധനത്തിൽ ഇളവ് വരുത്തരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക:  ബെംഗളൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് 13 പവൻ സ്വർണ്ണവും 5 ലക്ഷം രൂപയും കാറും കവർന്നു;എം.ബി ആശുപത്രി ഉടമയുടെ മകൻ ആദിൽ യാഷിദ് ഉൾപ്പടെ 4 പേര്‍ക്കെതിരെ കേസ്.

ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്ര നിരോധനത്തെ കർണാടകവും തമിഴനാടും അംഗീകരിച്ചിട്ടുണ്ടെന്നും കേരളമാണ് എതിർക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബസിടിച്ച് ആന ചരിഞ്ഞ സംഭവം ഗൗരവമായി കാണണം. നാഗർഹോള, ബന്ദിപ്പൂർ വനമേഖലയിൽ ആനകൾ അടക്കമുള്ള വന്യമൃഗങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്.

ആന ചരിഞ്ഞ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വനം വകുപ്പും കേസെടുക്കും. ദസറ ആഘോഷത്തിനായി കർണാടക വനം വകുപ്പ് പരിശീലിപ്പിച്ച രംഗ എന്ന പേരുള്ള ആനയാണ് കണ്ണൂരിൽനിന്ന്‌ ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിടിച്ച് ചരിഞ്ഞത്. പരിശീലന കേന്ദ്രത്തിൽനിന്ന്‌ ചങ്ങല അഴിച്ചുവിട്ട ആന പുലർച്ചെ റോഡിൽ നിൽക്കുമ്പോഴാണ് ബസ് ഇടിച്ചിട്ടത്.

Slider
Slider
Loading...

Related posts

error: Content is protected !!