ഉപതിരഞ്ഞെടുപ്പിൽ സീറ്റ് വീതംവെക്കുന്നതിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത.

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിൽ സീറ്റ് വീതംവെക്കുന്നതിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത. രാമനഗര, മാണ്ഡ്യ മണ്ഡലങ്ങൾ ജനതാദൾ -എസിന് വിട്ടുകൊടുക്കുന്നതിലാണ് പ്രാദേശിക നേതൃത്വത്തിന് എതിർപ്പ്.

ഉപതിരഞ്ഞെടുപ്പ് ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ രാമനഗരയിൽ കോൺഗ്രസ് മത്സരിക്കണമെന്നാണ് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടത്. പാർട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരുടെ സാന്നിധ്യത്തിലാണ് ചർച്ച നടന്നത്. രാമനഗരയിൽ കോൺഗ്രസിന് ശക്തമായ സ്വാധീനമുണ്ടെന്നും സീറ്റ് വിട്ടുകൊടുക്കുന്നതിൽ പ്രവർത്തകർക്ക് എതിർപ്പുണ്ടെന്നും പ്രാദേശിക നേതാക്കൾ അറിയിച്ചു.

വായിക്കുക:  അന്തര്‍സംസ്ഥാന ബൈക്ക് മോഷണസംഘം കേരളാ പൊലീസിന്റെ പിടിയിൽ!

സ്ഥാനാർഥിയെ നിർത്തണമെന്ന് കോൺഗ്രസ് നേതാവും എം.എൽ.സി.യുമായ ലിംഗപ്പ ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 69,000 വോട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാണ്ഡ്യ ലോക്‌സഭ മണ്ഡലം വിട്ടുകൊടുക്കുന്നതിലും പ്രാദേശിക നേതാക്കൾക്ക് അതൃപ്തിയുണ്ട്. രണ്ടുദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാനാണ് തീരുമാനം. അതേസമയം, ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിഷമിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജനതാദൾ -എസ് വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസിനെ ബുദ്ധിമുട്ടിക്കില്ലെന്നും മാണ്ഡ്യ മാത്രമാണ് ലക്ഷ്യംവെക്കുന്നതെന്നും ജനതാദൾ -എസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി പറഞ്ഞു. മാണ്ഡ്യയിൽ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയെ സ്ഥാനാർഥിയാക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമനഗരയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി മത്സരിക്കും. ഒക്ടോബർ 11-ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ബി.ജെ.പി.യും സ്ഥാനാർഥിനിർണയ ചർച്ചയിലാണ്. ശിവമോഗയിൽ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര സ്ഥാനാർഥിയാകും. എന്നാൽ, മറ്റു മണ്ഡലങ്ങളിൽ തീരുമാനമായിട്ടില്ല.

Slider

Related posts

error: Content is protected !!